thiruvananthapuram local

കടകംപള്ളിയില്‍ വീണ്ടും ഭൂമിതട്ടിപ്പിനു ശ്രമം; തണ്ടപ്പേര്‍ രജിസ്റ്ററില്‍ കൃത്രിമം നടത്തി

തിരുവനന്തപുരം: കടകംപള്ളി വില്ലേജില്‍ വീണ്ടും ഭൂമിതട്ടിപ്പിനു ശ്രമം നടന്നതായി ആക്ഷേപം. തണ്ടപ്പേര്‍ രജിസ്റ്ററില്‍ കൃത്രിമം കാണിച്ച് ഭൂമി തട്ടാന്‍ ശ്രമം നടന്നതായി വില്ലേജ് ഓഫിസര്‍ ജില്ലാ കലക്ടര്‍ക്ക് റിപോര്‍ട്ട് നല്‍കി. ശൂന്യതണ്ടപ്പേരില്‍ വിവരങ്ങള്‍ എഴുതിച്ചേര്‍ത്താണ് തട്ടിപ്പുശ്രമം നടന്നത്. സംഭവത്തില്‍ റവന്യൂവകുപ്പില്‍ നിന്നു വിശദമായ അന്വേഷണമോ നടപടിയോ ഉണ്ടായിട്ടില്ല. മുമ്പ് വിവാദമായ കടകംപള്ളി ഭൂമിതട്ടിപ്പിനു സമാനമായ രീതിയിലാണ് കടകംപള്ളി വില്ലേജില്‍ മറ്റൊരു തട്ടിപ്പ് കൂടി അരങ്ങേറിയത്.
ശൂന്യതണ്ടപ്പേരില്‍ വ്യാജ സര്‍വേ നമ്പറുകള്‍ ചേര്‍ത്ത് നടത്തിയ തട്ടിപ്പ് കണ്ടെത്തിയത് കടകംപള്ളിയിലെ വില്ലേജ് ഓഫിസര്‍ തന്നെയാണ്. 3512, 7381, 426, 21792 എന്നീ ശൂന്യതണ്ടപ്പേരുകളില്‍ വ്യാജ സര്‍വേ നമ്പറുകള്‍ എഴുതിച്ചേര്‍ത്തതായി വില്ലേജ് ഓഫിസര്‍ ബി മനോഹരന്‍ തമ്പി ജില്ലാ കലക്ടര്‍ക്കു നല്‍കിയ റിപോര്‍ട്ടില്‍ പറയുന്നു. ഈ സര്‍വേ നമ്പറുകളിലുള്ള വസ്തുക്കള്‍ക്ക് കരം സ്വീകരിച്ചുവെന്ന കണ്ടെത്തലും റിപോര്‍ട്ടിലുണ്ട്. പോക്കുവരവിനുള്ള അപേക്ഷ ലഭിച്ചപ്പോഴാണ് വില്ലേജ് ഓഫിസര്‍ കൃത്രിമം കണ്ടെത്തുകയും അക്കാര്യം കലക്ടറെ അറിയിക്കുകയും ചെയ്തത്. എന്നാല്‍, 2014 ഡിസംബര്‍ 18ന് റിപോര്‍ട്ട് നല്‍കിയെങ്കിലും ഇതുവരെ ക്രമക്കേട് നടത്തിയവരെ കണ്ടെത്തിയിട്ടില്ല.
3512, 7381 എന്നീ തണ്ടപ്പേരുകള്‍ ഒരേ കൈയക്ഷരത്തില്‍ എഴുതിച്ചേര്‍ത്തവയാണ്. 426, 21792 എന്നിവയും ഒരേ കൈയക്ഷരത്തിലുള്ളവയാണ്. നികുതി ഒടുക്കുന്ന വിവരം ചേര്‍ക്കുന്ന പേജില്‍ ആദ്യം രസീത് എഴുതിയത് ആരാണെന്നു പരിശോധിച്ചാല്‍ കൃത്രിമം നടത്തിയവരെ അറിയാനാവുമെന്നും റിപോര്‍ട്ടില്‍ പറയുന്നു. ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ മിഷനില്‍ പരിശോധന നടത്തിയാലും ഇതു കണ്ടെത്താനാകുമെന്നും ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാല്‍, പരിശോധന നടത്തി കുറ്റക്കാരെ കണ്ടെത്താന്‍ ജില്ലാ കലക്ടറുടെ ഭാഗത്തുനിന്നോ റവന്യൂ വകുപ്പില്‍ നിന്നോ ശ്രമമുണ്ടായിട്ടില്ല. ഇക്കാര്യത്തില്‍ വിജിലന്‍സിന് സ്വകാര്യ വ്യക്തി പരാതി നല്‍കിയെങ്കിലും അന്വേഷണം നടന്നതുമില്ല. മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജ് പ്രതിയായ കടകംപള്ളി ഭൂമിതട്ടിപ്പു കേസില്‍ സിബിഐ അന്വേഷണം നടക്കുന്നതിനിടെയാണ് കടകംപള്ളിയില്‍ വീണ്ടുമൊരു തട്ടിപ്പ് റിപോര്‍ട്ട് ചെയ്യപ്പെടുന്നത്. കടകംപള്ളി വില്ലേജ് പരിധിയില്‍ 18 സര്‍വേ നമ്പറുകളിലായുള്ള 44.5 ഏക്കര്‍ സ്ഥലം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നാണ് ഈ കേസ്.
Next Story

RELATED STORIES

Share it