Alappuzha local

കഞ്ഞിക്കുഴിക്ക് നാല് അവാര്‍ഡുകള്‍

മാരാരിക്കുളം: കൃഷി വകുപ്പിന്റെ പച്ചക്കറി വികസന പദ്ധതിയില്‍ കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്തിന് നാല് കാര്‍ഷിക അവാര്‍ഡുകള്‍. എസ്എന്‍ പുരം കുട്ടന്‍ചാലില്‍ കെ പി ശുഭകേശന്‍ ജില്ലയിലെ മികച്ച രണ്ടാമത്തെ കര്‍ഷകനുള്ള പുരസ്‌കാരം നേടി. മായിത്തറ പാപ്പറമ്പില്‍ പി എസ് സാനുമോന്‍ മികച്ച മുന്നാമത്തെ കര്‍ഷകനുള്ള പുരസ്‌കാരം നേടി. ചാലുങ്കല്‍ ഹരിത ലീഡര്‍ സംഘം ജില്ലയിലെ രണ്ടാമത്തെ മികച്ച പച്ചക്കറി ക്ലസ്റ്ററായും തിരഞ്ഞെടുത്തു.
ചാരമംഗലം ഡിവിഎച്ച്എസ്എസിലെ മുഹമ്മ ഗുരുകൃപയില്‍ എസ് നിഖില്‍ ജില്ലയിലെ മികച്ച രണ്ടാമത്തെ വിദ്യാര്‍ത്ഥി കര്‍ഷകനുമായി. ജില്ലയിലെ മികച്ച രണ്ടാമത്തെ കര്‍ഷകനായ കെ പി ശുഭകേശന്‍ നാടന്‍ പച്ചക്കറി വിത്തുകളുടെ സംരക്ഷകനാണ് . വിത്ത് ഉല്‍പാദനത്തിന് വേണ്ടിയാണ് ഈ യുവാവ് കൃഷി ചെയ്യുന്നത്. ക്യാരറ്റ്, കോളീ ഫഌവര്‍,കാബേജ്, സവോള,ഉള്ളി തുടങ്ങിയ ശീതകാല പച്ചക്കറി വിളകള്‍ വരെ ശുഭകേശന്‍ വിജയകരമായി കൃഷി ചെയ്തു. ഇത്തവണ കഞ്ഞിക്കുഴി ,മാരാരിക്കുളം വടക്ക് ഗ്രാമപ്പഞ്ചായത്തുകളിലായി 15 ഏക്കര്‍ സ്ഥലത്ത് കൃഷി ചെയ്യുന്നുണ്ട്. ഭൂമി പാട്ടത്തിനെടുത്താണ് കൃഷി ചെയ്യുന്നത്. ജൈവ മാര്‍ഗത്തിലൂടെ കൃഷി ചെയ്യുന്ന ശുഭകേശന്‍ മരുന്ന തളിക്കുന്ന സ്‌പ്രേയര്‍ പോലുമില്ല. കഞ്ഞിക്കുഴി പയറിന്റെ മുഖ്യ പ്രചാരകനാണ്. ഭാര്യ ലതിക മകള്‍ ശ്രുതിലയ. ജില്ലയിലെ മികച്ച മൂന്നാമത്തെ കര്‍ഷകനായ പി എസ് സാനുമോന്‍ സമ്മിശ്ര ജൈവ കര്‍ഷകനാണ്. ജൈവ പച്ചക്കറികൃഷിക്കൊപ്പം, മല്‍സ്യ കൃഷിയും, കോഴി വളര്‍ത്തലും ഉണ്ട്. എല്ലാത്തരം പച്ചക്കറി വിളകളും ഉല്‍പാദിപ്പിച്ച് സ്വന്തമായി വിറ്റഴിക്കുകയാണ്. ഗൗരാമി, കാരി, വരാല്‍, തിലോപ്പിഎന്നിവയാണ് വളര്‍ത്തുന്നത്. നാടന്‍ നെയ്കുമ്പളം കൂടുതലായി കൃഷി ചെയ്യുന്ന കര്‍ഷകനാണ്.
ദേശീയപാതയില്‍ തിരുവിഴയിലാണ് സാനുമോന്റെ പച്ചക്കറി വിപണന കേന്ദ്രം. ഭാര്യ അനിത കെ ഇ കാര്‍മല്‍ സ്‌കൂള്‍ അധ്യാപിക) മകള്‍ അമേയ. അഭിഷേക് ചാരമംഗലം ഡിവിഎച്ച് എസ്എസി ലെ പ്ലസ്ടു വിദ്യാര്‍ഥിയായിരുന്ന നിഖില്‍ വീട്ടില്‍ മികച്ച അടുക്കളത്തോട്ടം തയ്യാറാക്കിയാണ് പുരസ്‌കാരം നേടിയത്. വീടിന്റെ പൂമുഖത്തായിരുന്നു പച്ചക്കറികൃഷി. കഞ്ഞിക്കുഴി വനസ്വര്‍ഗം ഗുരുകൃപയില്‍ ശശികുമാറിന്റെയും, ബിജിമോളുടെയും മകനാണ്. കഞ്ഞിക്കുഴി 17, 15 വാര്‍ഡിലെ 71 കര്‍ഷകരാണ് ചാലുങ്കല്‍ ഹരിത സംഘത്തിലുള്ളത്.
കര്‍ഷകര്‍ക്ക് ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാന്‍ കണിച്ചുകുളങ്ങരയില്‍ ജൈവ പച്ചക്കറി വിപണന കേന്ദ്രം ഉണ്ട്. പച്ചക്കറി ഉല്‍പാദനം കൂടിയപ്പോള്‍ അസംസ്‌കൃത ഉല്‍പന്നങ്ങളുടെ നിര്‍മ്മാണം തുടങ്ങി. വെള്ളരി സോപ്പും,ചീര സ്‌ക്വാഷും, പച്ചക്കറി അച്ചാറുകളും പുതിയ കാല്‍വെപ്പായി. സംഘത്തിന് മാതൃകാ ജൈവപച്ചക്കറി തോട്ടവും ഉണ്ട്. ടി കെ ചിദംബരന്‍ പ്രസിഡന്റും, ടി ജി സോമശേഖരന്‍ നായര്‍ ഖജാന്‍ജിയും ആര്‍ സദാനന്ദന്‍ വൈസ് പ്രസിഡന്റുമായുള്ള ഭരണസമതിയാണ് സംഘത്തെ നയിക്കുന്നത്.
Next Story

RELATED STORIES

Share it