palakkad local

കഞ്ചിക്കോട് കോച്ച് ഫാക്ടറി : രൂപരേഖയായില്ലെന്ന് അധികൃതര്‍

പാലക്കാട്: കഞ്ചിക്കോട് കോച്ച് ഫാക്ടറി സ്ഥാപിക്കല്‍ വൈകാന്‍ പ്രധാന കാരണം കേന്ദ്രസര്‍ക്കാരും റെയില്‍വേ ബോര്‍ഡും നയപരമായ തീരുമാനം എടുക്കാത്തത്. പദ്ധതി പൊതു സ്വകാര്യ പങ്കാളിത്ത സംരംഭകത്വം(പിപിപി) അടിസ്ഥാനത്തില്‍ വേണമെന്ന് കേന്ദ്രം തീരുമാനിച്ചെങ്കിലും ഏത് തരത്തിലുള്ള കോച്ചാണ് നിര്‍മിക്കേണ്ടതെന്ന കാര്യത്തില്‍ ഇനിയും രൂപരേഖയായില്ലെന്ന് ഡിവിഷന്‍ അധികൃതര്‍ അറിയിച്ചു.
പദ്ധതിക്കായി നേരത്തെ രണ്ടുവട്ടം ടെന്‍ഡര്‍ വിളിച്ചെങ്കിലും സ്വകാര്യ സംരഭകര്‍ മുന്നോട്ട് വന്നില്ല. പിന്നീട് ഒരു ചൈനീസ് കമ്പനി ചര്‍ച്ചയ്ക്ക് തയ്യാറായെങ്കിലും സര്‍ക്കാരിന് ഇത് സ്വീകാര്യമായില്ല. പൊതുമേഖലാ സ്ഥാപനമായ സെയില്‍ താല്പര്യം പ്രകടിപ്പിച്ചെങ്കിലും ബോഡി നിര്‍മ്മിക്കുന്നത് സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ റെയില്‍വേ ബോര്‍ഡോ കേന്ദ്രസര്‍ക്കാരോ തീരുമാനം വ്യക്തമാക്കിയിട്ടില്ല.
കോച്ച് ക്ഷാമം രൂക്ഷമാണെന്ന് സമ്മതിക്കുന്ന റെയില്‍വേ അധികൃതര്‍ പദ്ധതി ലാഭമാകില്ലെന്ന നിലപാടിലല്ല. എന്നാല്‍ പിപിപി പദ്ധതി വേണമെന്നാണ് കാബിനറ്റ് തീരുമാനം. ഹൈസ്പീഡ്, മീഡിയം സ്പീഡ് വിഭാഗമായ തേജസ്, ഡബിള്‍ ഡക്കര്‍, മെമു, മെട്രോ തുടങ്ങി വിവിധങ്ങളായ നിരവധി കോച്ചുകള്‍ ബഡ്ജറ്റ് പ്രഖ്യാപനങ്ങളനുസരിച്ച് വരും വര്‍ഷങ്ങളില്‍ റെയില്‍വേയ്ക്ക് ട്രാക്കിലിറക്കേണ്ടതുണ്ട്. ഇവയില്‍ ചിലത് സ്റ്റീല്‍ കോച്ചുകളും മറ്റുചിലവ അലുമിനിയം കോച്ചുകളുമാണ്.
ഇതില്‍ ഏതുതരം കോച്ച് നിര്‍മ്മിക്കാനുള്ള ഫാക്ടറിയാണ് കഞ്ചിക്കോട്ട് സ്ഥാപിക്കേണ്ടതെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനം കൈവരാത്തതാണ് പദ്ധതി അനിശ്ചിതമായി വൈകുന്നതിന് കാരണമെന്ന് പാലക്കാട് ഡിവിഷന്‍ മാനേജര്‍ ആനന്ദ് പ്രകാശ് അറിയിച്ചു. രാജ്യത്ത് സ്റ്റീല്‍ ബോഡി നിര്‍മ്മാണ സാങ്കേതിക വിദ്യ മാത്രമേ ഇപ്പോളുള്ളൂ. അലുമിനിയം ബോഡി നിര്‍മ്മിക്കുന്നതിന് വിദേശ പങ്കാളിത്തം ആവശ്യമാണ്. ഇതിന് യൂറോപ്യന്‍ രാജ്യങ്ങളുമായോ അമേരിക്കയുമായോ കരാറുണ്ടാക്കണം. ഇക്കാര്യങ്ങള്‍ കേന്ദ്രമോ റെയില്‍വേ ബോര്‍ഡോ ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ല. ബഡ്ജറ്റില്‍ അടിസ്ഥാ സൗകര്യ വികസനത്തിന് ഒരു കോടി അനുവദിച്ചതായും തുടര്‍ ചര്‍ച്ചകള്‍ക്ക് ശേഷം സ്‌പെഷ്യല്‍ പാക്കേജായി കൂടുതല്‍ തുക നീക്കിവയ്ക്കാന്‍ സാധിക്കുമെന്നും ഡിവിഷന്‍ അധികൃതര്‍ പറയുന്നുണ്ടെങ്കിലും അടിസ്ഥാന കാര്യങ്ങളില്‍ വ്യക്തത കൈവരാത്തിടത്തോളം കാലം കോച്ച് ഫാക്ടറി ചുവപ്പുനാടയില്‍ കുടുങ്ങിക്കിടക്കും.
Next Story

RELATED STORIES

Share it