Pathanamthitta local

കഞ്ചാവ് വേട്ടയ്‌ക്കെത്തിയ പോലിസ് ഉദ്യോഗസ്ഥനെ കൊലക്കേസ് പ്രതി വെട്ടിപ്പരിക്കേല്‍പ്പിച്ചു

പത്തനംതിട്ട: കഞ്ചാവ് വേട്ടയ്‌ക്കെത്തിയ സിവില്‍ പോലിസ് ഓഫിസറെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം കൊലക്കേസ് പ്രതി ഓടി രക്ഷപെട്ടു. ജില്ലാ പോലിസ് മേധാവിയുടെ ഷാഡോ പോലിസിലെ സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ കുണ്ടറ മുളവന പേരയില്‍ വില്‍സണ്‍ (48) നാണ് പരിക്കേറ്റത്. തലയ്ക്കും വലത് കൈക്കും ഗുരുതരമായി പരിക്കേറ്റ വില്‍സണ്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.
പ്രതി മലയാലപ്പുഴ മൈലാടുപാറ സ്വദേശി പ്രസാദ് ആക്രമണ ശേഷം ഓടി രക്ഷപ്പെട്ടു. പോലിസുകാര്‍ പിന്‍തുടര്‍ന്നെങ്കിലും പ്രസാദിനെ പിടികൂടാനായില്ല. ഇന്നലെ രാവിലെ 11.30 നാണ് സംഭവം. കൊലക്കേസ് ഉള്‍പ്പടെ നിരവധി മോഷണ, ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പ്രസാദ് രണ്ട് മാസം മുമ്പാണ് ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. പത്തനംതിട്ട, കോന്നി, ആറന്‍മുള , ചെങ്ങന്നൂര്‍ സ്‌റ്റേഷന്‍ പരിധികളിലായി നിരവധി കേസുകളും ഇയാള്‍ക്കെതിരേയുണ്ട്. നിലവില്‍ വാറണ്ട് പ്രതികൂടിയായ വില്‍സണ്‍ കഞ്ചാവ് വില്‍പന നടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ജില്ലാ പോലിസ് മേധാവി ടി നാരായണന്റെ നിര്‍ദേശ പ്രകാരം ഷാഡോ പോലിസ് അംഗങ്ങളായ എസ് രാധാകൃഷ്ണന്‍, വല്‍സണ്‍, അജി സാമുവേല്‍, അനുരാഗ് എന്നിരുള്‍പ്പെടുന്ന സംഘം മൈലാടുപാറയിലെ വീട്ടില്‍ എത്തിയത്.
പോലിസുകാരെ തിരിച്ചറിഞ്ഞ പ്രസാദ് രക്ഷപ്പെടാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. നാല് വശങ്ങളില്‍ നിന്നും വളഞ്ഞതിനെ തുടര്‍ന്ന് പോലിസിനെ ആക്രമിക്കുകയായിരുന്നു. പോലിസ് വലയില്‍ നിന്നു കുതറി ഓടിയെ പ്രസാദിനെ വില്‍സണ്‍ പിന്‍തുടര്‍ന്ന് പിടികൂടുകയായിരുന്നു.
എന്നാല്‍ കുതറി മാറിയ പ്രസാദ് വില്‍സന്റെ കണ്ണില്‍ മണ്ണ് എറിഞ്ഞ ശേഷം കയ്യില്‍ കരുതിയിരുന്ന മാരകായുധവുമായി ആക്രമിക്കുകയായിരുന്നു. ഇതിന് ശേഷം ഇയാള്‍ ഓടി രക്ഷപ്പെട്ടു. ചോരയില്‍ കുളിച്ച് കിടന്ന വില്‍സനെ സഹ പ്രവര്‍ത്തകരാണ് ആശുപത്രിയില്‍ എത്തിച്ചത്. പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പോലിസ് അറിയിച്ചു.
Next Story

RELATED STORIES

Share it