Malappuram

കഞ്ചാവ് മൊത്തക്കച്ചവടം നടത്തുന്ന മൂന്നംഗ സംഘത്തെ അറസ്റ്റ് ചെയ്തു

എടപ്പാള്‍ :  കേരളത്തിലുടനീളം കഞ്ചാവ് മൊത്തക്കച്ചവടം നടത്തുന്ന മൂന്നംഗ സംഘത്തെ ചങ്ങരംകളും പോലിസ് അറസ്റ്റ് ചെയ്തു. ചങ്ങരംകുളം എസ്.ഐ. ശശീന്ദ്രന്‍ മേലയില്‍ കഴിഞ്ഞ ഒരാഴ്ചയോളമായി നടത്തിയ നിരീക്ഷണങ്ങള്‍ക്കൊടുവിലാണ് മൂവരെയും വലയിലാക്കിയത്.

ഇവരില്‍ നിന്ന് അഞ്ചര കിലോ കഞ്ചാവും പിടികൂടി. കാടാമ്പുഴ അടിയാട്ടില്‍ ഇബ്രാഹിം കുട്ടി എന്ന കുഞ്ഞു 28, കോട്ടക്കല്‍ കുഴിപ്രം കരിപ്പാല്‍ മുഹമ്മദ് ഷെരീഫ് 24, രണ്ടത്താണി വകയില്‍ ഷെരീഫ് എന്ന മാനു 53, എന്നിവരെയാണു പിടികൂടിയത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ എടപ്പാള്‍ ജങ്ഷനിലെ പട്ടാമ്പി റോഡില്‍ വച്ചാണ് ഇവരെ പോലിസ് വലയിലാക്കിയത്. കഞ്ചാവ് കൊണ്ടുവന്ന ഓട്ടോയും പോലിസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ രണ്ടാഴ്ചയോളമായി ചങ്ങരംകുളം പോലിസ് ഒട്ടേറെ കഞ്ചാവ് സംഘത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്നു ലഭിച്ച ഫോണ്‍ നമ്പറിലേക്ക് കഞ്ചാവ് എത്തിക്കാനായി വിവരം നല്‍കുകയായിരുന്നു.

എടപ്പാളിലെ വില്‍പ്പനക്കാരന് എത്തിച്ചു നല്‍കാന്‍ ഓട്ടോയില്‍ കൊണ്ടുവരുമ്പോഴാണു പിടികൂടാനായത്. ഇവര്‍ക്ക് തലവനായി പ്രവര്‍ത്തിക്കുന്ന പുത്തനത്താണി സ്വദേശിയായ മുത്തുവിനുവേണ്ടി അന്വേഷണം ഊര്‍ജിതമാക്കി. ബംഗുളുരുവിലെ യശ്വന്ത് പുരം റയില്‍വേ സ്റ്റേഷനില്‍ നിന്നും തീവണ്ടി മാര്‍ഗമാണ് പ്രധാനമായും കഞ്ചാവ് കേരളത്തിലേക്കെത്തിക്കുന്നത്. ബംഗുളുരുവിലെ അക്ക എന്ന് വിളിപ്പേരുള്ള സ്ത്രീയാണു കഞ്ചാവ് കേരള സംഘത്തിന് നല്‍കുന്നതെന്ന് പോലിസ് പറഞ്ഞു. ബാഗുകളിലാക്കി കഞ്ചാവ് തീവണ്ടിയില്‍ കയറ്റിയ ശേഷം ബാഗ് മൂന്ന് പൂട്ടുപയോഗിച്ച് കമ്പികളില്‍ ബന്ധിക്കും. പരിശോധന നടത്താന്‍ വരുമ്പോള്‍ മാറി നിന്ന് നിരീക്ഷിക്കുകയാണ് പതിവ്. പരിശോധനയില്‍ പെടാതെ രക്ഷപ്പെടുമ്പോള്‍ ലക്ഷ്യം വെച്ച സ്റ്റേഷനുകളില്‍ ഇവ ഇറക്കി ഓട്ടോറിക്ഷ മാര്‍ഗമാണു വില്‍പ്പനക്കാര്‍ക്ക് എത്തിച്ചുകൊടുക്കുന്നതെന്നും പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it