thiruvananthapuram local

കഞ്ചാവ്, ചാരായ വില്‍പന: പ്രതികള്‍ പിടിയില്‍

നെടുമങ്ങാട്: ഉല്‍സവ സീസണ്‍ പ്രമാണിച്ച് നെടുമങ്ങാട് എക്‌സൈസ് റേഞ്ച് താലൂക്കിന്റെ വിവിധ ഭാഗങ്ങള്‍ നടത്തിയ റെയ്ഡില്‍ 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 10 ലിറ്റര്‍ ചാരായം കൈവശം വച്ച വിതുര പട്ടന്‍കുളിച്ചപാറ സ്വദേശി കുഞ്ഞിരാമന്‍ കാണിയെയും വീട്ടില്‍ ചാരായം വാറ്റിയ വിതുര മേമല സ്വദേശി താജുദ്ദീന്‍കുഞ്ഞിനെയും അറസ്റ്റ് ചെയ്തു.
ഇയാളുടെ വീട്ടില്‍ നിന്നും 15 ലിറ്റര്‍ ചാരായം, 55 ലിറ്റര്‍ കോട, വാറ്റ് ഉപകരണങ്ങള്‍ എന്നിവ പിടിച്ചെടുത്തു. വിദേശമദ്യം വില്‍പന നടത്തിയ വട്ടപ്പാറ പേഴുംമൂട് മേലാംകോണം കൃപ ഭവനില്‍ കരിമാടി ബിനു എന്ന ബിനുവിനെതിരെയും കേസെടുത്തു. ഇയാളില്‍ നിന്ന് 4.600 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും മദ്യം വിറ്റ 1540 രൂപയും കണ്ടെടുത്തു.കപ്പലണ്ടി കച്ചവടത്തിന്റെ മറവില്‍ നെടുമങ്ങാട് ടൗണില്‍ സ്‌കൂള്‍, കോളജ് കുട്ടികള്‍ക്ക് കഞ്ചാവ് വിറ്റിരുന്ന തമിഴ്‌നാട് വീരശിഖാമണി സ്വദേശി തങ്കരാജിനെയും പിടികൂടി. ഇയാളില്‍ നിന്നു 140 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. നെടുമങ്ങാട് ടൗണ്‍, ആനാട് ഭാഗങ്ങളില്‍ പൊതുസ്ഥലത്ത് പരസ്യമായി മദ്യപിച്ച കുറ്റത്തിന് 9 പേര്‍ക്ക് എതിരെയും പാന്‍മസാല വില്‍പന നടത്തിയ ആനപ്പാറ സ്വദേശിനി സാവിത്രിക്കെതിരെയും കേസെടുത്തു.
വ്യാജദ്യം, കഞ്ചാവ് പോലുള്ള ലഹരി ഉല്‍പന്നങ്ങളുടെ വില്‍പന, ഉപയോഗം എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ 04722814790, 9400069420 എന്ന നമ്പരില്‍ അറിയിക്കണമെന്ന് നെടുമങ്ങാട് റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജി രാജീവ് അറിയിച്ചു.
Next Story

RELATED STORIES

Share it