thiruvananthapuram local

കഞ്ചാവുപൊതികളുമായി വില്‍പനക്കാരനും മദ്യവില്‍പനക്കാരിയായ വീട്ടമ്മയും അറസ്റ്റില്‍

വര്‍ക്കല: 18 പൊതി കഞ്ചാവും പണവുമായി വില്‍പനക്കാരനും മദ്യവില്‍പനക്കാരിയായ വീട്ടമ്മയും അറസ്റ്റില്‍. വര്‍ക്കല മുണ്ടയില്‍ തോപ്പുവിള പുതുവല്‍പുത്തന്‍വീട്ടില്‍ ശശി എന്നു വിളിക്കുന്ന സുഗതന്‍ (47) ആണ് പിടിയിലായത്.
വര്‍ക്കല, മുണ്ടയില്‍, പുന്നമൂട് പ്രദേശങ്ങളില്‍ ഇയാള്‍ പതിവായി കഞ്ചാവുവില്‍പന നടത്തിവരികയായിരുന്നു. ഏറെ നാളുകളായി തോപ്പുവിള ദേവീക്ഷേത്രം പരിസരങ്ങളില്‍ കഞ്ചാവുവില്‍പന വ്യാപകമാണെന്ന പരാതി വ്യാപകമായതിനെ തുടര്‍ന്ന് പ്രദേശം ഷാഡോ എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. സുഗതനെ രഹസ്യമായി പിന്തുടര്‍ന്നാണ് കഞ്ചാവുവില്‍പന നടത്തുന്നതിനിടെ എക്‌സൈസ് ഇന്‍സ്‌പെക്ടറും സംഘവും പിടികൂടിയത്. കൂടാതെ, അനധികൃത മദ്യം ചില്ലറവില്‍പന നടത്തിയതിന് ചെമ്മരുതി മുത്താന വരയില്‍ക്കോണം കല്ലുവിള പുത്തന്‍വീട്ടില്‍ ഇന്ദിര (47) ആണ് വലയിലായത്. അറസ്റ്റിലാവുമ്പോള്‍ ഇന്ദിരയുടെ വീട്ടില്‍ ഒളിപ്പിച്ചുവച്ചിരുന്ന ആറു ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും പിടിച്ചെടുത്തു. ഇതോടൊപ്പം ചെറുന്നിയൂര്‍ പഞ്ചായത്തിലെ അയന്തിതോടിനു സമീപത്തിരുന്ന് പരസ്യ മദ്യപാനത്തിലേര്‍പ്പെട്ടിരുന്ന അയന്തി സ്വദേശി സജിത് (33), അയിരൂര്‍ ചാരുകുഴിയില്‍ രാജീവന്‍ (43), മണമ്പൂര്‍ തൊട്ടിക്കല്ല് പ്രദേശത്ത് അക്ബര്‍ഷാ (28) എന്നിവരെയും അറസ്റ്റ് ചെയ്തു.
വര്‍ക്കല എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ് അനില്‍കുമാര്‍, പ്രിവന്റീവ് ഓഫിസര്‍മാരായ എ ബിജു കെ സുദര്‍ശനന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ പ്രിന്‍സ്, രതീഷ്, ഷൈന്‍, സെബാസ്റ്റ്യന്‍, ബിന്‍സി എന്നിവര്‍ ചേര്‍ന്നാണ് റെയ്ഡ് നടത്തിയത്.
തിരഞ്ഞെടുപ്പ് പ്രമാണിച്ച് വരുംദിവസങ്ങളിലും റെയ്ഡ് കൂടുതല്‍ ശക്തമാക്കുമെന്നും ലഹരിവില്‍പനയോ അനധികൃത മദ്യവില്‍പനയോ ശ്രദ്ധയില്‍പ്പെട്ടാല്‍ വര്‍ക്കല എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ നമ്പറില്‍ അറിയിക്കണമെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഫോണ്‍: 94000 69424.
Next Story

RELATED STORIES

Share it