ernakulam local

കഞ്ചാവും ലഹരിമരുന്നുമായി 20 അന്യസംസ്ഥാനക്കാര്‍ പിടിയില്‍

ആലുവ: എറണാകുളം റൂറല്‍ ജില്ലാ പൊലിസ് മേധാവിയുടെ നിര്‍ദേശാനുസരണം അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് ഇന്നലെ വൈകീട്ട് ആലുവ റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ ഓപറേഷന്‍ ഷാലിമാര്‍ പരിശോധനയില്‍ 20 പേരെ അറസ്റ്റ് ചെയ്തു.
നാഗര്‍കോവില്‍-ഷാലിമാര്‍ എക്‌സ്പ്രസ് ട്രെയിനില്‍ വന്നിറങ്ങിയ അന്യസംസ്ഥാന തൊഴിലാളികളെ പരിശോധിച്ചപ്പോഴാണ് ഒരു കിലോയോളം കഞ്ചാവും ആയിരത്തോളം പാക്കറ്റ് ലഹരി ഉല്‍പ്പന്നങ്ങളും പിടികൂടിയത്. ബംഗാള്‍, അസം സ്വദേശികളായ 20 ഓളം പേരെയാണ് അറസ്റ്റ് ചെയ്തത്.
ജില്ലാ പൊലിസ് മേധാവി യതീഷ് ചന്ദ്ര ജി എച്ചിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഓപറേഷന്‍ ഷാലിമാര്‍ എന്ന പേരില്‍ ആലുവ റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തിയത്.
ജില്ലയിലെ മറ്റ് സ്ഥലങ്ങളിലെ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് വില്‍പനയ്ക്കായി ആലുവ റെയില്‍വേ സ്റ്റേഷന്‍ വഴി കഞ്ചാവ് ഉള്‍പ്പടെ ലഹരി ഉല്‍പന്നങ്ങള്‍ കടത്തുന്നുവെന്ന് പൊലിസ് സംശയിച്ചിരുന്നു.
ആലുവ നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി വി ആര്‍ സനില്‍കുമാറിന്റെ നേതൃത്വത്തില്‍, ആലുവ സി ഐ വിജയന്‍, ഷാഡോ പൊലിസ് എസ് ഐ അനൂപ്, വിനോയ് പക്ഖലോസ് എന്നിവരുള്‍പ്പെട്ട 45 അംഗമാണ് ഓപറേഷന്‍ നടത്തിയത്. ആലുവ ഈസ്റ്റ് പൊലിസ് സ്റ്റേഷനില്‍ 2 എന്‍ഡിപിഎസ് കേസുകളും 18 സിഒറ്റിപിഒ കേസുകളും ഓപറേഷന്‍ ഷാലിമാറിനോടനുബന്ധിച്ച് രജിസ്റ്റര്‍ ചെയ്തു. പ്രതികളെ ഇന്ന് ആലുവ കോടതിയില്‍ ഹാജരാക്കും.
Next Story

RELATED STORIES

Share it