കച്ചകെട്ടി ഘടകകക്ഷികള്‍; യുഡിഎഫില്‍ സീറ്റ് വിഭജനം കീറാമുട്ടിയാവും

എച്ച് സുധീര്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ പരമാവധി സീറ്റുകള്‍ നേടാനുള്ള സമ്മര്‍ദ്ദ തന്ത്രങ്ങളുമായി യുഡിഎഫ് ഘടക കക്ഷികള്‍ അണിയറ നീക്കം തുടങ്ങി. കക്ഷിനേതാക്കളില്‍ പലരും ഇക്കാര്യത്തില്‍ പരസ്യ പ്രതികരണം നടത്തിയിട്ടുമുണ്ട്. യുഡിഎഫിനുള്ളില്‍ തങ്ങള്‍ അസംതൃപ്തരാണെന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് കക്ഷിനേതാക്കളില്‍ നിന്നു പുറത്തുവരുന്നത്. ഈ സാഹചര്യത്തില്‍ എല്ലാവരേയും സംതൃപ്തരാക്കിയുള്ള സീറ്റു വിഭജനമെന്നത് യുഡിഎഫ് നേതൃത്വത്തിന് കീറാമുട്ടിയാവും.
മുസ്‌ലിം ലീഗ്, കേരളാ കോണ്‍ഗ്രസ്(എം), ആര്‍എസ്പി, ജെഡിയു, കേരളാ കോണ്‍ഗ്രസ്(ജേക്കബ്) എന്നിവരാണ് യുഡിഎഫില്‍ നിലവിലുള്ള ഘടകകക്ഷികള്‍. കേരളാ കോണ്‍ഗ്രസ്(ബി) മുന്നണി വിടുകയും സിഎംപി, ജെഎസ്എസ് എന്നിവരെ പുറത്താക്കുകയും ചെയ്ത സാഹചര്യത്തില്‍ അവര്‍ കൈവശം വച്ചിരുന്ന എട്ടു സീറ്റുകളിലും ഘടകകക്ഷികള്‍ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.
ലയനത്തെ തുടര്‍ന്ന് കരുത്താര്‍ജിച്ച ആര്‍എസ്പി ഇത്തവണ കൂടുതല്‍ സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. കൊല്ലം ജില്ലയില്‍ നിലവിലുള്ള മൂന്ന് സീറ്റ് കൂടാതെ ആര്‍എസ്പിക്ക് ഒരു സീറ്റ് കൂടിവേണമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എ എ അസീസ് ആവശ്യപ്പെട്ടു. കൊല്ലം, കുണ്ടറ സീറ്റുകളിലൊന്നാണ് ആര്‍എസ്പി ലക്ഷ്യമിടുന്നത്. കഴിഞ്ഞതവണ എല്‍ഡിഎഫിനൊപ്പമായിരുന്ന ആര്‍എസ്പി നാലു സീറ്റിലും യുഡിഎഫിലായിരുന്ന ആര്‍എസ്പി(ബി) ഒരു സീറ്റിലുമാണ് മല്‍സരിച്ചത്. ഇരുപാര്‍ട്ടികളും ഒന്നായ സാഹചര്യത്തില്‍ ഇത്തവണ ആകെ എട്ടുസീറ്റുകള്‍ വേണമെന്നാണ് ആര്‍എസ്പിയുടെ നിലപാട്.
കഴിഞ്ഞതവണ 24 സീറ്റില്‍ മല്‍സരിച്ച് 20 ഇടത്തും വിജയിച്ച മുസ്‌ലിം ലീഗ് നാലു സീറ്റ് കൂടി അധികമായി ആവശ്യപ്പെട്ടേക്കും. സീറ്റുകളെ ചൊല്ലി പിളര്‍പ്പിന്റെ വക്കിലെത്തി നില്‍ക്കുന്ന കേരളാ കോണ്‍ഗ്രസ് എമ്മിനും നിലവിലെ പ്രതിസന്ധി പരിഹരിക്കണമെങ്കില്‍ അധികസീറ്റ് ആവശ്യപ്പെട്ടേ മതിയാവൂ. കഴിഞ്ഞതവണ നാലെണ്ണത്തില്‍ മല്‍സരിച്ച പി ജെ ജോസഫ് വിഭാഗം ഇത്തവണ ആറു സീറ്റാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ മതിയായ പ്രാതിനിധ്യം ലഭിച്ചില്ലെന്ന പരാതിയുള്ള ജെഡിയു നേതൃത്വവും അധികസീറ്റുകള്‍ ആവശ്യപ്പെടും.
സീറ്റിന്റെ കാര്യത്തില്‍ നീതികേട് കാണിച്ചാല്‍ യുഡിഎഫില്‍ തുടരുന്ന കാര്യം പുനരാലോചിക്കേണ്ടി വരുമെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് നേതാവ് ജോണി നെല്ലൂരും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അങ്കമാലിയോ, മൂവാറ്റുപുഴയോ കിട്ടിയില്ലെങ്കില്‍ താന്‍ യുഡിഎഫില്‍ സ്ഥാനാര്‍ഥിയായി ഉണ്ടാവില്ലെന്നും ജോണി നെല്ലൂര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം, മുന്നണിയിലെ പ്രബല കക്ഷിയായ കോണ്‍ഗ്രസ്സിലും സീറ്റിനെ ചൊല്ലി അവകാശവാദം ഉയര്‍ന്നുകഴിഞ്ഞു. സിറ്റിങ് എംഎല്‍എമാരില്‍ ഭൂരിഭാഗവും മല്‍സരിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. യുവാക്കള്‍ക്ക് പ്രാതിനിധ്യം നല്‍കണമെന്ന ആവശ്യവുമായി യൂത്ത് കോണ്‍ഗ്രസ്സും മഹിളാ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന ആവശ്യവുമായി മഹിളാ കോണ്‍ഗ്രസ്സും നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it