കക്ഷി ഭേദമന്യേ എംപിമാര്‍ ഒറ്റക്കെട്ട്; പെയ്ഡ്‌ന്യൂസിനെതിരേ രാജ്യസഭ

ന്യൂഡല്‍ഹി: പണം നല്‍കി വാര്‍ത്തകള്‍ അനുകൂലമാക്കുന്നതിനെതിരേ രാജ്യസഭയില്‍ എംപിമാരുടെ പ്രതിഷേധം. കക്ഷിഭേദമന്യേ എല്ലാ എംപിമാരും ഇതിനെതിരേ രംഗത്തെത്തി. പെയ്ഡ്‌ന്യൂസ് സംസ്‌കാരം യഥാര്‍ഥ മാധ്യമ പ്രവര്‍ത്തനത്തില്‍ നിന്നു മാര്‍ഗഭ്രംശം സംഭവിച്ചവരുടെതാണെന്ന് വാര്‍ത്താവിതരണ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.
തങ്ങളുടെ ഭരണത്തെ പരസ്യപ്പെടുത്തുക എന്നത് എല്ലാവരുടെയും അവകാശമാണെങ്കിലും ഇതു നിയന്ത്രണാതീതമാവുമ്പോള്‍ അഴിമതിയും പരസ്യവും തമ്മില്‍ എങ്ങനെ വേര്‍തിരിക്കുമെന്നും മന്ത്രി ചോദിച്ചു.
പരസ്യങ്ങള്‍ വാര്‍ത്തകളായി അവതരിപ്പിക്കുമ്പോള്‍ മാധ്യമങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടുമെന്നും അത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുമെന്നും ബിജെപി എംപി വിജയ് ഗോയല്‍ അഭിപ്രായപ്പെട്ടു. എഎപി സര്‍ക്കാര്‍ പത്രങ്ങള്‍ക്കു നല്‍കിയ മുഴുപേജ് പരസ്യവും ഗോയല്‍ പ്രദര്‍ശിപ്പിച്ചു. പെയ്ഡ്‌ന്യൂസുകള്‍ക്കെതിരേ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ നടപടിയെടുക്കുന്നില്ലെന്നും ഇതിനായി സര്‍ക്കാര്‍ കമ്മിറ്റി രൂപീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പത്രമാധ്യമങ്ങള്‍ മാത്രമല്ല, ഇലക്ട്രോണിക് മാധ്യമങ്ങളും സര്‍വേയുടെ പേരില്‍ പെയ്ഡ്‌ന്യൂസ് നല്‍കുന്നുവെന്നും ഇത് ജനങ്ങളെ സ്വാധീനിക്കുന്നുവെന്നും എസ്പി നേതാവ് നരേഷ് അഗര്‍വാള്‍ പറഞ്ഞു. പെയ്ഡ്‌ന്യൂസ് സംസ്‌കാരം മൂലം തിരഞ്ഞെടുപ്പു ചെലവ് കൂടുന്നുവെന്നും മാധ്യമങ്ങള്‍ ഭീഷണിപ്പെടുത്തുന്നതായും ശിരോമണി അകാലിദള്‍ നേതാവ് നരേഷ് ഗുജ്‌റാള്‍ പറഞ്ഞു.
പെയ്ഡ്‌ന്യൂസ് എന്നത് ജനാധിപത്യത്തിനു കളങ്കമാണെന്ന് സിപിഎം നേതാവ് സീതാറാം യെച്ചൂരിയും സംഭവത്തെ ഗൗരവതരമായി കാണണമെന്ന് ഡെപ്യൂട്ടി ചെയര്‍മാന്‍ പി ജെ കുര്യനും അഭിപ്രായപ്പെട്ടു.
Next Story

RELATED STORIES

Share it