കക്ഷിനേതാക്കളോട് തെറ്റ് ഏറ്റുപറഞ്ഞ് രാജന്‍ബാബു; കടുത്ത നടപടിയുണ്ടാവില്ല

തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായുള്ള ബന്ധത്തിന്റെ പേരില്‍ ജെഎസ്എസ് ജനറല്‍ സെക്രട്ടറി അഡ്വ. രാജന്‍ ബാബുവിനെതിരേ കടുത്ത നടപടിയുണ്ടാവില്ല. ഇന്നലെ ഘടകകക്ഷി നേതാക്കളെ നേരിട്ടുകണ്ട രാജന്‍ ബാബു തനിക്കു തെറ്റുപറ്റിയെന്നും ഇത്തരം നടപടികള്‍ ഭാവിയില്‍ ആവര്‍ത്തിക്കില്ലെന്നും ഉറപ്പുനല്‍കി.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. വെള്ളാപ്പള്ളി നടേശനു വേണ്ടി ഇനി കോടതിയില്‍ ഹാജരാവില്ല. അഭിഭാഷകവൃത്തി തൊഴിലായതിനാല്‍ എസ്എന്‍ഡിപി യോഗത്തിന്റെ ലീഗല്‍ അഡൈ്വസര്‍ സ്ഥാനത്തുനിന്നു മാറാനാവില്ല. യുഡിഎഫില്‍ തുടരാനാണ് ആഗ്രഹമെന്നും രാജന്‍ ബാബു അറിയിച്ചു. തുടര്‍ന്ന് യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചനോടും രാജന്‍ബാബു കാര്യങ്ങള്‍ വിശദീകരിച്ചു. തനിക്കെതിരേ നടപടി എടുക്കരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.തുടര്‍ന്ന് തങ്കച്ചന്‍ ജെഡിയു ഒഴികെയുള്ള ഘടകകക്ഷി നേതാക്കളുമായി ചര്‍ച്ച നടത്തി. തെറ്റ് ഏറ്റുപറഞ്ഞ സാഹചര്യത്തില്‍ കടുത്ത നടപടി വേണ്ടെന്ന നിലപാടാണ് ഘടകകക്ഷികള്‍ സ്വീകരിച്ചത്. ഇന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരനോട് അഭിപ്രായം തേടിയശേഷം ഘടകകക്ഷികളുടെ നിലപാട് പി പി തങ്കച്ചന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അറിയിക്കും. കെപിസിസി പ്രസിഡന്റ് കടുത്ത നിലപാടു സ്വീകരിച്ചില്ലെങ്കില്‍ രാജന്‍ ബാബുവിനെതിരേ കാര്യമായ നടപടിക്കു സാധ്യതയില്ല.
മാന്‍ഹോള്‍ ദുരന്തത്തില്‍ മരിച്ച നൗഷാദിനെ ആക്ഷേപിച്ച് പ്രസംഗം നടത്തിയ വെള്ളാപ്പള്ളിക്കു വേണ്ടി കോടതിയിലും പോലിസ് സ്‌റ്റേഷനിലും രാജന്‍ ബാബു ഹാജരായതാണ് യുഡിഎഫില്‍ വലിയ വിമര്‍ശനത്തിന് ഇടനല്‍കിയിരുന്നു.
Next Story

RELATED STORIES

Share it