malappuram local

ഔഷധമേഖലയില്‍ നിയമവിരുദ്ധ വിപണനം: ബാലാവകാശ കമ്മീഷന്‍

മലപ്പുറം: ഔഷധമേഖലയില്‍ നിയമവിരുദ്ധ വിപണനമെന്ന് ബാലാവകാശ കമ്മീഷന്‍. സര്‍ക്കാര്‍-സ്വകാര്യ ആശുപത്രി ഫാര്‍മസികളിലും മെഡിക്കല്‍ ഷോപ്പുകളിലും നടക്കുന്നത് നിയമവിരുദ്ധമായ ഔഷധ വിപണനമാണെന്ന് ആക്ഷേപം. ജീവന്‍ രക്ഷാ ഔഷധങ്ങള്‍ കൈകാര്യം ചെയ്യുന്നതും രോഗികള്‍ക്ക് നല്‍കുന്നതും ഫാര്‍മസി യോഗ്യതയില്ലാത്തവരാണെന്നാണ് പരാതി. യോഗ്യതയുള്ള ഫാര്‍മസിസ്റ്റുകളുടെ മേല്‍നോട്ടത്തില്‍ മാത്രമാണു കുട്ടികളുടെ മരുന്നുകള്‍ കൈകാര്യം ചെയ്യുകയും വിപണനം നടത്തുകയും ചെയ്യുന്നതെന്നും യോഗ്യതയുള്ള ഫാര്‍മസിസ്റ്റിനെ പൊതുജനത്തിന് തിരിച്ചറിയാന്‍ കഴിയും വിധം നിയമം നിഷ്‌കര്‍ഷിക്കുന്ന വെള്ള ഓവര്‍കോട്ടും തിരിച്ചറിയല്‍ കാര്‍ഡും ഫാര്‍മസിസ്റ്റുകള്‍ ധരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും കമ്മീഷന്‍ ഉത്തരവില്‍ വ്യക്തമാക്കി.
നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ സംസ്ഥാന ഔഷധ നിയന്ത്രണ വിഭാഗം തികഞ്ഞ അലംഭാവമാണ് കാട്ടുന്നതെന്നും 2011 നുശേഷം യാതൊരുവിധ പരിശോധനയും നടത്തിയിട്ടില്ലാത്ത നൂറുകണക്കിന് മെഡിക്കല്‍ ഷോപ്പുകള്‍ കേരളത്തിലുള്ളതായി ഇവരുടെ വെബ് സൈറ്റില്‍ നിന്നുതന്നെ കമ്മീഷന്‍ കണ്ടെത്തുകയും നിശിതമായി വിമര്‍ശിക്കുകയും ചെയ്തു. കേരളത്തിലെ അന്തരീക്ഷ താപനില ക്രമാതീതമായി വര്‍ധിക്കുന്ന ഇക്കാലത്ത് യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയും മരുന്ന് കവറുകളുടെ മുകളില്‍ രേഖപ്പെടുത്തിയിട്ടുള്ള താപനില സംവിധാനങ്ങള്‍ അടിസ്ഥാനമാക്കിയല്ല മരുന്നുകള്‍ സൂക്ഷിക്കുന്നതെന്നും അത് മരുന്നുകളുടെ ഗുണനിലവാരം കുറയാനും ഇത്തരം മരുന്നുകള്‍ വാങ്ങിക്കഴിക്കുന്ന കുട്ടികളുടെ ആരോഗ്യത്തെ അത് സാരമായി ബാധിക്കാന്‍ ഇടയാവുമെന്നും കമ്മീഷന്‍ കണ്ടെത്തി. മരുന്നുകള്‍ ഗുണനിലവാരം നഷ്ടപ്പെടാതെ കമ്പനി നിഷ്‌കര്‍ഷിക്കുന്ന താപനിലയില്‍ അവ സൂക്ഷിക്കുന്നതിനാവശ്യമായ നടപടികള്‍ അടിയന്തരമായി നടപ്പാക്കണമെന്നും കമ്മീഷന്‍ ഉത്തരവായി. ഡോക്ടര്‍മാരുടെ കുറിപ്പടികള്‍ വായിക്കാന്‍ പറ്റാത്തതിന്റെ പേരില്‍ മരുന്നു മാറി നല്‍കുന്നതും ഡോക്ടര്‍മാര്‍ തന്നെ കൂടിയ അളവില്‍ മരുന്ന് കുറിച്ചു നല്‍കുന്നതുമായ നിരവധി സംഭവങ്ങള്‍ കമ്മീഷന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതു പലപ്പോഴും കുട്ടികളുടെ ആരോഗ്യത്തെയും പ്രതിരോധശക്തിയെയും ബാധിക്കുകയും കുട്ടികള്‍ സ്ഥിരം മരുന്നിന് അടിമകളാവുന്ന അവസ്ഥ വര്‍ധിക്കുകയും ചെയ്യുന്നു.
അതിനാല്‍ ഡോക്ടര്‍മാര്‍ മരുന്ന് കുറിപ്പടികള്‍ വായിച്ചു മനസ്സിലാക്കാന്‍ കഴിയുന്ന രീതിയില്‍ വളരെ വ്യക്തമായി ഇംഗ്ലീഷ് വലിയ അക്ഷരത്തില്‍ തന്നെ എഴുതുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന ആരോഗ്യവകുപ്പ് സെക്രട്ടറിയോട് കമ്മീഷന്‍ ഉത്തരവായി. കേരള ഫാര്‍മസിസ്റ്റ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ജുനൈസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണങ്ങളുടെ വെളിച്ചത്തിലാണ് ഈ ഉത്തരവ്.
മെഡിക്കല്‍ സ്റ്റോറുകളില്‍ യോഗ്യതയില്ലാത്തവരെ നിയമിക്കുന്നതില്‍ പ്രതിഷേധം
നിലമ്പൂര്‍:
മെഡിക്കല്‍ സ്‌റ്റോറുകളില്‍ യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കാതെ ആളുകളെ നിയമിക്കുന്നതിനെതിരേ എഐവൈഎഫ് നിലമ്പൂര്‍ മണ്ഡലം കമ്മിറ്റി രംഗത്തെത്തി. മിക്ക മെഡിക്കല്‍ സ്‌റ്റോറുകളിലും ഡോക്ടര്‍മാര്‍ എഴുതുന്ന കുറിപ്പടികള്‍ വായിക്കാന്‍പോലും അറിയാത്തവരാണ് ജോലിചെയ്യുന്നത്. സര്‍ട്ടിഫിക്കറ്റുള്ള ആരുടെയെങ്കിലും പേരില്‍ ലൈസന്‍സ് സംഘടിപ്പിച്ച് യോഗ്യതയില്ലാത്തവരെക്കൊണ്ട് മരുന്ന് നല്‍കുമ്പോള്‍ കുറിപ്പിലില്ലാത്ത മരുന്നുകള്‍ നല്‍കിയ സംഭവങ്ങള്‍ ഉണ്ടാവുന്നതായും കമ്മിറ്റി കുറ്റപ്പെടുത്തി.
പരിശോധനയ്ക്കായെത്തുന്നവരെ സ്വാധീനിച്ചാണ് ഇത്തരം പ്രവര്‍ത്തികള്‍ തുടരുന്നതെന്നും കമ്മിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ കുറ്റപ്പെടുത്തി. മതിയായ യോഗ്യതയും അംഗീകൃത കോഴ്‌സുകളും വിജയിച്ച നിരവധി പേര്‍ ജോലിയില്ലാതെ പുറത്തുനില്‍ക്കുമ്പോഴാണ് ഇത്തരത്തില്‍ തൊഴില്‍ ചൂഷണം നടത്തുന്നത്. ഇത്തരത്തിലുള്ള നടപടികള്‍ക്കെതിരേ ആരോഗ്യമന്ത്രിക്ക് പരാതി നല്‍കുന്നതിനും പ്രതിഷേധം ശക്തമാക്കുന്നതിനും മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. യോഗത്തില്‍ മുണ്ടമ്പ്ര സക്കീര്‍ അധ്യക്ഷത വഹിച്ചു. പി ഷാനവാസ്, അനസ് ബാബു, രവീന്ദ്രനാഥ്, എം ടി മുഹമ്മദ് സംസാരിച്ചു.
Next Story

RELATED STORIES

Share it