ഔറംഗസേബ്‌ റോഡ്: കോടതി കേന്ദ്രത്തിന്റെ പ്രതികരണമാരാഞ്ഞു

ന്യൂഡല്‍ഹി: ഔറംഗസേബ്‌ റോഡ് എ പി ജെ അബ്ദുല്‍ കലാമിന്റെ പേരില്‍ പുനര്‍ നാമകരണം ചെയ്യാനുളള ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ തീരുമാനം ഡല്‍ഹി ഹൈക്കോടതി കേന്ദ്രസര്‍ക്കാരിന്റെ പ്രതികരണമാരാഞ്ഞു.
റോഡ് പുനര്‍നാമകരണം ചെയ്യുന്നതിന് പാലിക്കേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ കോടതിയെ അറിയിക്കാനും ചീഫ് ജസ്റ്റിസ് ജി രോഹിണിയും ജസ്റ്റിസ് ജയന്ത്‌നാഥും ഉള്‍പ്പെട്ട ബെഞ്ച് അഡീഷണല്‍ സോളിറ്റര്‍ ജനറലിന് നിര്‍ദേശം നല്‍കി. 22 നകം സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.
പുനര്‍ നാമകരണവുമായി ബന്ധപ്പെട്ട് കര്‍ശനമായ നിയമങ്ങളില്ലെന്നും അത് നിര്‍ദേശങ്ങള്‍ മാത്രമാണെന്നും കഴിഞ്ഞ ദിവസം സോളിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് വിശദീകരണം ആവിശ്യപ്പെട്ടിരിക്കുന്നത്.
ദേശീയ നേതാവിന്റെ ഓര്‍മ നിലനിര്‍ത്താനാണ് റോഡിന്റെ പേരുമാറ്റുന്നതെന്നും ഇതിനു ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന് പൂര്‍ണ അധികാരമുണ്ടെന്നും സോളിറ്റര്‍ ജനറല്‍ വാദിച്ചു.
റോഡിന്റെ പേരുമാറ്റാനുളള നീക്കം വര്‍ഗീയ രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും ചരിത്രത്തോടുളള അവഗണനയാണെന്നും കാണിച്ചു അഡ്വ: ഷാഹിദ് അലിയാണ് കോടതിയെ സമീപിച്ചത്. ഒരു പുതിയ റോഡിനു എ പി ജെ അബ്ദുല്‍കലാമിന്റെ പേരു നല്‍കുന്നതിനു പകരം ഔറംഗസേബ്‌ റോഡിന്റെ പേരു മാറ്റുന്നത് നിയമലംഘനമാണെന്നും ഹരജിക്കാരന്‍ ആരോപിച്ചു. 1915 സെപ്തംബര്‍ 27 ലെ ഉത്തരവ് പ്രകാരം ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ റോഡുകളുടെ പേരുകള്‍ മാറ്റാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it