ഓസീസിന് വന്‍ ലീഡ്

മെല്‍ബണ്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ആസ്‌ത്രേലിയക്കു വിജയപ്രതീക്ഷ. കളി രണ്ടു ദിവസം ബാക്കിനില്‍ക്കെ ഓസീസ് 459 റണ്‍സിന്റെ വമ്പന്‍ ലീഡ് കരസ്ഥമാക്കിക്കഴിഞ്ഞു. ഓസീസിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ മൂന്നിന് 551 ഡിക്ലയേര്‍ഡിനു മറുപടിയില്‍ വിന്‍ഡീസ് 271നു പുറത്തായി.
തുടര്‍ന്ന് രണ്ടാമിന്നിങ്‌സ് ആരംഭിച്ച ഓസീസ് മൂന്നാംദിനം കളി നിര്‍ത്തുമ്പോള്‍ മൂന്നു വിക്കറ്റിന് 179 റണ്‍സെടുത്തിട്ടുണ്ട്. ഏഴു വിക്കറ്റ് കൈയിലിരിക്കെ കംഗാരുക്കള്‍ 459 റണ്‍സിനു മുന്നിലാണ്. ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തും (70*) മിച്ചെല്‍ മാര്‍ഷുമാണ് (18*) ക്രീസിലുള്ളത്.
ജോ ബേണ്‍സ് (4), ഡേവിഡ് വാര്‍ണര്‍ (17), ഉസ്മാന്‍ കവാജ (56) എന്നിവരുടെ വിക്കറ്റുകളാണ് ആതിഥേയര്‍ക്കു നഷ്ടമായത്.
നേരത്തേ ആറിന് 91 റണ്‍സെന്ന നിലയില്‍ ഇന്നലെ ആദ്യ ഇന്നിങ്‌സ് പുനരാരംഭിച്ച വിന്‍ഡീസിനെ ഡാരന്‍ ബ്രാവോ (81), ക്രെയ്ഗ് ബ്രാത്‌വെയ്റ്റ് (59) എന്നിവരുടെ അര്‍ധസെഞ്ച്വറികളാണ് 271ലെത്തിച്ചത്. ബ്രാവോ 204 പന്തില്‍ എട്ടു ബൗണ്ടറികള്‍ നേടി. 126 പന്തില്‍ രണ്ടു ബൗണ്ടറിയും ഒരു സിക്‌സറുമടക്കമാണ് ബ്രാത്‌വെയ്റ്റ് 59 റണ്‍സെടുത്തത്.
ഏഴാം വിക്കറ്റില്‍ ബ്രാവോ- ബ്രാത്‌വെയ്റ്റ് സഖ്യം ചേര്‍ന്നെടുത്ത 90 റണ്‍സാണ് സന്ദര്‍ശകരെ വന്‍ തകര്‍ച്ചയില്‍ നിന്നു രക്ഷിച്ചത്. എട്ടാം വിക്കറ്റില്‍ കെമര്‍ റോച്ചിനൊപ്പം ബ്രാവോ 42 റണ്‍സിന്റെയും കൂട്ടുകെട്ടുണ്ടാക്കി.
ഓസീസിനുവേണ്ടി ജെയിംസ് പാറ്റിന്‍സനും നതാന്‍ ലിയോണും നാലു വിക്കറ്റ് വീതം പിഴുതപ്പോള്‍ പീറ്റര്‍ സിഡ്‌ലിനു രണ്ടു വിക്കറ്റ് ലഭിച്ചു.
Next Story

RELATED STORIES

Share it