ഓസീസിന് കൂറ്റന്‍ സ്‌കോര്‍: വിന്‍ഡീസ് പരുങ്ങുന്നു

മെല്‍ബണ്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ബോക്‌സിങ് ഡേ ക്രിക്കറ്റ് ടെസ്റ്റില്‍ ആതിഥേയരായ ആസ്‌ത്രേലിയക്ക് കൂറ്റന്‍ സ്‌കോര്‍. നാല് താരങ്ങള്‍ സെഞ്ച്വറി നേടിയപ്പോള്‍ ഓസീസ് ഒന്നാമിന്നിങ്‌സില്‍ മൂന്നു വിക്കറ്റിന് 551 റണ്‍സെടുത്ത് ഡിക്ലയേര്‍ഡ് ചെയ്തു. മറുപടി ബാറ്റിങിനിറങ്ങിയ വിന്‍ഡീസ് രണ്ടാംദിനം കളിനിര്‍ത്തുമ്പോള്‍ ആറു വിക്കറ്റിന് 91 റണ്‍സെന്ന നിലയില്‍ വന്‍ തകര്‍ച്ചയെ അഭിമുഖീകരിക്കുകയാണ്.
നാല് വിക്കറ്റ് മാത്രം ബാക്കിനില്‍ക്കേ ഓസീസിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറിനൊപ്പമെത്താന്‍ വിന്‍ഡീസിന് 460 റണ്‍സ് കൂടി വേണം. രണ്ടാംദിനം കളിനിര്‍ത്തുമ്പോള്‍ ഡാരന്‍ ബ്രാവോയ്‌ക്കൊപ്പം (13*) മൂന്ന് റണ്‍സുമായി കാര്‍ലോസ് ബ്രാത്‌വെയ്റ്റാണ് ക്രീസില്‍. വിന്‍ഡീസ് നിരയില്‍ ഇന്നലെ മൂന്ന് താരങ്ങള്‍ക്ക് അക്കൗണ്ട് തുറക്കാനായില്ല. ഓസീസിനു വേണ്ടി ജെയിംസ് പാറ്റിന്‍സന്‍, നതാന്‍ ലിയോണ്‍, പീറ്റര്‍ സിഡ്ല്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീഴ്ത്തി തിളങ്ങി.
നേരത്തെ ഒന്നാംദിനം സെഞ്ച്വറി നേടിയ ഉസ്മാന്‍ കവ്ജയ്ക്കും (144) ജോ ബേണ്‍സിനും (128) പുറമേ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തും (134*) ആദം വോഗ്‌സും (106*) മൂന്നക്കം പിന്നിട്ടതാണ് ഓസീസിനെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. 177 പന്തില്‍ എട്ട് ബൗണ്ടറിയുള്‍പ്പെടുന്നതാണ് സ്മിത്തിന്റെ ഇന്നിങ്‌സ്. ഈ വര്‍ഷം താരം നേടുന്ന ആറാം ടെസ്റ്റ് സെഞ്ച്വറിയാണിത്. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ റണ്‍സ് കണ്ടെത്തുന്ന താരമായും സ്മിത്ത് മാറി. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ അലെസ്റ്റര്‍ കുക്കിന്റെ 1,357 റണ്‍സാണ് സ്മിത്ത് മറികടന്നത്. കുക്കിനേക്കാള്‍ രണ്ട് ഇന്നിങ്‌സ് കുറച്ചു കളിച്ച സ്മിത്ത് 1,404 റണ്‍സാണ് ഇതുവരെ നേടിയിട്ടുള്ളത്.
എന്നാല്‍, 166 പന്തില്‍ 12 ബൗണ്ടറിയോടെയാണ് വോഗ്‌സ് ശതകം പിന്നിട്ടത്. ഇതോടെ അരങ്ങേറ്റ വര്‍ഷത്തില്‍ തന്നെ 1,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന നാലാമത്തെ താരമായി മാറാനും വോഗ്‌സിന് സാധിച്ചു. 12 മല്‍സരങ്ങളില്‍ നിന്ന് 1,028 റണ്‍സാണ് താരം ഇതുവരെ നേടിയത്. ഇതില്‍ നാല് സെഞ്ച്വറിയും മൂന്ന് അര്‍ധസെഞ്ച്വറിയും ഉള്‍പ്പെടും. സ്മിത്തും വോഗ്‌സും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 223 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്.
Next Story

RELATED STORIES

Share it