ഓസീസിന് ഇന്നിങ്‌സ് ജയം

ഹൊബാര്‍ട്ട്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആതിഥേയരായ ആസ്‌ത്രേലിയക്ക് ഉജ്ജ്വല ജയം. രണ്ടുദിനം ബാക്കിനില്‍ക്കേ ഇന്നിങ്‌സിനും 212 റണ്‍സിനുമാണ് സന്ദര്‍ശകരെ കംഗാരുപ്പട തകര്‍ത്തെറിഞ്ഞത്.
ജയത്തോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഓസീസ് 1-0ന് മുന്നിലെത്തുകയും ചെയ്തു. സ്‌കോര്‍: ആസ്‌ത്രേലിയ 583/4 ഡിക്ലയേര്‍ഡ്. വെസ്റ്റ് ഇന്‍ഡീസ് 223 & 148.
മൂന്നാംദിനമായ ഇന്നലെ ആറു വിക്കറ്റിന് 207 റണ്‍സെന്ന നിലയില്‍ വിന്‍ഡീസ് ബാറ്റിങ് പുനരാരംഭിക്കുകയായിരുന്നു. എന്നാല്‍, ഓസീസിന്റെ കൃത്വതയാര്‍ന്ന ബൗളിങിനു മുന്നില്‍ ഇന്നലെ അഞ്ച് ഓവര്‍ ബാറ്റ് ചെയ്തപ്പോഴേക്കും വിന്‍ഡീസിന്റെ ശേഷിക്കുന്ന വിക്കറ്റുകളും നഷ്ടമായി. ഇതോടെ ഒന്നാമിന്നിങ്‌സില്‍ സന്ദര്‍ശകര്‍ 223 റണ്‍സിന് പുറത്താവുകയും ഫോളോഓണ്‍ വഴങ്ങുകയും ചെയ്തു.
സെഞ്ച്വറി നേടിയ ഡാരന്‍ ബ്രാവോയാണ് (108) ഒന്നാമിന്നിങ്‌സില്‍ വിന്‍ഡീസിന്റെ ടോപ്‌സ്‌കോററായത്. 177 പന്തില്‍ 20 ബൗണ്ടറിയുള്‍പ്പെടുന്നതാണ് ബ്രാവോയുടെ ഇന്നിങ്‌സ്.
നാലു വിക്കറ്റ് വീഴ്ത്തി ജോസ് ഹാസ്ല്‍വുഡ് ഒന്നാമിന്നിങ്‌സില്‍ ഓസീസ് ബൗളിങില്‍ മികച്ചുനിന്നു. നതാന്‍ ലിയോണിന് മൂന്നും പീറ്റര്‍ സിഡ്‌ലിന് രണ്ടും വിക്കറ്റ് ലഭിച്ചു.
ഫോളോഓണ്‍ വഴങ്ങിയ വിന്‍ഡീസിനെ രണ്ടാമിന്നിങ്‌സില്‍ 36.3 ഓവറില്‍ തന്നെ ഓസീസ് എറിഞ്ഞു വീഴ്ത്തി. 94 റണ്‍സെടുത്ത ഓപണര്‍ ക്രെയ്ഗ് ബ്രാത്‌വെയ്റ്റിന്റെ ചെറുത്ത് നില്‍പ്പ് മാത്രമാണ് വിന്‍ഡീസിന് രണ്ടാമിന്നിങ്‌സില്‍ ആശ്വസിക്കാനുണ്ടായിരുന്നത്. 122 പന്തില്‍ 13 ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടുന്നതാണ് ബ്രാത് വെയ്റ്റിന്റെ ഇന്നിങ്‌സ്. ക്യാപ്റ്റന്‍ ജേസന്‍ ഹോള്‍ഡര്‍ (17), ജെറോം ടെയ്‌ലര്‍ (12) എന്നിവരാണ് രണ്ടാമിന്നിങ്‌സില്‍ വിന്‍ഡീസ് നിരയില്‍ രണ്ടക്കം കണ്ട മറ്റു താരങ്ങള്‍.
ഒരു ഇടവേളയ്ക്കു ശേഷം ഓസീസ് ജഴ്‌സിയണിഞ്ഞ ജെയിംസ് പാറ്റിന്‍സന്‍ രണ്ടാമിന്നിങ്‌സില്‍ അഞ്ചു വിക്കറ്റ് വീഴ്ത്തി തിളങ്ങി. ഹാസ്ല്‍വുഡ് മൂന്നു വിക്കറ്റുമായി പാറ്റിന്‍സന് മികച്ച പിന്തുണ നല്‍കിയപ്പോള്‍ മിച്ചെല്‍ മാര്‍ഷ് ഒരു വിക്കറ്റ് വീഴ്ത്തി.
ഓസീസിനു വേണ്ടി ഇരട്ട സെഞ്ച്വറി നേടിയ ആദം വോഗ്‌സാണ് മാന്‍ ഓഫ് ദി മാച്ച്. പരമ്പരയിലെ രണ്ടാം ടെസ്റ്റ് 26ന് മെല്‍ബണില്‍ അരങ്ങേറും.
Next Story

RELATED STORIES

Share it