'ഓഷ്‌വിറ്റ്‌സ്' അതിജീവിച്ച ക്രിസ്റ്റല്‍ ലോക മുത്തച്ഛന്‍

വാഷിങ്ടണ്‍: ലോകത്ത് ജീവിച്ചിരിക്കുന്നവരിലെ ഏറ്റവും പ്രായംചെന്ന വ്യക്തി നാത്‌സി ജര്‍മനിയിലെ ഓഷ്‌വിറ്റ്‌സ് കോണ്‍സണ്‍ട്രേഷന്‍ ക്യാംപിലെ പീഡനങ്ങളെ അതിജീവിച്ച യിസ്രയേല്‍ ക്രിസ്റ്റല്‍ ആണെന്നു ഗിന്നസ് അധികൃതര്‍. ഓഷ്‌വിറ്റ്‌സിലെ പീഡനങ്ങള്‍ അതിജീവിച്ചവരിലെ ജീവിച്ചിരിക്കുന്ന അവസാന വ്യക്തിയാണ് ഇദ്ദേഹം. 112 വയസ്സും 180 ദിവസവുമാണ് അദ്ദേഹത്തിന്റെ പ്രായം. 112 വയസ്സും 312 ദിവസവും പ്രായമുള്ള ജപ്പാന്‍കാരനായ യാസുതാരോ കോയ്ഡ് ജനുവരിയില്‍ മരിച്ചതോടെയാണ് ലോകമുത്തച്ഛന്റെ പദവി ക്രിസ്റ്റലിനു ലഭിക്കുന്നത്. പോളണ്ടിലെ സാര്‍നോയില്‍ 1903ലാണ് അദ്ദേഹത്തിന്റെ ജനനം.
രണ്ട് ലോകയുദ്ധങ്ങള്‍ക്കിടയിലുള്ള ജീവിതത്തിനുശേഷം അദ്ദേഹം പിന്നീട് ഇസ്രായേല്‍ നഗരമായ ഹൈഫയിലേക്കു കുടിയേറുകയായിരുന്നു. തന്റെ ആയുര്‍ദൈര്‍ഘ്യത്തിന്റെ രഹസ്യമെന്തെന്ന് തനിക്കുതന്നെ അറിയില്ലെന്നായിരുന്നു ക്രിസ്റ്റല്‍ പ്രതികരിച്ചത്. 1939ല്‍ പോളണ്ടിലെ നാത്‌സികളുടെ അധിനിവേശകാലത്ത് അദ്ദേഹം ഭാര്യക്കും കുഞ്ഞുങ്ങള്‍ക്കുമൊപ്പം ലോഡ്‌സ് ഖെത്തോയിലേക്കു നീങ്ങി. അവിടെ വച്ച് രണ്ടു കുഞ്ഞുങ്ങള്‍ മരിച്ചു. പിന്നീട് ഭാര്യക്കൊപ്പം 1944ല്‍ ഓഷ്‌വിറ്റ്‌സില്‍ അടയ്ക്കപ്പെട്ടു. ഭാര്യ ക്യാംപില്‍ കൊല്ലപ്പെടുകയും ക്രിസ്റ്റല്‍ ക്യാംപിലെ അടിമയാക്കപ്പെടുകയും ചെയ്തു.
Next Story

RELATED STORIES

Share it