palakkad local

ഓലമേഞ്ഞ ഒറ്റമുറി വീട്ടില്‍ നിന്ന് ശരത് വിഷ്ണുവിന് മെഡിക്കല്‍ എന്‍ട്രന്‍സില്‍ അഭിമാന നേട്ടം

ഷൊര്‍ണൂര്‍: ഓലമേഞ്ഞ ഒറ്റമുറി വീടിന്റെ പരിമിതികളെയും, കുടുംബത്തിന്റെ സാമ്പത്തിക പരാധീനതകളെയും മറികടന്ന് മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ഷൊര്‍ണൂരിലെ കെ എസ് ശരത് വിഷ്ണു നേടിയത് 14ാം റാങ്കിന്റെ സുവര്‍ണനേട്ടം. കൂലിപ്പണിയെടുത്തും, പാല്‍വിറ്റും തന്നെ പഠിപ്പിച്ച മാതാപിതാക്കളുടെ സ്വപ്‌നങ്ങള്‍ക്ക് നിറം കൊടുക്കാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദത്തില്‍ കൂടിയാണ് ശരത് വിഷ്ണു.
ഷൊര്‍ണൂരിനടുത്ത് കുളപ്പുള്ളി ശ്രീനാരായണ കമ്പനിക്ക് സമീപം കല്ലിടുമ്പില്‍ സുധാകരന്‍ ശാരദ ദമ്പതിമാരുടെ ഏക മകനാണ്. പഠനത്തില്‍ മിടുക്കനായ മകനെ ഡോക്ടറാക്കണമെന്ന ആഗ്രഹത്തിന്റെ സാക്ഷാത്ക്കാര വഴികളില്‍ സുധാകരനും, ശാരദയും അത്യാഹ്ലാദത്തിലാണ്.
ഓലമേഞ്ഞ ഒറ്റ മുറി വീടിന്റെ പടികടന്നെത്തിയ പതിനാലാം റാങ്കിന്റെ അഭിമാന നേട്ടത്തില്‍ ഇവിടത്തെ വീട്ടുകാര്‍ക്കൊപ്പം ഒരു നാടും അഭിമാനവും, സന്തോഷവും പങ്കുവയ്ക്കുകയാണ്. എസ്എസ് എല്‍സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും എപ്ലസ് നേടിയ ശരത് പ്ലസ്ടു പരീക്ഷയില്‍ അഞ്ച് വിഷയത്തിലാണ് എപ്ലസ് കരസ്ഥമാക്കിയത്. ഒന്ന് മുതല്‍ ഏഴ് വരെ പരുത്തിപ്ര മുനിസിപ്പല്‍ എയുപി സ്‌കൂളിലായിരുന്നു ശരതിന്റെ പഠനം. എട്ട് മുതല്‍ പ്ലസ് ടു വരെ വാണിയംകുളം ടിആര്‍കെ സ്‌കൂളിലായിരുന്നു പഠനം. മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയ്ക്കു വേണ്ടിയുള്ള കോച്ചിങ് മലപ്പുറത്തെ മഞ്ചേരി ബാബ ഇന്‍സ്റ്റിറ്റിയൂട്ടിലായിരുന്നു. പരീക്ഷയില്‍ മികച്ച വിജയം പ്രതീക്ഷിച്ചിരുന്നതായി ശരത് പറയുന്നു. പത്രമാസികകളും മറ്റ് ബുക്കുകളും ധാരാളമായി വായിച്ചിരുന്നതായും ശരത് പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എംബിബിഎസ് പഠനം നടത്താനാണ് ആഗ്രഹമെന്നും ശരത് പറഞ്ഞു.
ശരത് വിഷ്ണുവിന്റെ നേട്ടത്തില്‍ അനുമോദനം അറിയിച്ച് നിരവധി പ്രമുഖരെത്തിയിരുന്നു. ഷൊര്‍ണൂര്‍ എഎസ്പി കെ ജയദേവിന്റെ നേതൃത്വത്തില്‍ പോലിസിന്റെ അനുമോദനവും ശരതിനെ തേടിയെത്തി. ഒരു മൊബൈല്‍ ഫോണ്‍ നല്‍കിയാണ് ഷൊര്‍ണൂര്‍ പോ ലിസ് ശരതിനെ അനുമോദിച്ചത്. ശരത്തിന്റെ ഓലമേഞ്ഞ ഒറ്റമുറി വീടിന്റെ പൂമുഖം പതിനാലാം റാങ്കിന്റെ തിളക്കത്തിലാണ്.
മകനെ ഡോക്ടറാക്കണമെന്ന ആശക്ക് തുണയായി നല്ലൊരു വീടെന്ന സ്വപ്‌നവും ഈ കുടുംബത്തിനുണ്ട്. പഞ്ചായത്തിന്റെ കാരുണ്യത്താല്‍ ശരത് വിഷ്ണുവിന് വീടിന് പണം അനുവദിക്കപ്പെട്ടിട്ടുണ്ട്. ഓലമേഞ്ഞ വീടിനെയും, കഷ്ടപ്പാടിന്റെ ഇന്നിനെയും ഓര്‍മയാക്കി എല്ലാം ശരിയാവുന്നതിന്റെ ആഹ്ലാദത്തിലാണ് ശരത് വിഷ്ണുവിന്റെ കുടുംബം. പത്താം ക്ലാസ് വിദ്യാര്‍ഥിനി സാരിക സഹോദരിയാണ്.
Next Story

RELATED STORIES

Share it