Sports

ഓറഞ്ചില്ലാത്ത യൂറോ കപ്പ്

ആംസ്റ്റര്‍ഡാം/റോം: ടോട്ടല്‍ ഫുട്‌ബോളിലൂടെ ലോകം മുഴുവനുമുള്ള ഫുട്‌ബോള്‍ പ്രേമികളുടെ മനംകവര്‍ന്ന ഓറഞ്ച് കുപ്പായക്കാരെ അടുത്ത വ ര്‍ഷത്തെ യൂറോ കപ്പില്‍ കാണാനാവി ല്ല. ടൂര്‍ണമെന്റിനു യോഗ്യത നേടാനാവാതെ ഹോളണ്ട് ആരാധകരെ നിരാശപ്പെടുത്തി. ജയം അനിവാര്യമായിരുന്ന യോഗ്യതാറൗണ്ടിലെ 10ാമത്തെ യും അവസാനത്തെയും മല്‍സരത്തി ല്‍ ഹോളണ്ട് തോല്‍വിയേറ്റുവാങ്ങുകയായിരുന്നു. സ്വന്തം മൈതാനത്തു നടന്ന ഗ്രൂപ്പ് എ മല്‍സരത്തില്‍ ചെക് റിപബ്ലിക്കിനോട് 2-3നാണ് ഡച്ചുകാര്‍ പരാജയപ്പെട്ടത്. പവെല്‍ കദെര്‍ബെക്ക്, ജോസഫ് സ്യുറെല്‍ എന്നിവരുടെ ഗോളുകള്‍ക്കൊപ്പം റോബിന്‍ വാന്‍പേഴ്‌സിയുടെ സെല്‍ഫ് ഗോളുമാണ് ചെക്കിന് ജയം സമ്മാനിച്ചത്. ആദ്യപകുതിയില്‍ ത്തന്നെ രണ്ടു ഗോള്‍ വഴങ്ങിയ ഡച്ച് ടീം മല്‍സരം കൈവിട്ടിരുന്നു.

ക്ലാസ് യാന്‍ ഹണ്ട്‌ലറും വാന്‍പേഴ്‌സിയും ഹോളണ്ടിന്റെ ഗോളുകള്‍ മടക്കി. നേരിട്ട് യൂറോ കപ്പിനു ടിക്കറ്റെടുക്കാമെന്ന ഹോളണ്ടിന്റെ മോഹം നേരത്തേതന്നെ പൊലിഞ്ഞിരുന്നു. അതിനാല്‍ അവരുടെ പ്രതീക്ഷ മുഴുവന്‍ പ്ലേഓഫിലായിരുന്നു. പ്ലേഓഫിന് അര്‍ഹത നേടണമെങ്കില്‍ ഹോളണ്ടിന് ചെക്കിനെതിരേ ജയം ആവശ്യവുമായിരുന്നു. അതോടൊപ്പം ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ തുര്‍ക്കി ഐസ്‌ലന്‍ഡിനോട് തോല്‍ക്കുകയും വേണ്ടിയിരുന്നു.

1984നു ശേഷം ആദ്യമായാണ് ഹോളണ്ടില്ലാതെ യൂറോ കപ്പ് അരങ്ങേറുന്നത്. കഴിഞ്ഞ ലോകകപ്പി ല്‍ മൂന്നാംസ്ഥാനക്കാരെന്ന നേട്ടം സ്വന്തമാ ക്കിയ ഡച്ച് ടീമിനാണ് ഇത്തരമൊരു ദുരന്തം നേരിടേണ്ടിവരുന്നത്. യോഗ്യതാറൗണ്ടിന്റെ അവസാനദിനം തുര്‍ക്കിയും ക്രൊയേഷ്യയുമാണ് യൂറോ കപ്പിന് അര്‍ഹത നേടിയത്. ഗ്രൂപ്പ് എയില്‍ തുര്‍ക്കി1-0ന് ഐസ്‌ലന്‍ഡിനെ വീഴ്ത്തുകയായിരുന്നു. ഗ്രൂപ്പുഘട്ടത്തിലെ മികച്ച മൂന്നാമത്തെ ടീമായതോടെയാണ് തുര്‍ക്കിക്ക് യൂറോ ടിക്കറ്റ് ലഭിച്ചത്. ഗ്രൂപ്പ് എച്ചില്‍ മാള്‍ട്ടയെയാണ് ക്രൊയേഷ്യ 1-0ന് കീഴടക്കിയത്. മറ്റു മല്‍സരങ്ങളില്‍ ഗ്രൂപ്പ് ബിയി ല്‍ ബെല്‍ജിയം 3-1ന് ഇസ്രായേലിനെയും ബോസ്‌നിയ  3-2ന് സൈപ്രസിനെയും ഗ്രൂപ്പ് എച്ചില്‍ ഇറ്റലി 2-1 ന് നോര്‍വെയെയും  തോല്‍പ്പിച്ചു.
Next Story

RELATED STORIES

Share it