Big stories

ഓര്‍മയില്‍ തിളയ്ക്കുന്ന ഹിരോഷിമ

റസ്‌ല ഹശ്മി

തേജസ് ദൈ്വവാരിക ഓഗസ്റ്റ് 16
1946 ജൂണ്‍ 26നു ജപ്പാന്‍ യു.എന്‍. സമാധാന ഉടമ്പടിയില്‍ ഒപ്പുവച്ചു. യുദ്ധത്തിന്റെ തീക്ഷ്ണതയില്‍ നിന്നും ഭീകരതയില്‍ നിന്നും വരുംതലമുറകളെ രക്ഷിക്കുക, മനുഷ്യാവകാശത്തിലും സ്വാതന്ത്ര്യത്തിലുമുള്ള വിശ്വാസം ദൃഢമാക്കുക, ദേശാന്തരീയമായ നിയമങ്ങളെ ആദരിക്കാനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുക, സാമൂഹിക പുരോഗതിക്കുള്ള പ്രയത്‌നങ്ങളെ പിന്തുണയ്ക്കുക തുടങ്ങിയ തത്ത്വങ്ങള്‍ ഉള്‍പ്പെട്ടതായിരുന്നു ഉടമ്പടി. ജപ്പാന്‍ ഈ കരാറില്‍ ഒപ്പുവച്ച് പത്തു ദിവസമേ കഴിഞ്ഞിരുന്നുള്ളൂ. അമേരിക്ക ജപ്പാന്റെ മേല്‍ ആറ്റംബോംബ് വര്‍ഷിക്കുകയുണ്ടായി. ഈ കിരാതനടപടി ലോകത്തിന്റെ സാഹചര്യത്തെ തകിടംമറിച്ചു. അമേരിക്ക 1945 ആഗസ്ത് 6നു ഹിരോഷിമയില്‍ ബോംബ് വര്‍ഷിച്ചതു മുതല്‍ സമാധാനത്തിന് അപരിഹാര്യമായ പ്രതിബന്ധങ്ങളുണ്ടായി. അണുയുഗത്തിനു ഹിറ്റ്‌ലറുടെ ജര്‍മനിയാണ് നാന്ദികുറിച്ചത്. ഹിറ്റ്‌ലര്‍ ബോംബ് ഉപയോഗിച്ചില്ല. പക്ഷേ, 1938 ഡിസംബറില്‍ ബെര്‍ലിനിലെ കൈസര്‍ വില്‍ഹെം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കെമിസ്ട്രിയിലെ ഓട്ടോഹാന്‍, ഫിര്‍ട്‌സ് സ്ട്രാസ്മാന്‍ എന്നിവരുടെ യുറേനിയം അണു വിഭജിക്കാനായുള്ള പരീക്ഷണം വിജയിച്ചു. ഡാനിഷ് ശാസ്ത്രജ്ഞനായ നീല്‍സ് ബോര്‍ ഈ വിദ്യ ജര്‍മനിയില്‍ നിന്നും അവിടെ എത്തിയ രണ്ടു കൂട്ടൂകാരില്‍ നിന്നും പഠിച്ചു. ഉടനെത്തന്നെ നീല്‍സ് ബോര്‍ ഈ സാങ്കേതിക ജ്ഞാനം അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ക്കു കൈമാറി. 1940ല്‍ പ്രസിഡന്റ് ഫ്രാങ്കഌന്‍ റൂസ്‌വെല്‍റ്റ് ആറ്റംബോംബ് വികസിപ്പിച്ചെടുക്കാനുള്ള ഒരു പദ്ധതി ലക്ഷ്യംവച്ചുകൊണ്ട് നാഷനല്‍ റിസര്‍ച്ച് കമ്മിറ്റി ആന്റ് ഡെവലപ്‌മെന്റ് എന്ന പേരില്‍ ഒരു സ്ഥാപനം ആരംഭിച്ചു. ഒരു വര്‍ഷത്തിനകം ഈ സ്ഥാപനം ആയുധങ്ങള്‍ നിര്‍മിക്കാനുള്ള ഒരു സ്ഥാപനമായി വളര്‍ന്നു. 1944 സപ്തംബര്‍ 19നു റൂസ്‌വെല്‍റ്റും വിന്‍സ്റ്റണ്‍ ചര്‍ച്ചിലും ജപ്പാനു മേല്‍ ബോംബ് വര്‍ഷിക്കാനുള്ള തീരുമാനമെടുക്കുകയും അതിനായുള്ള ധാരണാപത്രത്തില്‍ ഒപ്പുവയ്ക്കുകയുമുണ്ടായി. ജര്‍മനി പോലും അതിനു തയ്യാറായിരുന്നില്ല. 1945 ജൂലൈ 4ന് അമേരിക്കയും ബ്രിട്ടനും ജപ്പാനില്‍ ബോംബ് വര്‍ഷിക്കാനുള്ള മറ്റൊരു കരാറില്‍ ഒപ്പുവച്ചു. അപ്പോള്‍ സോവിയറ്റ് യൂനിയന്‍ മുഖേന അമേരിക്കയുമായി സമാധാന കരാര്‍ ഉണ്ടാക്കാനുള്ള ശ്രമത്തിലായിരുന്നു ജപ്പാന്‍. സോവിയറ്റ് യൂനിയന്‍ മുന്‍കൈയെടുത്തുകൊണ്ടുള്ള ഒരു സമാധാനപദ്ധതി രൂപപ്പെട്ടുവരുന്നതില്‍ അമേരിക്കക്കു താല്‍പ്പര്യമില്ലായിരുന്നു. പേള്‍ ഹാര്‍ബറിനു പ്രതികാരം ചെയ്യാനായിരുന്നു അവര്‍ക്ക് ആഗ്രഹം. ബോംബ്‌വര്‍ഷം അമേരിക്കയുടെ അന്തസ്സിനെ പ്രതികൂലമായി ബാധിക്കുമെന്ന താക്കീതുകളൊന്നും ഭരണകൂടം ചെവിക്കൊണ്ടില്ല. 1945 ജൂലൈ 16നു ട്രിനിറ്റി എന്നു നാമകരണം ചെയ്യപ്പെട്ട ന്യൂ മെക്‌സിക്കോയിലെ ഒരു പ്രദേശത്ത് ആദ്യ പ്ലൂട്ടോണിയം ബോംബ് വിജയകരമായി പരീക്ഷിച്ചു. റൂസ്‌വെല്‍റ്റിന്റെ മരണശേഷം 1945 ഏപ്രില്‍ 12നു ട്രൂമാന്‍ അമേരിക്കയുടെ പ്രസിഡന്റ് പദവിയിലെത്തി. ലിറ്റില്‍ ബോയ് എന്നു നാമകരണം ചെയ്യപ്പെട്ടിട്ടുള്ള യു-235 ബോംബ് 1945 ആഗസ്ത് 1നും ഫാറ്റ്മാന്‍ എന്നു നാമകരണം ചെയ്യപ്പെട്ട പ്ലൂട്ടോണിയം ബോംബ് ആഗസ്ത് 6നും തയ്യാറാവുമെന്ന് ഉപദേഷ്ടാക്കള്‍ ട്രൂമാനെ അറിയിച്ചു. ആറ്റംബോംബ് വര്‍ഷിക്കുന്നതിലൂടെ പരമാവധി 'പ്രയോജന'മുണ്ടാവണമെന്നും സൈനികകേന്ദ്രത്തോടൊപ്പം തന്നെ ജനസംഖ്യാസാന്ദ്രത കൂടുതലുള്ള പ്രദേശവുമായിരിക്കണം അതിന്റെ ലക്ഷ്യമെന്നും ഉപദേഷ്ടാക്കള്‍ ട്രൂമാനോട് ആവശ്യപ്പെടുകയുണ്ടായി. പ്രസിഡന്റ് ഉപദേഷ്ടാക്കളുടെ നിര്‍ദേശം അക്ഷരംപ്രതി സ്വീകരിച്ചു. ജനവാസമില്ലാത്ത ഒരു പ്രദേശത്താവണം ബോംബിങ് എന്ന ശാസ്ത്രജ്ഞരും സൈനിക ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട ഒരു വിഭാഗത്തിന്റെ അഭ്യര്‍ഥനകള്‍ അവഗണിക്കപ്പെടുകയാണുണ്ടായത്. മറിച്ച്, രണ്ടു ബോംബുകള്‍ ജപ്പാന്റെ മേല്‍ വര്‍ഷിക്കണമെന്ന തീരുമാനത്തിലാണ് അമേരിക്കന്‍ ഭരണകൂടം എത്തിച്ചേര്‍ന്നത്. ബോംബ്‌വര്‍ഷം കൊണ്ടുണ്ടാവുന്ന നാശത്തെക്കുറിച്ച് ജപ്പാനെ ബോധ്യപ്പെടുത്തുകയെന്നതായിരുന്നു ഒന്നാമത്തെ പ്രയോഗം കൊണ്ട് അമേരിക്ക ഉദ്ദേശിച്ചത്. അമേരിക്കയുടെ ആയുധപ്പുരയില്‍ ഇത്തരം നിരവധി ബോംബുകളുണ്ടെന്നു ജപ്പാനെ അറിയിക്കുകയായിരുന്നു രണ്ടാമത്തെ പ്രയോഗം കൊണ്ട് ലക്ഷ്യമിട്ടത്. ജപ്പാന്‍ പൂര്‍ണമായി കീഴടങ്ങുംവരെ ബോംബിങ് തുടരാന്‍ ആഗസ്ത് 7നു ട്രൂമാന്‍ നിര്‍ദേശം നല്‍കി. ഹിരോഷിമ, കോക്കുറ, നാഗസാക്കി എന്നിവയായിരുന്നു ലക്ഷ്യങ്ങള്‍. 8:16നു ഹിരോഷിമയില്‍ 1850 അടി ഉയരത്തില്‍ നിന്നു ബോംബിട്ടു. വൈമാനികരില്‍ ഒരാള്‍ അസ്വസ്ഥനായി ഇങ്ങനെ പറഞ്ഞുപോയത്രേ: ''ദൈവമേ, ഞങ്ങള്‍ ഈ ചെയ്തുകൂട്ടിയതെന്താണ്?'' ഹിരോഷിമ ആക്രമിക്കപ്പെടുമെന്ന് ജപ്പാന്‍കാര്‍ക്ക് ഉറപ്പായിരുന്നു. കാരണം അത് സൈനികകേന്ദ്രമായിരുന്നു. അവിടെ നാലു ലക്ഷം പേര്‍ ജീവിച്ചിരുന്നു. 2,65,000 പേരെ അധികൃതര്‍ മാറ്റിപ്പാര്‍പ്പിച്ചു. ഹിരോഷിമ നശിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് ആഗസ്ത് 9നു ജാപ്പനീസ് വാര്‍ കൗണ്‍സില്‍ കീഴടങ്ങാന്‍ തീരുമാനമെടുക്കവേ നാഗസാക്കിയിലും ബോംബ് വര്‍ഷിച്ചു. അമേരിക്ക ഹിരോഷിമയിലും നാഗസാക്കിയിലും ആറ്റംബോംബിട്ടപ്പോള്‍ ഭൂമുഖത്ത് ആദ്യമായി ഹിബാകുഷ എന്ന പുതിയ മനുഷ്യജാതി ജപ്പാനില്‍ പിറവികൊണ്ടു. സ്‌ഫോടനത്തിന്റെയും റേഡിയേഷന്റെയും ദുരിതങ്ങളും അപായങ്ങളും സ്വന്തം മാംസത്തിലും മജ്ജയിലും രക്തത്തിലും ഏറ്റെടുത്തവരാണവര്‍. 2000ല്‍ ഇന്ത്യ സന്ദര്‍ശിച്ച ജപ്പാന്‍ ദൗത്യസംഘം പറഞ്ഞത് ഇങ്ങനെ വായിക്കാം: ''സ്വതന്ത്രവും അതിസമ്പന്നവുമായിരുന്നെങ്കിലും രണ്ടാം ലോകമഹായുദ്ധത്തില്‍ അനുഭവിച്ച അതിനിഷ്ഠുര സംഭവത്തിന്റെ സ്മരണകള്‍ ഞങ്ങളെ തളര്‍ത്തുന്നു. ഹിരോഷിമയും നാഗസാക്കിയും അണുബോംബിട്ടു ചാമ്പലാക്കിയ ശേഷം സ്‌ഫോടനം സൃഷ്ടിച്ച പരിണാമങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ വന്‍ശക്തി പഠനസംഘക്കാര്‍ എത്തി. അപ്പോഴും പൂര്‍ണമായി മരണമടയാതെ ചലനരഹിതരായി കിടന്നവരുടെ അവയവങ്ങള്‍ മുറിച്ചെടുത്ത്, എന്തുകൊണ്ടവര്‍ മരിച്ചില്ല എന്നു കണ്ടെത്താനും ഭാവിയില്‍ അങ്ങനെ മരിക്കാതിരിക്കാന്‍ ഇടയാവാത്തവിധം അണുബോംബിന്റെ മാരകശക്തി വികസിപ്പിച്ചെടുക്കാനും അവര്‍ കൊണ്ടുപോയി.'' ഹിരോഷിമയില്‍ മരിച്ച പെണ്‍കുട്ടിയുടേതെന്നവിധം എ ലിറ്റില്‍ ഗേള്‍ എന്ന ശീര്‍ഷകത്തില്‍ നിസാം ഹിക്മത്ത് എഴുതിയ വരികള്‍ ഇങ്ങനെ:''ഏഴാം വയസ്സില്‍ ഞാന്‍ ഹിരോഷിമയില്‍ വെന്തുമരിച്ചുആദ്യം എന്റെ മുടിക്കെട്ടിനാണ് തീപിടിച്ചത്എന്റെ കണ്ണുകള്‍ പൊട്ടിത്തെറിച്ചുഞാന്‍ കാറ്റില്‍ പറക്കുന്ന ഒരുപിടി ചാരമായി മാറി ഇന്നിപ്പോള്‍ എനിക്കൊരു ആഗ്രഹവുമില്ലചാരമായിത്തീര്‍ന്ന ഞാന്‍ ഇനിയും എന്താഗ്രഹിക്കാന്‍!അമ്മായിമാരേ, അമ്മാവന്മാരേ ഇനിയും പൈതങ്ങള്‍ വെന്തുമരിക്കരുത്കുട്ടികള്‍ വീണ്ടും കത്തിച്ചാമ്പലാകരുത്യുദ്ധത്തിനെതിരേ നിങ്ങളുടെ കൈയൊപ്പ് വേണംഅതിനായി നിങ്ങളുടെ വാതിലുകളില്‍ മുട്ടുകയാണ് ഞാന്‍.'' യുദ്ധവിരുദ്ധ ആഹ്വാനങ്ങള്‍ നിരര്‍ഥകങ്ങളായിത്തീരുകയാണ്. അണുശക്തി പരീക്ഷണങ്ങള്‍ വേണ്ടെന്നുവയ്ക്കാന്‍ ആരും തയ്യാറല്ല. ഇന്ത്യ പൊഖ്‌റാനില്‍ വിജയകരമായി പരീക്ഷണം നടത്തി. 'ബുദ്ധന്‍ ചിരിക്കുന്നു' എന്ന സൂചകവാചകം ഉപയോഗിച്ചാണ് ആ നേട്ടം മാലോകരെ അറിയിച്ചത്. വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും സമാധാനം വാഴിക്കാന്‍ കൊതിച്ച അഹിംസയുടെ പ്രവാചകനോട് കാണിച്ച അനാദരവായാണ് ലോകം ആ കൃത്യത്തെ കണ്ടത്. ''ഞങ്ങള്‍ ഇനി മുതല്‍ വന്‍ശക്തികളുടെ റാന്‍മൂളികളാവില്ല. വിധേയത്വം പ്രകടിപ്പിക്കുന്ന സുഹൃത്തുക്കളെയാണ് വന്‍ശക്തിരാജ്യങ്ങള്‍ക്കിഷ്ടം. തുല്യരായ കൂട്ടുകാര്‍ എന്ന നിലയിലുള്ള സൗഹൃദമേ നാം അവരുമായി ആഗ്രഹിക്കുന്നുള്ളൂ. ഏഷ്യയും ആഫ്രിക്കയും അവരുടെ പിന്നാലെ പോവാന്‍ ഇനി തയ്യാറല്ല''- ചേരിചേരാപ്രസ്ഥാനം രൂപംകൊണ്ടപ്പോള്‍ നെഹ്‌റു നടത്തിയ പ്രഭാഷണത്തിലെ ഏതാനും വാചകങ്ങളാണിവ. പക്ഷേ, ചേരിചേരാ രാജ്യങ്ങള്‍ അവരുടെ ശപഥങ്ങളില്‍ നിന്നും പ്രതിജ്ഞകളില്‍ നിന്നും ബഹുദൂരം പിന്നോട്ടുപോയി. സാമ്രാജ്യത്വശക്തികളോട് ചേര്‍ന്നു സ്വന്തം പൗരന്മാരോട് യുദ്ധം ചെയ്യുന്ന രാജ്യങ്ങള്‍ പോലും അക്കൂട്ടത്തിലുണ്ട്. ഹവാനയില്‍ നടന്ന ചേരിചേരാ സമ്മേളനത്തില്‍ ജെ.ആര്‍. ജയവര്‍ധനെ ഇങ്ങനെ പറയുകയുണ്ടായി: ''ശ്രീലങ്കന്‍ രാജാവായ ദേവനാം പിയടസ്സയെയും ജനങ്ങളെയും ബുദ്ധിസം പഠിപ്പിക്കാന്‍ അശോക ചക്രവര്‍ത്തി തന്റെ മകള്‍ അറഹാത് മഹീന്ദയെ പറഞ്ഞയച്ചു. അതു മുതല്‍ ഞങ്ങള്‍ അഹിംസാതത്ത്വം കൊണ്ടുനടക്കുന്നു. രാജാവ് സ്ഥാപിച്ച ശിലാഫലകങ്ങളില്‍ ഇങ്ങനെ കൊത്തിവച്ചു: 'എല്ലായ്‌പ്പോഴും അന്യരുടെ വിശ്വാസങ്ങള്‍ ഞങ്ങള്‍ ആദരിക്കും.'' പക്ഷേ, ഇന്നത്തെ ശ്രീലങ്കന്‍ ഭരണകൂടം തമിഴ് വംശജര്‍ക്കെതിരേ ചെയ്തുകൂട്ടുന്ന അതിക്രമങ്ങള്‍ മനുഷ്യരാശിയെ നാണിപ്പിക്കും വിധമുള്ളവയാണ്. ചേരിചേരാപ്രസ്ഥാനത്തിന്റെ സ്ഥാപിതനേതാക്കളില്‍ ഒരാളായ നാസറിന്റെ ഈജിപ്തില്‍ പട്ടാളക്കളിയിലൂടെ ജനാധിപത്യത്തെ തൂത്തെറിഞ്ഞു. ഇന്ത്യ വഴിതെറ്റി സഞ്ചരിക്കുകയാണ്. ദാരിദ്ര്യത്തിനും രോഗത്തിനും തൊഴിലില്ലായ്മക്കും എതിരേയുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യയം ചെയ്യേണ്ടതിനു പകരം ആയുധങ്ങള്‍ വാങ്ങാന്‍ വമ്പിച്ച തുകകള്‍ ചെലവഴിക്കുകയാണ്. അനീതിയും അക്രമവും നമ്മുടെ മുന്നില്‍ താണ്ഡവമാടുമ്പോള്‍ യാതൊരു അരിശവും തോന്നാത്ത സമൂഹമായി നമ്മള്‍ മാറിപ്പോവുന്നത് മഹാ കഷ്ടമാണ്.
Next Story

RELATED STORIES

Share it