ഓര്‍ഡിനന്‍സ് വാര്‍ത്ത അടിസ്ഥാനരഹിതമെന്നു കേന്ദ്രം; ഈ വര്‍ഷം മെഡിക്കല്‍ പ്രവേശനം നീറ്റ് അടിസ്ഥാനത്തില്‍ തന്നെ

ഓര്‍ഡിനന്‍സ് വാര്‍ത്ത അടിസ്ഥാനരഹിതമെന്നു കേന്ദ്രം; ഈ വര്‍ഷം മെഡിക്കല്‍ പ്രവേശനം നീറ്റ് അടിസ്ഥാനത്തില്‍ തന്നെ
X
neet-exams

ന്യൂഡല്‍ഹി: മെഡിക്കല്‍, ഡെന്റല്‍ ബിരുദ ബിരുദാനന്തര കോഴ്‌സുകളിലേക്കു ദേശീയതലത്തില്‍ ഏകീകൃത പൊതുപ്രവേശന പരീക്ഷ (നീറ്റ്) നിര്‍ബന്ധമാക്കിയ സുപ്രിംകോടതി ഉത്തരവ് മറികടക്കാന്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചതായ വാര്‍ത്ത കേന്ദ്രസര്‍ക്കാര്‍ നിഷേധിച്ചു.
ഈ വര്‍ഷം മെഡിക്കല്‍ പ്രവേശനം നീറ്റ് അടിസ്ഥാനത്തില്‍ തന്നെയാണു നടത്തുകയെന്നു കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ വ്യക്തമാക്കി. രണ്ടാംഘട്ട പരീക്ഷ ജൂലൈ 24ന് തന്നെ നടത്തും. സുപ്രിംകോടതി ഉത്തരവ് മറികടക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്ന വാര്‍ത്ത ശരിയല്ല.
വെള്ളിയാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയെന്നും അന്തിമ അംഗീകാരത്തിനായി ആരോഗ്യമന്ത്രി ഉടന്‍ രാഷ്ട്രപതിയെ കാണുമെന്നും ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചു കഴിഞ്ഞദിവസം ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തിരുന്നു. ഇതുസംബന്ധിച്ച സുപ്രിംകോടതി ഉത്തരവ് മറികടക്കാനാണ് നടപടി. എന്നാല്‍, ഇക്കാര്യം നിഷേധിച്ച് സര്‍ക്കാര്‍ രംഗത്തുവരികയായിരുന്നു. ഓര്‍ഡിനന്‍സ് സംബന്ധിച്ചു മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും ഇതുസംബന്ധിച്ചു ചര്‍ച്ചകള്‍ മാത്രമാണു നടന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നീറ്റ് പരീക്ഷയുടെ സിലബസ്, പരീക്ഷ പ്രാദേശിക ഭാഷകളില്‍ നടത്തുന്നത് എന്നിവ സംബന്ധിച്ചു സംസ്ഥാന മന്ത്രിമാരില്‍ നിന്ന് അഭിപ്രായം ഉയരുന്നതിനാല്‍ കേന്ദ്രം ഇക്കാര്യം അടിയന്തരമായി സുപ്രിംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എന്നാല്‍, നീറ്റ് പരീക്ഷയുടെ രണ്ടാംഘട്ടം ജൂലൈ 24ന് നടത്തണമെന്നാണു കോടതിവിധി.
Next Story

RELATED STORIES

Share it