ഓരോ ഇന്ത്യക്കാരനും രാമക്ഷേത്രം ആഗ്രഹിക്കുന്നു: കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്തെ ഓരോ പൗരനും അയോധ്യയില്‍ രാമക്ഷേത്രം ആഗ്രഹിക്കുന്നുവെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കാനുള്ള കല്ലുകള്‍ വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസങ്ങളിലായി അയോധ്യയില്‍ എത്തിച്ചിരുന്നു. ഇതേ തുടര്‍ന്ന് പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന്റെ അവസാന ദിവസമായ ബുധനാഴ്ച രാജ്യസഭയില്‍ പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. എന്നാല്‍, കോടതിയുടെ നിര്‍ദേശമനുസരിച്ച് മാത്രമെ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു പോകൂവെന്നായിരുന്നു രാജ്യസഭയില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്. അതേസമയം, സഭ പിരിഞ്ഞതിന് ശേഷം ബിജെപിയുടെ മുതിര്‍ന്ന നേതാവ് കൂടിയായ എം വെങ്കയ്യ നായിഡു പാര്‍ലമെന്റിന് പുറത്ത് നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരിക്കുകയാണ്.
സഭയ്ക്കകത്ത് സര്‍ക്കാരിന് ഒരു നിലപാടും പുറത്ത് അതിന് വിരുദ്ധമായ പരസ്യ പ്രസ്താവനയുമാണ് കേന്ദ്ര മന്ത്രി നടത്തിയത്. ബാബരി മസ്ജിദ് തകര്‍ത്തിടത്ത് രാമക്ഷേത്രം നിര്‍മിക്കണമെന്നത് എല്ലാ ഇന്ത്യക്കാരുടെയും ആഗ്രഹമാണെന്നും എന്നാല്‍ അത് എങ്ങനെ, എപ്പോ ള്‍, എന്ത് എന്ന് മാത്രമാണ് ഇനി ശേഷിക്കുന്ന ചോദ്യങ്ങള്‍ എന്നുമായിരുന്നു കേന്ദ്ര മന്ത്രിയുടെ പ്രതികരണം.എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണം നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല.
അതേസമയം, അയോധ്യയിലെ രാമക്ഷേത്രം ബിജെപിക്ക് അവരുടെ പ്രവര്‍ത്തകരെ പിടിച്ച് നിര്‍ത്താനുള്ള അജണ്ട മാത്രമാണെന്നായിരുന്നു ബിഎസ്പി നേതാവ് മായാവതിയുടെ പ്രതികരണം.
അതിനിടെ, അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് ബിജെപിയുടെ രാജ്യസഭാ അംഗം വിനയ് കത്യാര്‍ പറഞ്ഞു. ക്ഷേത്രം നിര്‍മിക്കാനുള്ള ഒരുക്കങ്ങള്‍ 1990മുതല്‍ ആരംഭിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. രാമഭക്തര്‍ക്ക് തങ്ങള്‍ നല്‍കിയ വാഗ്ദാനം പാലിക്കും. അത് എപ്പോള്‍ പണിയുമെന്നത് എല്ലാവരേയും അറിയിക്കും. ക്ഷേത്രം നിര്‍മിക്കാനായി സ്ഥലത്ത് കല്ലുകള്‍ എത്തിച്ച വിഎച്ച്പി നടപടിയില്‍ തെറ്റില്ല.
രാജ്യസഭയില്‍ ബിജെപിക്ക് ഭൂരിപക്ഷം ഇല്ലാത്തതാണ് ക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട നിയമ നിര്‍മാണത്തിന് തടസ്സമെന്നും ബജ്‌രംഗദള്‍ സ്ഥാപക നേതാവ് കൂടിയായ വിനയ് കത്യാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it