Kottayam Local

ഓരുവെള്ളം കയറുന്നത് കര്‍ഷകരെ ദുരിതത്തിലാക്കുന്നു

വൈക്കം: ഓരുവെള്ളം കടന്നുകയറുന്നത് കര്‍ഷകരെ ദുരിതത്തിലാക്കുന്നു.
തലയാഴം ഗ്രാമപ്പഞ്ചായത്തിലെ തോട്ടകം കട്ടപ്പുറത്ത് (ശിവ പ്രസാദം) വീട്ടില്‍ വിജയകുമാറിന്റെ ഒരു ഏക്കര്‍ സ്ഥലത്ത് കൃഷി ചെയ്തിരുന്ന 200ലധികം വാഴകളും, ചീര, വെണ്ട, പയര്‍, വഴുതന, പച്ചമുളക്, കാബേജ്, വെള്ളരി തുടങ്ങിയ പച്ചക്കറികളും കരിയാറില്‍ നിന്ന് ഉപ്പുവെള്ളം കയറി നശിക്കുകയാണ്. കൂടാതെ ഒന്നര ഏക്കറോളം സ്ഥലത്ത് അഡാക്കിന്റെ നേതൃത്വത്തില്‍ മല്‍സ്യകൃഷിയും നടത്തുന്നുണ്ട്. കെട്ടില്‍ നിക്ഷേപിച്ച കരിമീന്‍, സിലോപ്പിയ, കട്‌ല  തുടങ്ങിയ മല്‍സ്യങ്ങളെല്ലാം ചത്തുപൊങ്ങുന്ന അവസ്ഥയാണ്. വിജയകുമാര്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി സ്ഥിരമായി മല്‍സ്യകൃഷി ചെയ്യുന്നുണ്ട്. രണ്ട് മാസം കൂടി കഴിഞ്ഞിരുന്നെങ്കില്‍ മല്‍സ്യകൃഷി വിളവെടുപ്പ് നടക്കാന്‍ സാധിക്കുമായിരുന്നു.
വാഴയും പച്ചക്കറിയും കൃഷി നടത്തുന്നത് ജൈവവളം ഉപയോഗിച്ചാണ്. നിലവില്‍ സംഭവിച്ച പ്രതികൂലാവസ്ഥ തന്നെ ഏറെ ബുദ്ധിമുട്ടിലാക്കിയതായി വിജയന്‍ പറയുന്നു. വൈക്കം മേഖലയിലെ തെങ്ങുകളൊഴികെയുള്ള കൃഷികളെയെല്ലാം ഉപ്പുവെള്ളത്തിന്റെ ഭീഷണി ബാധിച്ചുകഴിഞ്ഞു. മാത്രമല്ല ആറിലെയും, കൈവഴികൡലെയും വെള്ളം വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനും ജനങ്ങള്‍ക്ക് കഴിയുന്നില്ല.
ഇതുമൂലം ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് ഏറെയാണ്. ഈ സാഹചര്യത്തില്‍ അടിയന്തരമായി കരിയാര്‍ സ്പില്‍വേ ഗേറ്റുകള്‍ അടയ്ക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ തയ്യാറാവണമെന്നതാണ് കര്‍ഷകരുടെ ആവശ്യം.
Next Story

RELATED STORIES

Share it