Kollam Local

ഓയൂര്‍ ടൗണിലെ ബൈക്ക് റെയ്‌സിങ്: ഒരാളെ നാട്ടുകാര്‍ പിടികൂടി

ഓയൂര്‍: ഓയൂര്‍ ടൗണില്‍ ഭീതിജനകമായ രീതിയില്‍ ബൈക്ക് റെയ്‌സിങ് നടത്തിയവരില്‍ ഒരാളെ നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചു. ഓയൂര്‍ ടൗണിലും പരിസരങ്ങളിലും കഴിഞ്ഞ കുറെ ദിവസങ്ങളിലായി കാല്‍നടയാത്രക്കാര്‍ക്കും മറ്റ് വാഹനങ്ങള്‍ക്കും അപകട ഭീഷണിയുയര്‍ത്തി വന്‍ ശബ്ദത്തോടെ ബൈക്ക് റെയ്‌സിങ് നടത്തിയിരുന്ന സംഘത്തിലെ ഒരാളെയാണ നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചത്. കഴിഞ്ഞദിവസം ഓയൂര്‍ ചുങ്കത്തറയില്‍നിന്നും പയ്യക്കോട് വരെയും കാളവയല്‍ മുതല്‍ ഓയൂര്‍ കിഴക്കേ ജങ്ഷന്‍ വരെയും തിരികെയും നിരവധി തവണ ബൈക്ക് വന്‍ശബ്ദമുണ്ടാക്കി ചീറിപ്പായുകയായിരുന്നു. ഇതില്‍ ഒരു ബൈക്ക് നാട്ടുകാര്‍ തടഞ്ഞുനിര്‍ത്തി. ബൈക്കിന്റെ ഉടമ മീയന സ്വദേശി അസ്സറിനെ പൂയപ്പള്ളി പോലിസിന് കൈമാറി. ബൈക്ക് ഓടിച്ചിരുന്ന കാളവയല്‍ സ്വദേശിയായ രതീഷ് ബൈക്കിന്റെ താക്കോലുമായി ഓടി രക്ഷപ്പെട്ടു. ഇയാളെ നാട്ടുകാര്‍ പിന്‍തുടര്‍ന്നെങ്കിലും പിടികൂടാനായില്ല. വൈകീട്ട് നാല് മണിയാകുന്നതോടെ ഓയൂര്‍ ടൗണിലും പരിസരത്തും പൂവാലന്മാരായ നിരവധി സംഘങ്ങളാണ് ബൈക്കുകളിലെത്തി തമ്പടിക്കുന്നത്. ഇവരുടെ ശല്യം കാരണം സ്ത്രീകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും കുട്ടികള്‍ക്കും വഴിനടക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. പലപ്പോഴും പെണ്‍കുട്ടികളെ സ്‌കൂളിലേക്ക് വണ്ടി കയറ്റിവിടുന്നതിനും തിരികെ കൊണ്ടുപോകുന്നതിനും രക്ഷകര്‍ത്താക്കള്‍ ഒപ്പം എത്തേണ്ട സ്ഥിതിയാണുള്ളത്. പൂവാലശല്യം അമര്‍ച്ച ചെയ്യാന്‍ പൂയപ്പള്ളി പോലിസ് പട്രോളിങ് ശക്തമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it