Pathanamthitta local

ഓമല്ലൂര്‍ വയല്‍ വാണിഭം നാളെ ആരംഭിക്കും

പത്തനംതിട്ട: ഓമല്ലൂര്‍ വയല്‍ വാണിഭം നാളെ ആരംഭിക്കുമെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഗീതാവിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഒരുമാസം നീണ്ടുനില്‍ക്കുന്ന വയല്‍ വാണിഭത്തില്‍ കന്നുകാലികളുടെ ക്രയവിക്രയത്തിന് പുറമേ കാര്‍ഷിക വിഭവങ്ങളുടെ വിപണനവും നടക്കും.
ഇന്ന് രാവിലെ 10ന് കൊല്ലം വെളിനല്ലൂര്‍ പഞ്ചായത്തിന്റേയും ക്ഷേത്ര ഭാരവാഹികളുടേയും നാട്ടുകാരുടേയും നേതൃത്വത്തില്‍ വെളിനല്ലൂര്‍ തേക്കേ വയലില്‍ നിന്നും ദീപപ്രയാണ വിളംബര ഘോഷയാത്ര ആരംഭിക്കും. കൈപ്പട്ടൂര്‍ ജങ്ഷനില്‍ നിന്നും ദീപശിഖായാത്രയെ വള്ളിക്കോട് പഞ്ചായത്തിന്റെ ആദരവേറ്റുവാങ്ങി വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ഓമല്ലൂരിലേക്ക് സ്വീകരിക്കും. ഓമല്ലൂര്‍ ശ്രീ രക്തകണ്ഠസ്വാമി ക്ഷേത്ര ജങ്ഷനില്‍ എത്തി വിളംബര യാത്ര തിരികെ മാര്‍ക്കറ്റിലുള്ള വയല്‍ വാണിഭ സ്മൃതിമണ്ഡപമായ പലമരച്ചുവട്ടില്‍ എത്തിച്ചേരും. നാളെ രാവിലെ 10ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി ഉദ്ഘാടനം നിര്‍വ്വഹിക്കും.
ജില്ലാ കലക്ടര്‍ എസ് ഹരികിഷോര്‍ മുഖ്യപ്രഭാഷണം നടത്തും. 11ന് ഗ്രാമപ്പഞ്ചായത്ത് മിനി ഓഡിറ്റോറിയത്തില്‍ കാര്‍ഷിക സെമിനാര്‍ നടക്കും. വൈകീട്ട് നാലിന് പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നിന്നും സാംസ്‌കാരിക ഘോഷയാത്ര ആരംഭിക്കും. വൈകീട്ട് 5.30ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം സംഗീത സംവിധായകന്‍ ആലപ്പി രംഗനാഥ് ഉദ്ഘാടനം ചെയ്യും. കെ ശിവദാസന്‍നായര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. 15ന് രാവിലെ 10ന് മൃഗസംരക്ഷണ സെമിനാര്‍. 16ന് രാവിലെ 11 ന് ആരോഗ്യ സെമിനാര്‍, വൈകീട്ട് മുന്നിന് വ്യവാസായിക സെമിനാര്‍. അഞ്ചിന് കവിയരങ്ങ്, ആറിന് കുടുംബശ്രീ അംഗങ്ങളുടെ വിവിധ കലാപരിപാടികള്‍. 7.30ന് സമാപന സമ്മേളനം കവി ഏഴാച്ചേരി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് വകുപ്പ് ഡയറക്ടര്‍ സി എ ലത മുഖ്യാതിഥി. വാര്‍ത്താ സമ്മേളനത്തില്‍ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി രാരാരാജ് ആര്‍, വൈസ് പ്രസിഡന്റ് പി എസ് തോമസ്, സാജു കൊച്ചുതുണ്ടില്‍, ബ്ലസന്‍ ടി എബ്രഹാം, ജയശ്രീ പി കെ, ജനറല്‍ കണ്‍വീനര്‍ ടി പി ഹരിദാസന്‍നായര്‍, പബ്ലിസിറ്റി കണ്‍വീനര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it