Readers edit

ഓഫിസുകളില്‍ മൊബൈല്‍ നിരോധിക്കണം

ഓഫിസുകളില്‍ മൊബൈല്‍  നിരോധിക്കണം
X
slug-enikku-thonnunnathuപി ആബിദ് ഫര്‍ഹാന്‍, വെസ്റ്റ് കൊടിയത്തൂര്‍

രാഷ്ട്രപുരോഗതിയില്‍ മുഖ്യ പങ്ക് ജീവനക്കാരുടേതെന്ന് സിപിഎം നേതാവായ വൈക്കം വിശ്വന്‍ അഭിപ്രായപ്പെട്ടതായ വാര്‍ത്ത വായിച്ചു. എന്നാല്‍, ആ പങ്ക് അവര്‍ നിര്‍വഹിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ട്. രാഷ്ട്രപുരോഗതിക്കായി പണിയെടുക്കുന്ന ജീവനക്കാര്‍ ഓഫിസിലെത്തിയാല്‍ വാട്‌സ്ആപ്പില്‍പ്പെട്ട് നട്ടംതിരിയുന്നതാണു കാണുന്നത്. ഈ ആരോപണം എല്ലാ ഗവണ്‍മെന്റ് ഉദ്യോഗസ്ഥരെയും കുറിച്ചല്ല. എന്നാല്‍, പകുതിയിലധികം സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഈ രോഗമുണ്ടെന്ന് കണ്ടെത്താവുന്നതാണ്.
പല ഓഫിസുകളിലും പല കാര്യങ്ങള്‍ക്കുമായി പൊതുജനങ്ങള്‍ വരുമ്പോള്‍ പ്യൂണ്‍ അല്ലെങ്കില്‍Mo വാച്ച്മാന്‍ പറയുന്ന ഒരു വാക്കാണ്: ''സാറ് ഫോണിലാണ്. കഴിയുന്നതുവരെ വെയിറ്റ് ചെയ്യൂ.'' കേട്ടാല്‍ തോന്നുക സാറ് ഔദ്യോഗിക വിഷയങ്ങള്‍ സംസാരിക്കുകയാണെന്ന്. സാറ് സംസാരിക്കുന്നത് വീട്ടിലുള്ള ഭാര്യയോടോ സുഹൃത്തുക്കളോടോ ആയിരിക്കും. ആ കോള്‍ അവസാനിക്കുന്നതിനു മുമ്പ് പുതിയ വിളി വരും.
അറ്റന്‍ഡ് ചെയ്ത ഫോണിലെ വിഷയത്തിന്റെ ഗൗരവത്തിന്റെ അടിസ്ഥാനത്തിലാണ് കാത്തുനിന്ന പൊതുജനങ്ങളോട് ഉദ്യോഗസ്ഥര്‍ പെരുമാറുക. മിക്കവാറും ഗൗരവത്തിലായിരിക്കും. വീട്ടിലെ കാര്യങ്ങള്‍ അറിഞ്ഞ് ദേഷ്യം വന്നിട്ടുണ്ടെങ്കില്‍ പൊതുജനം അത് സഹിക്കണം. വാട്‌സ്ആപ്പില്‍ സഞ്ചരിക്കുന്നതിനിടയില്‍ ഉദ്യോഗസ്ഥരുടെ മൂഡ് ഓഫായാല്‍ പിന്നെ അന്ന് അവര്‍ ഒരു ജോലിയും ചെയ്യില്ല. വാട്‌സ്ആപ്പില്‍ ഒരുപാട് ഉള്ളതും ഇല്ലാത്തതുമായ കാര്യങ്ങള്‍ വരുന്നു. തര്‍ക്കങ്ങള്‍ നടക്കുന്നു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഭ്രാന്തുളവാക്കുന്ന നുണക്കഥകളും അവയില്‍ വരും. അതിനു പുറമേയാണ് സ്മാര്‍ട്ട് ഫോണിലെ സമയം കൊല്ലുന്ന ഗെയിമുകള്‍. കാന്‍ഡിക്രഷ്, ആന്‍ഗ്രി ബേഡ്‌സ്, ഫ്രൂട്ട് നിന്‍ജ തുടങ്ങിയ ഗെയിമുകളില്‍ കുടുങ്ങിപ്പോയാല്‍ പിന്നെ രക്ഷയില്ല. പല ഉദ്യോഗസ്ഥരും അവരുടെ പുറംപണികളെല്ലാം സ്മാര്‍ട്ട്‌ഫോണ്‍ വഴി തീര്‍ക്കുക ഡ്യൂട്ടിയിലിരിക്കെയാണ്.
ഡ്യൂട്ടി സമയങ്ങളില്‍ ഉദ്യോഗസ്ഥന്‍മാര്‍ ഫോണ്‍ ഉപയോഗിക്കുന്നതു കാരണം സര്‍ക്കാരിനും പൊതുജനങ്ങള്‍ക്കും വലിയ നഷ്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ആയതിനാല്‍ ഡ്യൂട്ടി സമയങ്ങളില്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിര്‍ത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. എന്തെങ്കിലും അടിയന്തരമായ വിവരങ്ങള്‍ ഉദ്യോഗസ്ഥന്‍മാരെ അറിയിക്കാനുണ്ടെങ്കില്‍ അത് ഡിപാര്‍ട്ട്‌മെന്റ് ഹെഡിന്റെ ഫോണ്‍ മുഖേനയോ ഓഫിസ് ഫോണ്‍ മുഖേനയോ അറിയിക്കാന്‍ വ്യവസ്ഥചെയ്യണം. സ്വകാര്യ കമ്പനികള്‍ പലതും ആ നിയമമാണ് നടപ്പാക്കുന്നത്. മൊബൈല്‍ഫോണ്‍ ഉപയോഗിക്കല്‍ നിര്‍ബന്ധമുള്ള ഡ്യൂട്ടികളില്‍ സര്‍ക്കാര്‍ തന്നെ മൊബൈല്‍ നല്‍കണം. അതെങ്ങനെ ഉപയോഗിക്കുന്നുവെന്നറിയാനുള്ള സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാം. ഡ്യൂട്ടിസമയം കഴിഞ്ഞാല്‍ ഫോണ്‍ ഓഫിസില്‍ തിരിച്ചേല്‍പ്പിക്കാനുള്ള സംവിധാനവും ഒരുക്കാം. സ്‌കൂളുകളില്‍ പഠിതാക്കള്‍ ഫോണ്‍ ഉപയോഗിക്കുന്നത് തടഞ്ഞതുകൊണ്ട് കുറേ ഗുണങ്ങളുണ്ടായി. ജീവനക്കാരുടെ സേവനം മെച്ചപ്പെടുത്താനുള്ള ആദ്യപടിയായി മൊബൈല്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവരേണ്ടതുണ്ട്.
വാഹനമോടിക്കുന്ന സമയത്തും നിരത്തിലൂടെ നടക്കുന്ന സമയത്തും ഒക്കെ ഇന്ന് ആളുകള്‍ യാതൊരു പരിസരബോധവുമില്ലാതെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതായി കാണാന്‍ കഴിയും. ഇതുണ്ടാക്കുന്ന ആപത്തുകള്‍ ചില്ലറയല്ല. ഈ സാഹചര്യങ്ങളില്‍ ഔദ്യോഗിക വേദികളിലും അല്ലാത്തയിടങ്ങളിലും മൊബൈല്‍ ഫോണിന്റെ ഉപയോഗം സംബന്ധിച്ച് ശക്തവും കര്‍ശനവുമായ നിബന്ധനകള്‍ കൊണ്ടുവരേണ്ടത് അനിവാര്യമായിരിക്കുന്നു.
Next Story

RELATED STORIES

Share it