kozhikode local

ഓപറേഷന്‍ സുലൈമാനി ജനഹൃദയം കീഴടക്കുന്നു

കോഴിക്കോട്: ഓപറേഷന്‍ സുലൈമാനി എന്ന് ഓമനപ്പേരിട്ടുവിളിച്ച കോഴിക്കോടിന്റെ വിശപ്പില്ലാ നഗരം പദ്ധതി ജനഹൃദയം കീഴടക്കി മുന്നേറുന്നു. ഓപറേഷന്‍ സുലൈമാനിയുടെ കൂപണ്‍ ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണവും വര്‍ധിച്ചുവരുന്നതായി കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ (കെഎച്ച്ആര്‍എ) ഭാരവാഹിയായ ഹമീദ് പറയുന്നു.
കോഴിക്കോട്ട് കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ എത്തുന്നവര്‍ക്കും അവരുടെ കൂട്ടിരിപ്പുകാര്‍ക്കും ഓപറേഷന്‍ സുലൈമാനിയുടെ രുചി അറിയാം. ഓപറേഷന്‍ സുലൈമാനി നിന്നുപോയാലും ഭക്ഷണം അവശര്‍ക്ക് വിതരണം ചെയ്യുന്നത് നിര്‍ത്തില്ലെന്ന് ഹോട്ടലുകാര്‍ തന്നെ പറയുമ്പോള്‍ ഈ പദ്ധതിയുടെ സ്വീകാര്യത മനസ്സിലാവും. ഓപറേഷന്‍ സുലൈമാനിയിലൂടെ കോഴിക്കോട് ജില്ലയ്ക്കും കലക്ടര്‍ക്കും നിരവധി അഭിനന്ദനങ്ങള്‍ സംസ്ഥാനത്തിനകത്തും പുറത്തും നിന്നുമായി ലഭിച്ചിരുന്നു.
ജില്ലാ ഭരണകൂടവും കെഎച്ച്ആര്‍എയും ചേര്‍ന്നാണ് വിശപ്പില്ലാ നഗരം പദ്ധതി നടപ്പാക്കിയത്. വിശക്കുന്നവന് ഭിക്ഷ നല്‍കാതെ ഒരു നേരത്തെ ഭക്ഷണം മാന്യമായി ഹോട്ടലുകളില്‍ നിന്ന് കഴിക്കാന്‍ അവസരം നല്‍കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം.
ഓപറേഷന്‍ സുലൈമാനിയുടെ കൂപണ്‍ കൗണ്ടറുകള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങള്‍ സ്ഥാപിക്കുമെന്നും ഉദ്ഘാടനവേളയില്‍ അറിയിച്ചിരുന്നു. നിലവില്‍ കൂപണ്‍ വിതരണം നടക്കുന്നുണ്ടെങ്കിലും പദ്ധതി ലക്ഷ്യം വച്ചപ്പോലെ എത്തണമെങ്കില്‍ കൂപണ്‍ വിതരണത്തിനായി കൗണ്ടറുകള്‍ തുറക്കേണ്ടതുണ്ട്. കലക്ടറേറ്റില്‍ നിന്ന് അനുമതി ലഭിച്ചാല്‍ റെയില്‍വേ സ്റ്റേഷന്‍, പുതിയ ബസ്സ്റ്റാന്‍ഡ് തുടങ്ങി പ്രധാന ഇടങ്ങളില്‍ കൗണ്ടറുകള്‍ സ്ഥാപിക്കുന്നത് വൈകാതെ തന്നെ നടപ്പാക്കുമെന്നും ഹോട്ടല്‍ ഉടമകള്‍ പറയുന്നു.
Next Story

RELATED STORIES

Share it