kannur local

ഓപറേഷന്‍ റെയിന്‍ ബോ:  അപകടവും കവര്‍ച്ചയും തടയാന്‍ മുന്‍കരുതലുമായി പോലിസ്

കണ്ണൂര്‍: കാലവര്‍ഷം വരുന്നതോടെയുണ്ടാവുന്ന മോഷണങ്ങളും റോഡപകടങ്ങളും കുറയ്ക്കാന്‍ മുന്‍കരുതല്‍ നിര്‍ദേശവുമായി പോലിസ്. മഴക്കാലത്തെ കവര്‍ച്ചാശ്രമം തടയുക, റോഡപകടങ്ങള്‍ കുറയ്ക്കുക, സ്‌കൂള്‍ വാഹനങ്ങളിലെ യാത്രയ്ക്കു പൂര്‍ണ സുരക്ഷ എന്നിവക്കു പ്രധാന്യം നല്‍കിയാണ് 'ഓപറേഷന്‍ റെയിന്‍ബോ' എന്ന പേരില്‍ നടപടികള്‍ ശക്തമാക്കിയത്. ഇതിന്റെ ഭാഗമായി 10 നിര്‍ദേശങ്ങളാണു ജില്ലാ പോലിസ് മേധാവി ഹരിശങ്കര്‍ പൊതുജനങ്ങള്‍ക്കായി നല്‍കുന്നത്.
വീട് പൂട്ടി ദൂരസ്ഥലങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ അക്കാര്യം ജില്ലാ പോലിസ് മേധാവിയുടെ ക്രൈം സ്‌റ്റോപ്പറില്‍(നമ്പര്‍ 1090) വിളിച്ച് അറിയിക്കണം എന്നതാണ് ഇതിലെ പ്രധാനപ്പെട്ടത്. കുറേയായി ഇക്കാര്യം അറിയിക്കുന്നുണ്ടെങ്കിലും പലപ്പോഴും കുടുംബനാഥര്‍ റിപോര്‍ട്ട് ചെയ്യുന്നില്ലെന്നതാണു കവര്‍ച്ചക്കാര്‍ക്ക് എളുപ്പമാവുന്നത്.
റോഡപകടങ്ങള്‍ പരമാവധി കുറയ്ക്കാനായി വാഹനങ്ങളുടെ കാര്യക്ഷമത ഡ്രൈവര്‍മാര്‍ ഉറപ്പാക്കണം. വാഹനങ്ങളുടെ ബ്രേക്ക്, വൈപര്‍, ടയര്‍, വീല്‍ അലൈന്‍മെന്റ്, ലൈറ്റ് തുടങ്ങിയവ പരിശോധിച്ചു കാര്യക്ഷമത ഉറപ്പുവരുത്തണം. വാഹനങ്ങളുടെ കാര്യക്ഷമത മുഖ്യാധ്യാപകന്‍/ പ്രിന്‍സിപ്പല്‍ ഉറപ്പുവരുത്തണം. സ്‌കൂള്‍ ബസുകളില്‍ പരിചയസമ്പന്നരായ ഡ്രൈവര്‍മാരെ നിയമിക്കണം. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനായി ബസുകളില്‍ ഡ്രൈവര്‍ക്കു പുറമെ മറ്റൊരാളെ കൂടി നിര്‍ബന്ധമായും നിയമിക്കണം. വാഹനങ്ങളുടെ ചുമതല ഒരധ്യാപകനെ ഏല്‍പിക്കണം. അദ്ദേഹത്തിന്റെ പേരും ഫോണ്‍ നമ്പറും അതാതു പോലിസ് സ്‌റ്റേഷനില്‍ അറിയിക്കണം. തുടങ്ങിയ നിര്‍ദേശങ്ങളാണ് പോലിസ് നല്‍കുന്നത്.
Next Story

RELATED STORIES

Share it