ഓപറേഷന്‍ കുബേര ഫലം കാണാതെ അവസാനിക്കുന്നു

കെ പി ഒ റഹ്മത്തുല്ല

തൃശൂര്‍: സംസ്ഥാനത്തു നിന്ന് അനധികൃത പണമിടപാടു സ്ഥാപനങ്ങളെയും കൊള്ളപ്പലിശക്കാരെയും തുടച്ചുനീക്കുന്നതിനു വേണ്ടി ആഭ്യന്തരവകുപ്പ് ആരംഭിച്ച ഓപറേഷന്‍ കുബേര ഫലംകാണാതെ അവസാനിക്കുന്നു. വലിയ കൊട്ടും കുരവയും നടത്തി രമേശ് ചെന്നിത്തല കൊണ്ടുവന്ന പുതിയ നടപടികളാണ് വെള്ളത്തിലെ വര പോലെ ആയിരിക്കുന്നത്. സംസ്ഥാനത്ത് സ്വകാര്യ ബ്ലേഡ് കമ്പനികള്‍ വീണ്ടും സൈ്വരവിഹാരം ആരംഭിച്ചുകഴിഞ്ഞു. കുറച്ചുകാലം മാറിനിന്ന കൊള്ളപ്പലിശക്കാര്‍ വീണ്ടും രംഗത്തെത്തുകയും ചെയ്തിരിക്കുന്നു.
സാധാരണക്കാരെ ബ്ലേഡ് മാഫിയയില്‍ നിന്നു രക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെ കഴിഞ്ഞ വര്‍ഷം മെയിലാണ് ഓപറേഷന്‍ കുബേര ആരംഭിച്ചത്. 15,000 സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തി 3006 പേരെയാണ് അറസ്റ്റ് ചെയ്തത്. 3238 കേസുകളും എടുക്കുകയുണ്ടായി. റെയ്ഡില്‍ 4,87,00,000 രൂപ പിടിച്ചെടുകയും ചെയ്തു. എറണാകുളത്തായിരുന്നു ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. 480 കേസുകളിലായി ഇവിടെ നിന്ന് ഒന്നരക്കോടി രൂപയും പിടിച്ചെടുത്തു.
ഏറ്റവും കുറവ് കേസുകള്‍ വയനാട്ടിലായിരുന്നു. എന്നാല്‍, സ്വാധീനമുള്ളവരും രാഷ്ട്രീയ ബന്ധമുള്ളവരും കേസുകളില്‍ നിന്നും റെയ്ഡില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. ഇവര്‍ക്കെല്ലാം പോലിസിലെ ഉന്നതര്‍ റെയ്ഡ് വിവരം ചോര്‍ത്തിനല്‍കുകയായിരുന്നു എന്നാണു സൂചന. ഓപറേഷന്‍ കുബേരയില്‍ വമ്പന്‍ സ്രാവുകള്‍ രക്ഷപ്പെടുകയും ചെറുമീനുകള്‍ അകപ്പെടുകയും ചെയ്തുവെന്ന് പോലിസ് അസോസിയേഷന്‍ സമ്മേളനത്തില്‍ തന്നെ വിമര്‍ശനം ഉയരുകയുണ്ടായി. പോലിസുകാരും രാഷ്ട്രീയക്കാരും ചേര്‍ന്നു നടത്തുന്ന 1816 ബ്ലേഡ് കമ്പനികള്‍ സംസ്ഥാനത്തുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം നേരത്തെ കണ്ടെത്തിയിരുന്നു. അവയില്‍ ഒന്നില്‍ പോലും റെയ്‌ഡോ അറസ്‌റ്റോ ഉണ്ടായില്ല. കോണ്‍ഗ്രസ്, കേരളാ കോ ണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്ന 816 അനധികൃത പണമിടപാട് സ്ഥാപനങ്ങളും രക്ഷപ്പെടുകയുണ്ടായി.ഓപറേഷന്‍ കുബേരയി ല്‍ അറസ്റ്റിലായവരെല്ലാം ജാമ്യത്തിലിറങ്ങി വീണ്ടും സ്ഥാപനങ്ങള്‍ പുതിയ പേരില്‍ ആരംഭിച്ചതായാണു സൂചന.
ഐപിസിയിലെ ദുര്‍ബല വകുപ്പുകളനുസരിച്ച് കേസുകള്‍ ചാര്‍ജ് ചെയ്തതിന്റെ അനന്തര ഫലമാണിത്. ഓപറേഷന്‍ കുബേരയുടെ രണ്ടും മൂന്നും ഘട്ടങ്ങളില്‍ ശക്തമായ നടപടികളുണ്ടാവുമെന്നും കൊള്ളപ്പലിശ വാങ്ങുന്ന സ്വകാര്യ അംഗീകൃത ധനകാര്യ സ്ഥാപനങ്ങളെയും നിയന്ത്രിക്കുമെന്നും ആഭ്യന്തരമന്ത്രിയും ഡിജിപി ഉള്‍പ്പടെയുള്ള പോലിസ് ഉദ്യോഗസ്ഥരും പറഞ്ഞിരുന്നെങ്കിലും ഒന്നുമുണ്ടായില്ല.
ഒന്നര വര്‍ഷം മുമ്പ് ആഭ്യന്തരവകുപ്പ് വലിയ പ്രചാരണത്തോടെ ആരംഭിച്ച പുതിയ നീക്കങ്ങള്‍ എവിടെയുമെത്താതെ അവസാനിക്കുന്നുവെന്നാണ് ഇതു കാണിക്കുന്നത്.
Next Story

RELATED STORIES

Share it