ഓപറേഷന്‍ കിച്ചടി: സര്‍ക്കാര്‍ ഓഫിസുകളില്‍ മിന്നല്‍ പരിശോധന

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ഓഫിസുകളില്‍ ഓപറേഷന്‍ കിച്ചടി എന്ന പേരില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി. കേരളത്തിലെ 71 സര്‍ക്കാര്‍ ഓഫിസുകളിലെ ദൈനംദിന പ്രവര്‍ത്തനങ്ങളിലെ അഴിമതികളെക്കുറിച്ചു വിജിലന്‍സിനു ലഭിച്ച നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് മിന്നല്‍ പരിശോധന നടത്തിയത്.
വിജിലന്‍സ് ഡയറക്ടര്‍ എന്‍ ശങ്കര്‍ റെഡ്ഡിയുടെ നിര്‍ദേശപ്രകാരമായിരുന്നു പരിശോധന. അതാത് ജില്ലകളിലെ എസ്പിമാരുടെ നേതൃത്വത്തില്‍ ആകെ 74 സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടത്തിയത്.  കേരള വാട്ടര്‍ അതോറിറ്റിയുടെ വിവിധ ഓഫിസുകള്‍, സബ് രജിസ്ട്രാര്‍ ഓഫിസുകള്‍, സബ് റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസ്, അസിസ്റ്റന്റ് ഡ്രഗ്‌സ് കംട്രോളര്‍ ഓഫിസ്, വാണിജ്യനികുതി കാര്യാലയം, കെഎസ്ഇബി ഓഫിസുകള്‍, ബിവറേജസ് കോര്‍പറേഷന്‍ എന്നിവിടങ്ങളിലെ ക്രമക്കേടുകളും പിഡബ്ല്യുഡി റോഡ് നിര്‍മാണത്തിലെ അഴിമതികളും സംബന്ധിച്ചാണ് പ്രധാനമായും പരിശോധന നടത്തിയത്.
സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ നിന്നും കുടിക്കിട (ബാധ്യത) സര്‍ട്ടിഫിക്കറ്റ്, സര്‍ട്ടിഫൈഡ് കോപ്പികള്‍, മറ്റു സര്‍ട്ടിഫിക്കറ്റുകള്‍ യഥാസമയം നല്‍കാത്തതായും വസ്തുക്കളുടെ ന്യായവില നിര്‍ണയത്തിന് അപാകതകള്‍ ഉള്ളതായും കേരള വാട്ടര്‍ അതോറിറ്റി പുതിയ വാട്ടര്‍ കണക്ഷന് ഉള്ള ധാരാളം അപേക്ഷകളില്‍ യഥാസമയം നടപടി സ്വീകരിക്കാത്തതായും കണ്ടെത്തിയിട്ടുണ്ട്.
കൂടാതെ പിഡബ്ല്യുഡി റോഡ് നിര്‍മാണപ്രവര്‍ത്തനത്തില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതരമായ ക്രമക്കേടുകളും പാളിച്ചകളും കണ്ടെത്തിയിട്ടുണ്ട്. ബിവറേജസ് ഔട്ട്‌ലെറ്റുകളിലെ ഗോഡൗണുകളിലെ മദ്യം കൊണ്ടുവരുന്ന ബോക്‌സിനിടയില്‍ ബില്‍ അടിക്കാനുപയോഗിക്കുന്ന പേപ്പര്‍ ട്യൂബില്‍ കണക്കില്‍പ്പെടാത്ത രൂപ ഒളിപ്പിച്ച് വച്ചതായി കാണപ്പെട്ടു.
സര്‍ക്കാര്‍ ഓഫിസുകളില്‍ പൊതുജനങ്ങള്‍ക്കു ലഭിക്കേണ്ട സേവനങ്ങള്‍ക്കു കാലതാമസം വരുന്നുവെന്നും കൈക്കൂലി ആവശ്യപ്പെടുന്നുവെന്നും വ്യാപകമായ പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് വിജിലന്‍സ് മിന്നല്‍പരിശോധന നടത്തിയത്.
ക്ഷേമനിധി വിതരണം വൈകിക്കുന്നതായി അടുത്തിടെ പരാതി ഉയര്‍ന്നിരുന്നു. ഇതൊക്കെ കണക്കിലെടുത്താണ് പരിശോധന നടത്താന്‍ വിജിലന്‍സ് തീരുമാനിച്ചത്.
Next Story

RELATED STORIES

Share it