kannur local

ഓപണ്‍ വോട്ട് നിയന്ത്രണം ; കോണ്‍ഗ്രസ്- സിപിഎം പോരിന് കളമൊരുക്കുന്നു

കണ്ണൂര്‍: ജില്ലയിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് ഓപണ്‍വോട്ടില്‍ നിയന്ത്രണമേര്‍പ്പെടുത്താനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം കോണ്‍ഗ്രസും സിപിഎമ്മും തമ്മിലുള്ള പോരിന് കളമൊരുക്കുന്നു. കഴിഞ്ഞ ലോക്‌സഭാ, പഞ്ചായത്ത് തിരഞ്ഞെടുപ്പിലാണ് വ്യാപകമായി ഓപണ്‍വോട്ടിങ് നടന്നത്. ആരോഗ്യപ്രശ്‌നമില്ലാത്ത, എന്നാല്‍ പാര്‍ട്ടികള്‍ക്ക് സംശയമുള്ള സ്ത്രീവോട്ടര്‍മാരാണ് ഓപണ്‍വോട്ടിങിന് വിധേയമാകേണ്ടി വന്നത്.
പലയിടത്തും മധ്യവയസ്‌കരായ പുരുഷന്‍മാരുടെ വോട്ടും ഓപണ്‍വോട്ടായി രേഖപ്പെടുത്തി. ക്യൂവില്‍ നില്‍ക്കേണ്ടെന്നും പെട്ടെന്ന് വീട്ടിലേക്ക് മടങ്ങാമെന്ന് പ്രലോഭിപ്പിച്ചുമാണ് ചിലയിടങ്ങളില്‍ ഓപണ്‍വോട്ടിന് പലരെയും പ്രേരിപ്പിച്ചത്. ഇതോടെ നിരവധി ബൂത്തുകളില്‍ ഓപണ്‍വോട്ടിന്റെ എണ്ണം ക്രമാതീതമായി ഉയര്‍ന്നു. അപകടം മണത്ത യുഡിഎഫ് ഇതിനെതിരേ ഇക്കുറി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഓപണ്‍വോട്ട് ചെയ്യുന്നവര്‍ തിരഞ്ഞെടുപ്പിന് മൂന്നുദിവസം മുമ്പ് അപേക്ഷസമര്‍പ്പിക്കണമെന്നും സഹായിയെ നേരത്തേ തീരുമാനിക്കണമെന്നും നിര്‍ദേശമുണ്ടായത്.
എന്നാല്‍, ഇതിനെതിരേ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ രംഗത്തെത്തി. ഓപണ്‍വോട്ട് നിയന്ത്രണത്തിനെതിരേ കോടതിയെ സമീപിക്കുമെന്നും സിപിഎം അറിയിച്ചിട്ടുണ്ട്. എന്നാല്‍, പുതിയ ക്രമീകരണത്തെ സ്വാഗതം ചെയ്യുകയാണ് കോണ്‍ഗ്രസ്. ഓപണ്‍വോട്ട് ഇത്രത്തോളം ഉയരുകയാണെങ്കില്‍ കണ്ണൂര്‍ ജില്ലയ്ക്ക് മാത്രമായി പുതിയ കണ്ണാശുപത്രി തുടങ്ങുന്നതാണ് നല്ലതെന്നായിരുന്നു ഡിസിസി പ്രസിഡന്റ് കെ സുരേന്ദ്രന്റെ പരിഹാസത്തോടെയുള്ള പ്രതികരണം.— തിരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ നിര്‍ദേശത്തിലും അവ്യക്തതയുണ്ട്.
പൂര്‍ണമായ ഭാഗികമായോ കാഴ്ചക്കുറവുള്ളവരും അവശതയുള്ളവരും ബിഎല്‍ഒ മുഖേന മുന്‍കൂര്‍ അപേക്ഷ സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. എന്നാല്‍ ഏതെങ്കിലും കാരണവശാല്‍ മുന്‍കൂര്‍ അപേക്ഷ നല്‍കാന്‍ കഴിയാത്തവരുടെ കാര്യത്തില്‍ എന്തു നിലാപാടെടുക്കുമെന്ന് വ്യക്തതയില്ല. മാത്രവുമല്ല, മുന്‍കൂര്‍ അപേക്ഷ വാങ്ങിക്കണമെന്ന നിര്‍ദേശം തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് ബിഎല്‍ഒമാര്‍ പറയുന്നു. ഫലത്തില്‍ സംഘര്‍ഷമൊഴിവാക്കാനും ഓപണ്‍വോട്ട് ദുരുപയോഗം തടയാനും ലക്ഷ്യമിട്ട് പുറപ്പെടുവിച്ച നിര്‍ദേശം പാര്‍ട്ടികള്‍ തമ്മിലുള്ള പോരിന് ആക്കം കൂട്ടുകയാണ്.
Next Story

RELATED STORIES

Share it