ഓണ്‍ലൈന്‍ സേവനങ്ങള്‍: റവന്യൂ വകുപ്പ് ഒന്നാം സ്ഥാനത്ത്

തിരുവനന്തപുരം: കംപ്യൂട്ടര്‍വല്‍ക്കരണവും ഓണ്‍ലൈന്‍ സേവനങ്ങളും ഫലപ്രദമായി നടപ്പാക്കുന്നതില്‍ റവന്യൂ വകുപ്പ് ഒന്നാം സ്ഥാനത്ത്. 24 തരം സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനായി ലഭ്യമാക്കുന്ന ഇ-ഡിസ്ട്രിക്റ്റ് പദ്ധതി 14 ജില്ലകളിലും നടപ്പാക്കി കഴിഞ്ഞതായി റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു.
കംപ്യൂട്ടര്‍വല്‍ക്കരണത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച വകുപ്പിനുള്ള കംപ്യൂട്ടര്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ പുരസ്‌കാരം സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇ-ഡിസ്ട്രിക്റ്റ് പദ്ധതി പ്രകാരം മാര്‍ച്ച് ഒന്ന് വൈകീട്ട് അഞ്ചു വരെ 1,89,20,412 സര്‍ട്ടിഫിക്കറ്റുകള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി നല്‍കിക്കഴിഞ്ഞു. മാര്‍ച്ച് 31നകം ഓണ്‍ലൈന്‍ പോക്കുവരവ് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. കോട്ടയം ജില്ലയില്‍ ആരംഭിച്ച ഇ-പേമെന്റ് സംവിധാനം, മലപ്പുറത്ത് ആരംഭിച്ച ഇ-നാള്‍വഴി, പബ്ലിക് ഗ്രീവിയന്‍സ് സിസ്റ്റം, ഇ-ഓഫിസ്, ആര്‍ആര്‍ ഓണ്‍ലൈന്‍ എന്നീ പദ്ധതികള്‍ സംസ്ഥാനത്തൊട്ടാകെ നടപ്പാക്കുമെന്നും റവന്യൂ മന്ത്രി പറഞ്ഞു. പട്ടയവിതരണം ഓണ്‍ലൈനാക്കിയതും വില്ലേജ് എഫ്എംസി സ്‌കെച്ചുകള്‍ ഡിജിറ്റലൈസ് ചെയ്തതും സുപ്രധാന തീരുമാനങ്ങളായി. മറ്റു പദ്ധതികള്‍ പ്രാരംഭ ഘട്ടത്തിലാണെന്നും മന്ത്രി അറിയിച്ചു. കംപ്യൂട്ടര്‍ സൊസൈറ്റി ഓഫ് ഇന്ത്യ ചെയര്‍മാന്‍ ശ്രീകാന്ത് പി കൃഷ്ണന്‍, റവന്യൂ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it