ഓണ്‍ലൈന്‍ പെണ്‍വാണിഭ മാഫിയ: നടപടികള്‍ ഫലം കാണുന്നില്ല

കെ എം അക്ബര്‍

ചാവക്കാട്: വ്യാപകമായ നടപടികള്‍ മറികടന്ന് ഓണ്‍ലൈന്‍ പെണ്‍വാണിഭ മാഫിയ സംസ്ഥാനത്ത് പ്രവര്‍ത്തനം തുടരുന്നു. ക്ലാസിഫൈഡ്‌സ് വെബ്‌സൈറ്റുകള്‍ക്ക് പുറമെ വാട്‌സ്ആപ്പ്, സ്‌കൈപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സേവനങ്ങള്‍ ഉപയോഗിച്ചും ഇപ്പോള്‍ പെണ്‍വാണിഭ മാഫിയകളുടെ പ്രവര്‍ത്തനം സജീവമാണ്. എന്തു നിയമനടപടിയുണ്ടായാലും ആവശ്യക്കാരുണ്ടെന്ന തിരിച്ചറിവാണ് ഓണ്‍ലൈന്‍ പെണ്‍വാണിഭം സജീവമാവാന്‍ പ്രധാന കാരണം.
സൗജന്യ ക്ലാസിഫൈഡ് സേവനം നല്‍കുന്ന ചില വെബ്‌സൈറ്റുകളാണ് പെണ്‍വാണിഭ മാഫിയാ സംഘത്തിന്റെ കേന്ദ്രം. വെബ്‌സൈറ്റില്‍ പങ്കാളിയെ ആവശ്യമുണ്ടെന്നറിയിച്ച് അക്കൗണ്ട് ആരംഭിച്ചാല്‍ സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി ദിനംപ്രതി നൂറുകണക്കിനു പേരാണ് ബന്ധപ്പെടുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍നിന്നാണ് കൂടുതല്‍ ഫോണ്‍ കോളുകള്‍. വാട്‌സ്ആപ്പില്‍ ഒരാഴ്ചത്തേക്ക് യുവതികളുമായി ചാറ്റ് ചെയ്യാന്‍ വന്‍ തുകയാണ് ഈടാക്കുന്നത്. വീഡിയോ ചാറ്റിങിനാണെങ്കില്‍ ഇരട്ടി തുക ഈടാക്കും. സ്ത്രീകളടക്കം ഇതിന് ഏജന്റുമാരായുണ്ട്. ഏജന്റുമാരുമായി ബന്ധപ്പെടുന്നതിന് ബംഗളൂരുവിലെ മൊബൈല്‍നമ്പറും സൈറ്റില്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്. നമ്പറില്‍ ബന്ധപ്പെടുന്നവരോട് താല്‍പര്യമുള്ള പ്ലാനിലെ തുക മുന്‍കൂട്ടി ബാങ്ക് അക്കൗണ്ട് വഴി അയക്കാന്‍ നിര്‍ദേശം നല്‍കും. തുക അയച്ചാല്‍ ഉടന്‍ തന്നെ ആവശ്യക്കാരന്റെ വാട്‌സ്ആപ്പ് നമ്പറില്‍ മെസേജ് ലഭിക്കുകയും ചാറ്റിങ് ആരംഭിക്കുകയും ചെയ്യുന്നതാണു രീതി. ഇത്തരത്തില്‍ നിരവധി ഏജന്‍സികള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഓണ്‍ലൈന്‍ പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് നിരവധിപേരെ അറസ്റ്റ് ചെയ്തിരുന്നു. ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ വാണിഭം നടത്തുന്ന വന്‍ ശൃംഖലയാണ് കൊച്ചി, ഗുരുവായൂര്‍, തിരുവനന്തപുരം, കോഴിക്കോട് കേന്ദ്രമാക്കി വെബ്‌സൈറ്റില്‍ പ്രവര്‍ത്തിക്കുന്നത്.
Next Story

RELATED STORIES

Share it