ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന്റെ മറവില്‍ മനുഷ്യക്കടത്തെന്ന് അന്വേഷണസംഘം

തിരുവനന്തപുരം: കൊച്ചി കേന്ദ്രമാക്കിയുള്ള ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന്റെ മറവില്‍ നടന്നത് മനുഷ്യക്കടത്തെന്ന് പോലിസ്. കഴിഞ്ഞ ദിവസം പിടിയിലായ രാഹുല്‍ പശുപാലന്‍, ഭാര്യയും മോഡലുമായ രശ്മി എന്നിവരടക്കമുള്ള പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ റിപോര്‍ട്ടിലാണ് അന്വേഷണസംഘം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
രാഹുല്‍ പശുപാലന്‍ ഉള്‍പ്പെടെയുള്ള പ്രതികളുടെ മുംബൈബന്ധം അന്വേഷിക്കണം. പ്രതികളെ മുംബൈയിലെത്തിച്ച് ചോദ്യം ചെയ്യണം. പ്രതികള്‍ക്കു മുംബൈയില്‍ നിന്ന് ഇ-മെയില്‍, എസ്എംഎസ് സന്ദേശങ്ങള്‍ എത്തിയിട്ടുണ്ട്. ഇവരുടെ സാമ്പത്തിക സ്രോതസ്സും അന്വേഷിക്കണം. പ്രായപൂര്‍ത്തിയാവാത്ത കൂടുതല്‍ പെണ്‍കുട്ടികളെ വലയിലാക്കിയോ എന്ന് അന്വേഷിക്കണമെന്നും പോലിസ് അറിയിച്ചു.
12 പ്രതികളെയും പോലിസ് കസ്റ്റഡിയില്‍ വിട്ടു. പോലിസിന്റെ അപേക്ഷ പരിഗണിച്ച കോടതി രാഹുല്‍ പശുപാലനും രശ്മിയും ഉള്‍പ്പെടെ ആറു പ്രതികളെ ഏഴു ദിവസത്തേക്കും കൊച്ചുസുന്ദരികള്‍ എന്ന ഫേസ്ബുക്ക് പേജ് വഴി പെണ്‍കുട്ടികളെ അപമാനിക്കാന്‍ ശ്രമിച്ച ആറു പ്രതികളെ നാലു ദിവസത്തേക്കുമാണ് കസ്റ്റഡിയില്‍ വിട്ടത്. പെണ്‍വാണിഭ റാക്കറ്റ് കൊച്ചിയിലെത്തിച്ച പ്രായപൂര്‍ത്തിയാകാത്ത ബംഗളൂരു സ്വദേശിനികളായ പെണ്‍കുട്ടികളെ വിട്ടുകിട്ടണമെന്ന രക്ഷിതാക്കളുടെ അപേക്ഷയില്‍ 30ന് ഉത്തരവുണ്ടാകും.
അതേസമയം, ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തിലെ മുഖ്യകണ്ണി ജോഷിയെന്ന അച്ചായന്‍ ഉള്‍പ്പെടെ രണ്ടു പേര്‍ കൂടി അറസ്റ്റിലായി. ജോഷിയെ അന്വേഷണസംഘം വിശദമായി ചോദ്യം ചെയ്യും. പറവൂര്‍, വരാപ്പുഴ പീഡനക്കേസുകളില്‍ പ്രതിയാണ് ജോഷി. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ എത്തിക്കുന്നതില്‍ പ്രധാനിയാണ് കോഴിക്കോട് സ്വദേശിയായ ജോഷിയെന്നും പോലിസ് പറയുന്നു. സംഘത്തിലുള്ളവരെ ഒരുമിച്ച് ചോദ്യം ചെയ്യുന്നതിലൂടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് അന്വേഷണസംഘത്തിന്റെ കണക്കുകൂട്ടല്‍.
പെണ്‍വാണിഭക്കേസില്‍ തങ്ങളെ കുടുക്കിയതാണെന്ന് രാഹുല്‍ പശുപാലനും ഭാര്യ രശ്മിയും ആരോപിച്ചു. ഭരണത്തിലിരിക്കുന്നവരാണ് കുടുക്കിയത്. ഇന്നോ നാളെയോ കൊണ്ട് ലോകം അവസാനിക്കുന്നില്ലെന്നും ജുഡീഷ്യറിയില്‍ വിശ്വാസമുണ്ടെന്നും രാഹുല്‍ പറഞ്ഞു. പോലിസ് കസ്റ്റഡിയില്‍ വിടുന്നതിനു മുമ്പ് പ്രതികളെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുമ്പോഴായിരുന്നു പ്രതികരണം. ജാമ്യം കിട്ടിയാല്‍ എല്ലാം തുറന്നുപറയുമെന്ന് ഒന്നാം പ്രതി അബ്ദുല്‍ ഖാദര്‍ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു ഇയാളുടെ പ്രതികരണം.
ചുംബനസമരത്തിലൂടെ അറിയപ്പെട്ട രാഹുല്‍ പശുപാലനെയും ഭാര്യ രശ്മി ആര്‍ നായരെയും കഴിഞ്ഞ ആഴ്ചയാണ് പോലിസ് പിടികൂടിയത്.
Next Story

RELATED STORIES

Share it