ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസ്; പ്രതികളെ തിങ്കളാഴ്ച ഹാജരാക്കണം: കോടതി

തിരുവനന്തപുരം: ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിനു പിടിയിലായ രാഹുല്‍ പശുപാലന്‍ അടക്കം 11 പ്രതികളെ തിങ്കളാഴ്ച ഹാജരാക്കണമെന്ന് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ നിര്‍ദേശം. വിശദമായ തെളിവെടുപ്പിനും ചോദ്യംചെയ്യലിനും പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന അന്വേഷണസംഘത്തിന്റെ അപേക്ഷയിലാണ് കോടതിയുടെ നടപടി.
അറസ്റ്റിലായവരെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനുള്ള അന്വേഷണസംഘത്തിന്റെ അപേക്ഷയില്‍ കോടതി നാളെ തീരുമാനമെടുക്കും. നിര്‍ഭയ കേന്ദ്രത്തിലേക്കു മാറ്റിയ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടു ബന്ധുക്കള്‍ നല്‍കിയ ഹരജിയും കോടതി അന്നേദിവസം പരിഗണിക്കും.
ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ കര്‍ണാടക സ്വദേശികളായ പെണ്‍കുട്ടികള്‍ അകപ്പെട്ട സാഹചര്യത്തില്‍ ബംഗളൂരു പോലിസ് അന്വേഷണത്തിനായി കേരളത്തിലെത്തും. കേസിലെ പ്രതികളെ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങിയ ശേഷമാവും ബംഗളൂരു പോലിസ് തലസ്ഥാനത്തെത്തുക. പെണ്‍കുട്ടികളെ സംഘത്തിനെത്തിച്ചുകൊടുത്ത ലിനീഷ് മാത്യുവിന്റെ ഇടപാടുകളെക്കുറിച്ച് ബംഗളൂരു പോലിസ് അന്വേഷണം ആരംഭിച്ചു. രാഹുല്‍ പശുപാലനും രശ്മിക്കുമൊപ്പമാണ് ലിനീഷ് മാത്യു കഴിഞ്ഞദിവസം പോലിസ് പിടിയിലായത്. ജോലി വാഗ്ദാനം ചെയ്ത് ലിനീഷ് മാത്യു ബംഗളൂരുവില്‍ നടത്തിവന്ന റിക്രൂട്ട്‌മെന്റ് ഏജന്‍സി വഴിയാണ് പെണ്‍കുട്ടികളെ വലയിലാക്കിയിരുന്നത്. അതുകൊണ്ടുതന്നെ ലിനീഷ് മാത്യുവിന്റെ വലയില്‍ മറ്റു പെണ്‍കുട്ടികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നാണ് പോലിസ് പ്രധാനമായും പരിശോധിക്കുന്നത്. അതിനിടെ, ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസിലെ പ്രധാന ഏജന്റ് പറവൂര്‍, വാരാപ്പുഴ പീഡനക്കേസിലെ പ്രതിയും ചേര്‍ത്തല എഴുപുന്ന സ്വദേശിയുമായ അച്ചായനെന്ന് വിളിക്കുന്ന ജോഷി ജോസഫാണെന്നു വ്യക്തമായി.
പ്രായപൂര്‍ത്തിയാവാത്തെ പെണ്‍കുട്ടികളെ എത്തിക്കുന്നതില്‍ പ്രധാനിയാണ് ജോഷി. ഇയാളെ ഇതുവരെയായും പോലിസിന് പിടികൂടാനായില്ല. മൊബൈല്‍ ഫോണ്‍ പിന്തുടര്‍ന്ന് പോലിസ് ആലുവയിലെത്തിയെങ്കിലും ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. പറവൂര്‍, വാരാപ്പുഴ കേസുകളിലായി അഞ്ചു മാസത്തോളമാണ് ജോഷി തടവില്‍ കഴിഞ്ഞത്. ഇതിനുശേഷം പുറത്തിറങ്ങിയ ജോഷി എറണാകുളം നോര്‍ത്ത് പോലിസ് സ്‌റ്റേഷനില്‍ വീണ്ടും മറ്റൊരു പെണ്‍വാണിഭക്കേസിലും പ്രതിയായിട്ടുണ്ട്. പറവൂര്‍ കേസിന്റെ വിചാരണയ്ക്കായി ഇക്കഴിഞ്ഞ ബുധനാഴ്ച ജോഷി കോടതിയില്‍ ഹാജരായിരുന്നു. അന്നുതന്നെയാണ് പോലിസിനെ ഇടിച്ചുതെറിപ്പിച്ച് ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തിലുണ്ടായിരുന്ന റുബീന, വന്ദന എന്നിവരുമായി ജോഷി രക്ഷപ്പെടുന്നത്. ഇവര്‍ ജോഷിക്കൊപ്പം ഒളിവില്‍ കഴിയുന്നുണ്ടായിരിക്കാമെന്നാണ് പോലിസ് കരുതുന്നത്. ഇപ്പോള്‍ അറസ്റ്റിലായ ആറംഗ സംഘത്തിലെ പ്രധാന സൂത്രധാരനായ അക്ബറുമായി ബന്ധപ്പെട്ടാണ് ജോഷി ഇടപാട് നടത്തിയിരുന്നതെന്നാണ് പോലിസ് പറയുന്നത്. അതിനിടെ എറണാകുളത്തെ ഫഌറ്റില്‍നിന്നു പിടിച്ചെടുത്ത ലാപ്‌ടോപ്പും ടാബും അടുത്തദിവസം സീല്‍ ചെയ്ത് കൂടുതല്‍ വിദഗ്ധ പരിശോധനയ്ക്കായി സൈബര്‍ ഫോറന്‍സിക് വിഭാഗത്തിന് കൈമാറും.
Next Story

RELATED STORIES

Share it