ഓണ്‍ലൈന്‍ തട്ടിപ്പ് വീണ്ടും: മൊബൈല്‍ ബുക്ക് ചെയ്ത യുവാവിന് കിട്ടിയത് വിഗ്രഹം

കോവളം: ഓണ്‍ലൈന്‍ വഴി മൊബൈല്‍ ഫോണ്‍ ബുക്ക് ചെയ്ത യുവാവിന് ലഭിച്ച പാഴ്‌സലിനുള്ളില്‍ കിട്ടിയത് തകിടില്‍ തീര്‍ത്ത സരസ്വതി വിഗ്രഹവും ലോക്കറ്റുകളും. കോവളം വെള്ളാര്‍ കൈതവിള വീട്ടില്‍ നജീബാണ് കബളിപ്പിക്കപ്പെട്ടത്.
രണ്ടാഴ്ച മുമ്പ് നജീബിന്റെ മൊബൈല്‍ ഫോണില്‍ 07827845190 എന്ന നമ്പറില്‍ നിന്നൊരു കോള്‍ വന്നു. 3250 രൂപ നല്‍കിയാല്‍ 11,000 രൂപ വിലയുള്ള സാംസങ് ഗാലക്‌സി ജെ5 ഇനത്തില്‍പ്പെട്ട മൊബൈല്‍ ഫോണ്‍ ലഭ്യമാവുമെന്നായിരുന്നു സന്ദേശം. പാഴ്‌സല്‍ ലഭ്യമാവുമ്പോള്‍ പണം നല്‍കിയാല്‍ മതിയെന്നായിരുന്ന വ്യവസ്ഥ. വെള്ളിയാഴ്ച കൊറിയര്‍ സര്‍വീസ് വഴിയെത്തിയ പാഴ്‌സല്‍ നജീബ് 3250 രൂപ നല്‍കി വാങ്ങി. പാഴ്‌സലിന്റെ പുറത്ത് APPS Enterprises, Rohini Sect 7, Delhi 110085, 07827845190 എന്ന മേല്‍വിലാസം രേഖപ്പെടുത്തിയിട്ടുണ്ട്.
പാഴ്‌സല്‍ പൊളിച്ച് നോക്കിയപ്പോഴാണ് അതിനുള്ളില്‍ തകിടില്‍ തീര്‍ത്ത ഒരു ചെറിയ സരസ്വതി വിഗ്രഹം, ഒരു ആമയുടെ രൂപം, രണ്ട് പാദങ്ങളും പതിഞ്ഞിട്ടുള്ള ഒരു തകിട്, രണ്ട് ലോക്കറ്റുകള്‍ മറ്റൊരു തുണ്ട് തകിട് എന്നിവ കണ്ടെത്തിയത്.
നജീബ് പാഴ്‌സലില്‍ ഉണ്ടായിരുന്ന നമ്പറില്‍ തിരിച്ചു വിളിച്ചപ്പോള്‍ ഫോണ്‍ അയച്ചു കൊടുക്കാമെന്ന് ആദ്യം മലയാളത്തിലും പിന്നീട് ഹിന്ദിയില്‍ ഭീഷണി സ്വരവുമാണ് കേള്‍ക്കാന്‍ കഴിഞ്ഞത്.
എന്നാല്‍ കബളിപ്പിക്കപ്പെട്ടതോടെ എന്ത് ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് നജീബ്.
Next Story

RELATED STORIES

Share it