ഓണ്‍ലൈന്‍ കാര്‍ വില്‍പ്പന: വിമാനത്താവളത്തിന്റെ പേരില്‍ തട്ടിപ്പ്

നെടുമ്പാശ്ശേരി: ഓണ്‍ലൈന്‍ സൈറ്റുകളിലൂടെ കാര്‍ വില്‍പ്പന പരസ്യം നല്‍കി നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ പേരില്‍ തട്ടിപ്പ്. വിമാനത്താവളത്തില്‍ കാര്‍ പാര്‍ക്ക് ചെയ്തിട്ടുണ്ടെന്നും നിശ്ചിത തുക മുന്‍കൂര്‍ അടച്ച് കാര്‍ സ്വന്തമാക്കാമെന്നും കാണിച്ചുള്ള തട്ടിപ്പില്‍ നിരവധി പേര്‍ ഇതിനോടകം കുടുങ്ങിയിട്ടുണ്ട്.
ഓണ്‍ലൈന്‍ സൈറ്റിലൂടെയാണ് തട്ടിപ്പ്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ഉദ്യോഗസ്ഥനാണെന്നും കാര്‍, പാര്‍ക്കിങ് ഏരിയയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്നും വാങ്ങാന്‍ താല്‍പര്യമുള്ളവര്‍ പ്രാഥമിക നടപടികള്‍ക്കായി നിശ്ചിത തുക ബാങ്കില്‍ നിക്ഷേപിക്കണമെന്നും പരസ്യത്തില്‍ പറയുന്നുണ്ട്. പരസ്യത്തിനൊപ്പമുള്ള ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുന്നവരോട് എണ്‍പതിനായിരം മുതല്‍ ഒരുലക്ഷം രൂപ വരെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെടുന്നു. ഫോക്‌സ് വാഗണ്‍ ജെറ്റ, ഹോണ്ട മൊബിലിയോ കാറുകളുടെ ഫോട്ടോകളാണ് പരസ്യത്തിനൊപ്പം ചേര്‍ത്തിട്ടുള്ളത്. ഫോണില്‍ ബന്ധപ്പെടുന്നവരോട് ഒരു സ്ത്രീയാണ് പ്രതികരിക്കുന്നത്. താന്‍ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥയാണെന്നും നിലവില്‍ തിരക്കുള്ളതിനാല്‍ നേരിട്ടു കാണാന്‍ കഴിയില്ലെന്നും തുക നിക്ഷേപിച്ച ശേഷം വിമാനത്താവളത്തിലെത്തി കച്ചവടം ഉറപ്പിക്കാമെന്നുമുള്ള വാഗ്ദാനത്തില്‍ നിരവധി പേര്‍ കുടുങ്ങിയിട്ടുണ്ട്.
എന്നാല്‍, കൊച്ചിന്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡി(സിയാല്‍)ന് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും സിയാല്‍ കമ്പനിയോ ജീവനക്കാരോ ഇത്തരമൊരു പരസ്യം നല്‍കിയിട്ടില്ലെന്നും എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ സി കെ നായര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
സിയാലുമായി ബന്ധപ്പെട്ട എല്ലാ ടെന്‍ഡറുകളും സിയാലിന്റെ വെബ്‌സൈറ്റായ www.cial.aeroയാണ് പരസ്യപ്പെടുത്താറുള്ളത്. സ്ഥാപനത്തിന്റെ സല്‍പേര് ഉപയോഗിച്ചു നടത്തുന്ന ഓണ്‍ലൈന്‍ തട്ടിപ്പില്‍ വഞ്ചിതരാവരുതെന്നും ഇതുമായി ബന്ധപ്പെട്ടുള്ള നഷ്ടങ്ങള്‍ക്ക് സിയാലിന് യാതൊരു വിധ ഉത്തരവാദിത്തവുമുണ്ടാവില്ലെന്നും എയര്‍പോര്‍ട്ട് ഡയറക്ടര്‍ വ്യക്തമാക്കി. ഇതുസംബന്ധിച്ച് ഇതുവരെ ലഭിച്ചിട്ടുള്ള പരാതികള്‍ പോലിസിന് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
Next Story

RELATED STORIES

Share it