Kollam Local

ഓണ്‍ലൈനിലൂടെ നികുതി അടക്കാനുള്ള സംവിധാനം ഉടന്‍ നടപ്പാക്കും: റവന്യൂ മന്ത്രി

കൊല്ലം: പൊതുജനങ്ങള്‍ക്ക് നേരിട്ട് ഓണ്‍ലൈനിലൂടെ നികുതി അടക്കാനുള്ള സംവിധാനം ഉടന്‍ നടപ്പാക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി അടൂര്‍ പ്രകാശ്. ഓണ്‍ലൈന്‍ പോക്കുവരവിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ആദ്യഘട്ടത്തില്‍ ജില്ലയിലെ തിരഞ്ഞെടുത്ത 20 വില്ലേജുകളിലാണ് ഓണ്‍ലൈന്‍ പോക്കുവരവ് സംവിധാനം ഏര്‍പ്പെടുത്തുന്നത്. ഈ വര്‍ഷം മാര്‍ച്ച് 31 നകം 71 വില്ലേജുകളിലേക്ക് കൂടി ഇതു വ്യാപിപ്പിക്കും.
സംസ്ഥാനത്തെ 1664 വില്ലേജുകളില്‍ 481 എണ്ണത്തില്‍ പോക്കുവരവ് ഓണ്‍ലൈനില്‍ ആക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി കഴിഞ്ഞതായും മന്ത്രി പറഞ്ഞു.
ജനങ്ങള്‍ക്ക് സേവനങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിനായി വിവര സാങ്കേതികവിദ്യയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാനുള്ള കാലതാമസം ഒഴിവാക്കും.
പൈലറ്റടിസ്ഥാനത്തില്‍ തിരുവനന്തപുരം ജില്ലയില്‍ പോക്കുവരവ് ഓണ്‍ലൈന്‍ സംവിധാനം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് മറ്റൊരു ജില്ല പോക്കുവരവ് ഓണ്‍ലൈനിലൂടെ ലഭ്യമാക്കുന്നത്. രജിസ്‌ട്രേഷന്‍ നടക്കുന്ന ദിവസം തന്നെ പോക്കുവരവ് ലഭിക്കുമെന്ന് മന്ത്രി അറിയിച്ചു.
കടപ്പാക്കട കഞ്ഞിക്കല്‍ വീട്ടില്‍ അജിതകുമാരി, എഴുകോണ്‍ ഷീനാ കോട്ടേജില്‍ നൗഷാദ്, കുരീപ്പുഴ മന്ദരിത്തില്‍ ഷിഹാബുദ്ദീന്‍, തേവള്ളി തോപ്പില്‍ വീട്ടില്‍ രാജന്‍, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ക്കാണ് ആദ്യദിവസം ഓണ്‍ലൈനിലൂടെ പോക്കുവരവ് നല്‍കിയത്.
സംസ്ഥാന ഭരണത്തിന്റെ മുഖ്യനോഡല്‍ വകുപ്പായ റവന്യൂവില്‍ പലകാര്യങ്ങള്‍ക്കും കാലതാമസം നേരിടുന്നതിന് കാരണം കാലപ്പഴക്കം ചെന്ന നിയമങ്ങളും ചട്ടങ്ങളും ഉത്തരവുകളുമാണെന്ന് ചടങ്ങില്‍ പങ്കെടുത്ത എന്‍ കെ പ്രേമചന്ദ്രന്‍ എംപി പറഞ്ഞു. ഇവയൊക്കെ കാലത്തിനനുസരിച്ച് ക്രോഡീകരിച്ച് സമഗ്രമായ നിയമപരിഷ്‌കരണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്ക് ലഭിക്കുന്ന സേവനങ്ങള്‍ ഓണ്‍ലൈനിലൂടെയാകുമ്പോള്‍ സമയലാഭത്തിനൊപ്പം നടപടികള്‍ക്ക് സുതാര്യതയും കൈവരുന്നതായി ജില്ലാ കളക്ടര്‍ എ ഷൈനാമോള്‍ പറഞ്ഞു.
കൊല്ലം താലൂക്ക് ഓഫീസ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ മേയര്‍ വി രാജേന്ദ്രബാബു അധ്യക്ഷത വഹിച്ചു. എ എ അസീസ് എംഎല്‍എ, അസിസ്റ്റന്റ് കളക്ടര്‍ ഡോ. എസ് ചിത്ര, എഡിഎം എം എ റഹീം, ആര്‍ഡിഒ എം വിശ്വനാഥന്‍, കൊല്ലം വികസന അതോറിറ്റി ചെയര്‍മാന്‍ എ കെ ഹഫീസ്, ഡെപ്യൂട്ടി കലക്ടര്‍ കെ ടി വര്‍ഗീസ് പണിക്കര്‍, തഹസീല്‍ദാര്‍ എം എച്ച് ഷാനവാസ്ഖാന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it