ഓണറേറിയം നല്‍കിയില്ല; ചരിത്ര ഗവേഷണ കൗണ്‍സില്‍ അധ്യക്ഷന്‍ രാജി സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ ചെയര്‍മാന്‍ രാജി വച്ചു. സംഘപരിവാര സഹയാത്രികനായ വൈ സുദര്‍ശന്‍ റാവുവാണ് സഥാനമേറ്റ് ഒന്നര വര്‍ഷം തികയും മുമ്പ് രാജി വച്ചത്. മാസത്തില്‍ ഒന്നര ലക്ഷം രൂപ ഓണറേറിയം നല്‍കണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കാതിരുന്നതാണ് രാജിക്ക് കാരണമെന്ന് കരുതുന്നു. എന്നാല്‍ രാജിയുടെ കാരണം റാവു വ്യക്തമാക്കിയിട്ടില്ല. ചൊവ്വാഴ്ചയാണ് റാവു മാനവ വിഭവശേഷി മന്ത്രി സമൃതി ഇറാനിക്ക് രാജിക്കത്തയച്ചത്. വ്യക്തിപരമായ കാരണമാണ് രാജിക്ക് പിന്നിലെന്ന് റാവു ഒരു ദേശീയ ദിനപത്രത്തോട് പറഞ്ഞു. രാജി സര്‍ക്കാര്‍ ഇതുവരെ സ്വീകരിക്കുകയോ തള്ളുകയോ ചെയ്തിട്ടില്ല.
സപ്തംബറില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് ചെയര്‍മാന് ഓണറേറിയം നല്‍കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കാനുള്ള തീരുമാനമുണ്ടായത്. ചെയര്‍മാനോടുള്ള ആദരസൂചകമായി മാന്യമായ ഒരു തുക ഓണറേറിയമായി നല്‍കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന നിവേദനം കൗണ്‍സില്‍ ഐകകണ്‌ഠ്യേന പാസാക്കുകയും പരിഗണനയ്ക്കായി മാനവ വിഭവശേഷി മന്ത്രാലയത്തിന് കൈമാറുകയും ചെയ്തിരുന്നു. ഒന്നര ലക്ഷം രൂപയായിരുന്നു കൗണ്‍സില്‍ ഓണറേറിയമായി ആവശ്യപ്പെട്ടത്.എന്നാല്‍, കൗണ്‍സില്‍ ചെയര്‍മാന്‍ പദവിയില്‍ ഇരിക്കുന്നവര്‍ക്ക് ഓണറേറിയം നല്‍കുന്ന പതിവ് ഇല്ലെന്നും ഇത് റാവുവിന് അറിയാമായിരുന്നെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
ആര്‍എസ്എസിന്റെ ചരിത്രവിഭാഗം സംഘടനയായ അഖില ഭാരതീയ ഇതിഹാസ് സങ്കലന്‍ യോജനയില്‍ അംഗമാണ് റാവു.പുരാണ ഗ്രന്ഥങ്ങളായ മഹാഭാരതവും രാമായണവും ചരിത്ര ഗവേഷണത്തിനുളള ആധികാരിക ഗ്രന്ധങ്ങളായി ഉപയോഗിക്കാമെന്ന തരത്തിലുള്ള റാവുവിന്റെ പരാമര്‍ശം നേരത്തേ വിമര്‍ശനത്തിനിടയാക്കിയിരുന്നു. റാവുവിന്റെ ശുപാര്‍ശയെത്തുടര്‍ന്ന് ഭാരതീയ ഇതിഹാസ് സങ്കലന്‍ യോജനയുടെ ഓഫിസ് ഭാരവാഹികളായ മൂന്ന് ആര്‍എസ്എസ് അനുഭാവികളെക്കൂടി മാനവവിഭവശേഷി മന്ത്രാലയം ചരിത്ര കൗണ്‍സിലില്‍ ഉള്‍പ്പെടുത്തിയിരുന്നു.
Next Story

RELATED STORIES

Share it