Idukki local

ഓട്ടോ കാറിലിടിച്ചതിനെചൊല്ലി പോലിസ് സ്റ്റേഷനില്‍ ബഹളം

തൊടുപുഴ: ഓട്ടോ കാറിലിടിച്ച സംഭവത്തില്‍ പോലിസ് പക്ഷപാതം കാണിച്ചെന്നാരോപിച്ച് നാട്ടുകാര്‍ പോലിസ് സ്‌റ്റേഷനിലെത്തി ബഹളം വച്ചു. മുട്ടം തോട്ടുംകരയില്‍ ഞായറാഴ്ച ഉച്ചയ്ക്ക് 12നു കാറും ഓട്ടോറിക്ഷയും തമ്മില്‍ കൂട്ടിയിടിച്ചത്.
ഇരാറ്റുപേട്ടയില്‍ നിന്നും തൊടുപുഴയ്ക്ക് വരികയായിരുന്ന മുതലക്കോടം പട്ടയംകവല മാളിയേക്കല്‍ ദിലീപും കുടുംബവും സഞ്ചരിച്ചിരുന്ന ഓട്ടോ ഉന്നത പോലിസ് ഉദ്ദ്യോഗസ്ഥന്റെ ഭാര്യ ഓടിച്ച കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. തെറ്റായ ദിശയില്‍ ഇന്‍ഡിക്കേറ്റര്‍ ലൈറ്റ് തെളിയിച്ച ശേഷം നേരെ എതിര്‍ ദിശയിലേക്ക് കാര്‍ തിരിച്ചതാണ് അപകട കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ഭാര്യയുടെ കാര്‍ അപകടത്തില്‍പ്പെട്ട വിവരമറിഞ്ഞെത്തിയ പോലിസ് ഉന്നതന്‍ ഓട്ടോ ഡ്രൈവറോടും അതിലുണ്ടായിരുന്ന സ്ത്രീകളും കൊച്ചു കുട്ടിയുമടങ്ങുന്ന യാത്രക്കാരോടും ദേഷ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി കണ്ടു നിന്നവര്‍ പറഞ്ഞു. ഉടന്‍ തന്നെ സ്ഥലത്തെത്തിയ മുട്ടം സ്‌റ്റേഷനിലെ എസ്‌ഐ സുകുവിന്റെ നേതൃത്തില്‍ ഓട്ടോയും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരെയും സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.
ഇവരെ മണിക്കൂറോളം സ്‌റ്റേഷനില്‍ നിര്‍ത്തിയെങ്കിലും ജാമ്യത്തില്‍ വിടാന്‍ പോലിസ് തയ്യാറായില്ല.
കാറിനുണ്ടായ കേടുപാടുകള്‍ തീര്‍ത്തു നല്‍കണമെന്നും നഷ്ടപരിഹാരം കൊടുക്കണമെന്നും മുട്ടം പോലിസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതായി ദിലീപ് പറഞ്ഞു.
കാര്‍ പോലിസ് തന്നെ സ്‌റ്റേഷനിലെത്തിച്ചെങ്കിലും പോലിസ് ഉന്നതന്റെ ഭാര്യ സ്‌റ്റേഷനില്‍ വരിക പോലും ചെയ്തില്ല. ഓട്ടോ യാത്രികരെ തടഞ്ഞു നിര്‍ത്തിയതറിഞ്ഞ് അപകട സ്ഥലത്തുണ്ടായിരുന്ന നാട്ടുകാര്‍ സ്‌റ്റേഷനില്‍ എത്തി പ്രതിഷേധിക്കുകയും ഓട്ടോഡ്രൈവറെ അവര്‍ തന്നെ ജാമ്യത്തില്‍ ഇറക്കുകയും ചെയ്യുകയായിരുന്നു.
Next Story

RELATED STORIES

Share it