Kottayam Local

ഓട്ടത്തിനിടെ സ്റ്റിയറിങ് വേര്‍പെട്ട് കാര്‍ തലകീഴായി മറിഞ്ഞു

എരുമേലി: ഓട്ടത്തിനിടെ സ്റ്റിയറിങിന്റെ ജോയിന്റ് വേര്‍പെട്ട് നിയന്ത്രണം തെറ്റിയ കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് വന്‍ ശബ്ദത്തോടെ റോഡിലേയ്ക്കു തലകീഴായി മറിഞ്ഞു. കാര്‍ ഓടിച്ചിരുന്ന വൈദികന്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഓടിക്കൂടിയ നാട്ടുകാര്‍ ഡോര്‍ തുറന്നപ്പോള്‍ തലകീഴായി സീറ്റ് ബെല്‍റ്റില്‍ നിന്നു ഇറങ്ങി ഒരു പോറല്‍ പോലുമില്ലാതെ വൈദികന്‍ പുറത്ത് വന്നു. ഇന്നലെ രാവിലെ 11.30ഓടെ എരുമേലി-റാന്നി റോഡിലെ മുക്കട ജങ്ഷനിലായിരുന്നു അപകടം.
കനകപ്പലം സെന്റ് ജോര്‍ജ് കാതോലിക്കേറ്റ് സെന്ററിലെ വൈദികന്‍ റവ. ഫാദര്‍ ജോമോന്‍ ജോണ്‍ ആയിരുന്നു കാര്‍ ഓടിച്ചിരുന്നത്. ഇടവകാംഗത്തിന്റെ വീട്ടിലെ ചടങ്ങുകള്‍ക്കു ശേഷം കനകപ്പലത്തു നിന്നു കറുകച്ചാല്‍ വഴി കോട്ടയത്ത് അരമനയിലേയ്ക്കു പോവുമ്പോഴായിരുന്നു സംഭവം. മുക്കടയിലെ വളവില്‍ സ്റ്റിയറിങ് ജോയിന്റ് വേര്‍പെടുകയായിരുന്നു. ഇതറിയാതെ വളവ് തിരിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്നു വൈദികന്‍ പറഞ്ഞു. വീതികൂട്ടിയപ്പോള്‍ റോഡിനുള്ളിലായ വൈദ്യുതി പോസ്റ്റിലാണ് കാര്‍ ഇടിച്ചത്.
പോസ്റ്റിലിടിച്ച കാര്‍ റോഡിലേക്കു തലകീഴായി മറിയുകയായിരുന്നു. ഒപ്പം വൈദ്യുതി പോസ്റ്റ് തകര്‍ന്നു വീഴുകയും ചെയ്തു. ഉടന്‍ തന്നെ വൈദ്യുതി ബന്ധം നിലച്ചത് വന്‍ അപകടം ഒഴിവാക്കി. കാര്‍ പൂര്‍ണമായും തകര്‍ന്നു. പിന്നീട് സ്ഥലത്തെത്തിയ കെഎസ്ഇബി അധികൃതര്‍ പോലിസ് നിര്‍ദേശ പ്രകാരം സുരക്ഷ മുന്‍നിര്‍ത്തി പുതിയ പോസ്റ്റ് പാതയോരത്ത് സ്ഥാപിച്ചു.
Next Story

RELATED STORIES

Share it