ഓടുന്ന വണ്ടിയില്‍ ഗാര്‍ഡിനെ കൊലപ്പെടുത്തി; ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു

ലതേഹര്‍/ധന്‍ബാദ്: ജാര്‍ഖണ്ഡിലെ ലതേഹര്‍ ജില്ലയില്‍ ചരക്കുവണ്ടിയുടെ ഗാര്‍ഡിനെ കൊലപ്പെടുത്തി. എന്‍ എല്‍ റാമാണ് ഓടുന്ന വണ്ടിയില്‍ കൊലചെയ്യപ്പെട്ടത്. ബര്‍വാദി റെയില്‍വേ സ്റ്റേഷന്‍ മാസ്റ്ററുമായി റാം സിഗ്നല്‍ വഴി ബന്ധപ്പെടാതിരുന്നതിനെത്തുടര്‍ന്ന് റെയില്‍വേ ജീവനക്കാര്‍ നടത്തിയ തിരച്ചിലിലാണു വണ്ടിയില്‍ രക്തത്തില്‍ കുളിച്ചനിലയില്‍ മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തെത്തുടര്‍ന്ന്, സുരക്ഷ ആവശ്യപ്പെട്ട് റെയില്‍വേ ജീവനക്കാര്‍ സമരം നടത്തിയതിനാല്‍ പൂര്‍വ-മധ്യ റെയില്‍വേയുടെ കോള്‍ ഇന്ത്യ ചോര്‍ഡ് (സിഐസി) സെക്ഷനില്‍ എട്ടുമണിക്കൂര്‍ റെയില്‍ ഗതാഗതം സ്തംഭിച്ചു. റാമിനെ അജ്ഞാതര്‍ തല്ലിക്കൊല്ലുകയായിരുന്നുവെന്ന് പോലിസുദ്യോഗസ്ഥന്‍ പറഞ്ഞു.
സംഭവത്തെത്തുടര്‍ന്ന് ഡിവിഷനല്‍ റെയില്‍വേ മാനേജര്‍ ബി ബി സിങ് ഡിവിഷന്‍ സേഫ്റ്റി കമ്മീഷണര്‍ എന്‍ എ ഝാ എന്നിവര്‍ സ്ഥലത്തെത്തി. സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച നടത്തി റെയില്‍വേ ജീവനക്കാര്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തുമെന്ന് സിങ് ഉറപ്പുനല്‍കിയതോടെയാണു സമരം പിന്‍വലിച്ചത്.
ക്രമസമാധാന പാലനം സംസ്ഥാന സര്‍ക്കാരിന്റെ പരിധിയില്‍പ്പെടുന്നതാണെന്ന് അദ്ദേഹം ജീവനക്കാരോടു പറഞ്ഞു. ബര്‍കകാന സ്റ്റേഷനില്‍ നിന്ന് കല്‍ക്കരി കയറ്റി ബര്‍വാധി റെയില്‍വേ സ്റ്റേഷനിലേക്കു വരികയായിരുന്ന ചരക്കുവണ്ടിയുടെ ഗാര്‍ഡായിരുന്നു റാം.
Next Story

RELATED STORIES

Share it