ഓടിത്തെളിഞ്ഞ മണ്‍തരിയില്‍  കടമ്പകള്‍ ചാടിക്കടന്ന് ലസാന്‍

മുജീബ് പുള്ളിച്ചോല

കോഴിക്കോട്: മാതാപിതാക്കളുടേയും സ്വന്തം നാട്ടുകാരുടെയും മുന്നില്‍, അധ്യാപകരുടെയും സഹപാഠികളുടെയും മുന്നില്‍, ഓടിവളര്‍ന്ന മണ്‍തരിയില്‍ മുഹമ്മദ് ലസാന് പിഴച്ചില്ല. ആദ്യ ദേശീയ സ്‌കൂള്‍ മീറ്റിന് ട്രാക്കിലിറങ്ങിയപ്പോള്‍ത്തന്നെ സ്വര്‍ണം നേടാനായതിന്റെ ആഹ്ലാദത്തിലാണ് കോഴിക്കോടിന്റെ ഈ സ്വന്തം കൊച്ചു മിടുക്കന്‍.
കോഴിക്കോട് ടൗണില്‍ മാവൂര്‍ റോഡ് പുതിയ സ്റ്റാന്റിനടുത്ത് മസയില്‍ അബ്ദുല്‍ നിഷാദിന്റെയും ഷൈഖാ നിഷാദിന്റെയും രണ്ടാമത്തെ മകനായ ലസാന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് കാംപസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എട്ടാംതരം വിദ്യാര്‍ഥിയാണ്. യാദൃശ്ചികമായിട്ടാവാം, സംസ്ഥാന സ്‌കൂള്‍ മീറ്റും ദേശീയ മീറ്റും ലസാന്റെ പരിശീലനത്തിന്റെ വിയര്‍പ്പുതുള്ളികള്‍ വീണ ഒളിംപ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തിലെ മണ്ണിലെത്തുന്നത്. ലസാന്‍ മീറ്റിന്റെ അവസാന ദിനം ട്രാക്കിലിറങ്ങുന്നുണ്ടെന്ന് കോഴിക്കോട്ടുകാര്‍ക്കറിയാമായിരുന്നു. അതിനാല്‍ ഉച്ചയ്ക്കു നടന്ന സബ്ജൂനിയര്‍ ഹര്‍ഡില്‍സ് കാണാന്‍ നാട്ടുകാരും സഹപാഠികളും കുടുംബക്കാരും സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തി. അനൗണ്‍സ്‌മെന്റ് മുഴങ്ങിയപ്പോള്‍ ഗ്യാലറി ലസാനു വേണ്ടി ആര്‍പ്പുവിളിയും തുടങ്ങി. ഉമ്മയും ഉപ്പയും സഹോദരനും കുഞ്ഞനുജത്തിയും ഗ്യാലറിയില്‍ പ്രാര്‍ഥനയോടെയിരുന്നു. നാട്ടുകാരും കുടുംബക്കാരും സഹപാഠികളും അകമഴിഞ്ഞ പ്രോല്‍സാഹനവും നല്‍കി. മേള തുടങ്ങി ഇതുവരെ ഒരു താരത്തിനും ലഭിക്കാത്ത കയ്യടിയാണ് ഹോം ഗ്രൗണ്ടില്‍ ലസാനു ലഭിച്ചത്. സ്റ്റാര്‍ട്ട് വിസില്‍ മുഴങ്ങിയതോടെ ലസാന്‍ കുതിച്ചു. ചാടിയും ഓടിയും കടമ്പകള്‍ കടന്നും 0:1:39 സെക്കന്റ് കൊണ്ട് സ്വര്‍ണവുമായി ഫിനിഷിങ് പോയിന്റിലെത്തി.
ആദ്യം ഓടി വന്നു ബായിച്ചിയുടെ വക മുത്തം. തൊട്ടുപിന്നാലെ ഉമ്മയും വലിയുമ്മയും സഹോദരനും. എന്റെ ഉമ്മയാണ് എന്റെ പ്രചോദനം ലസാന്‍ മാധ്യമപ്രവര്‍ത്തകരോടായി പറഞ്ഞു. ട്രാക്കിനു പുറത്തെത്തിയ ലസാനെ അവിടെയും വിട്ടില്ല, കുടുംബാംഗങ്ങളുടെ ആശ്ലേഷം, നാട്ടുകാര്‍ കൂടെനിന്ന് സെല്‍ഫി, സഹപാഠികള്‍ തോളിലേറ്റി ആഹ്ലാദ നൃത്തം. നാട്ടുകാര്‍ക്ക് മുമ്പില്‍ നാട്ടുകാരുടെ അഭിമാന സ്വര്‍ണ ജേതാവായി മാറുകയായിരുന്നു ലസാന്‍.
കോഴിക്കോട് സായിയിലെ കായികാധ്യപകരായ സതീഷ്, മുരളി എന്നിവരാണ് ലസാന്റെ പരിശീലകര്‍. പ്ലസ്ടു വിദ്യാര്‍ഥിയായ ലഹാസ് സഹോദരനാണ്. സ്‌കൂള്‍ തലത്തില്‍ ഷോട്ട് പുട്ടില്‍ ഒന്നാം സ്ഥാനക്കാരിയായ ലസാന്റെ ഉമ്മയും കായിക താരമായിരുന്നു.
Next Story

RELATED STORIES

Share it