Districts

ഒളിംപ്യന്‍ അനില്‍കുമാറിനെ വീണ്ടും തഴഞ്ഞു

സുധീര്‍ കെ ചന്ദനത്തോപ്പ്

കൊല്ലം: കേരളത്തിലെ മികച്ച കായികതാരങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കിവരുന്ന ജി വി രാജ അവാര്‍ഡിന് ഇത്തവണയും ഒളിംപ്യന്‍ പി അനില്‍കുമാറിന് അവഗണന. അവാര്‍ഡ് നിര്‍ണയത്തിലെ അപാകത ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ഹരിപ്പാട് എക്‌സ്പ്രസ് എന്ന് അറിയപ്പെടുന്ന ഈ അതിവേഗ ഓട്ടക്കാരന്‍.
2000 മുതല്‍ താന്‍ അവാര്‍ഡിന് അപേക്ഷിക്കുന്നുണ്ടെങ്കിലും അധികൃതര്‍ തഴയുകയാണെന്ന് അനില്‍കുമാര്‍ തേജസിനോട് പറഞ്ഞു. ഒരു തവണ തലേദിവസംവരെ തനിക്കാണെന്നറിഞ്ഞ അംഗീകാരം പിറ്റേന്ന് മറ്റൊരാള്‍ക്കായി. അപേക്ഷ നല്‍കി നേടേണ്ടതല്ല; വിളിച്ചുതരേണ്ടതാണ് അവാര്‍ഡുകളെന്ന് തനിക്കറിയാം. പക്ഷേ, ഇതൊരു ഗതികേടാണ്. കായിക അവാര്‍ഡുകള്‍ വ്യക്തമായ മാനദണ്ഡങ്ങള്‍ അനുസരിച്ച് നിശ്ചയിച്ചാല്‍ ഈ കുഴപ്പമില്ല. അവാര്‍ഡുകള്‍ക്ക് പിന്നില്‍ ചിലരുടെ താല്‍പര്യങ്ങളുണ്ട്. പത്തിരുപത് കൊല്ലമായി അവാര്‍ഡ് നേടിയവരുടെ ലിസ്റ്റ് പരിശോധിക്കട്ടെ. ഇവരെക്കാള്‍ മോശമാണ് ഞാനെങ്കില്‍ പരിഗണിക്കേണ്ട; തരേണ്ട. അനില്‍കുമാര്‍ പ്രതികരിച്ചു.
1998ല്‍ സ്വര്‍ണവും 2007ല്‍ വെള്ളിയും നേടിയ സാഫ് ഗെയിംസ് അടക്കം വിജയത്തിന്റെ പെരുമഴയ്ക്കിടെയാണ് അവഗണനയില്‍ മനംനൊന്ത് ഇദ്ദേഹം ട്രാക്ക് വിട്ടത്. കഴിഞ്ഞ തവണ മുതിര്‍ന്ന താരങ്ങളെന്ന പേരില്‍ അഞ്ജുവിനും ടോംജോസിനും നല്‍കിയ പരിഗണന പോലും ഇത്തവണ തനിക്ക് ലഭിച്ചില്ലെന്നും അനില്‍കുമാര്‍ പറയുന്നു.
രണ്ട് വര്‍ഷമായി അനില്‍ കൊല്ലം സായിയില്‍ പരിശീലകനാണ്. അവഗണനയ്ക്കിടയിലും 2019ല്‍ ജക്കാര്‍ത്തയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ താന്‍ പരിശീലിപ്പിക്കുന്ന അഞ്ച് കുട്ടികളെ ഇന്ത്യന്‍ ടീമിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഇദ്ദേഹം.
Next Story

RELATED STORIES

Share it