Sports

ഒളിംപിക്‌സ് തയ്യാറെടുപ്പ്: സുശീല്‍കുമാര്‍ ഇന്ത്യന്‍ സംഘത്തിലില്ല

ന്യൂഡല്‍ഹി: രണ്ടു വട്ടം ഒളിംപിക്‌സ് മെഡല്‍ കരസ്ഥമാക്കിയ ഗുസ്തി താരം സുശീല്‍ കുമാറിനെ ഒഴിവാക്കി റിയോ ഒളിംപിക് തയ്യാറെടുപ്പിനായുള്ള ഇന്ത്യന്‍ ഗുസ്തി ടീമിനെ ദേശീയ റസ്‌ലിങ് ഫെഡറേഷന്‍ പ്രഖ്യാപിച്ചു. സുശീലും നര്‍സിങ് യാദവും തമ്മില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ നടന്ന വിവാദങ്ങള്‍ക്കു പിന്നാലെയാണ് സുശീല്‍ ഒഴിവാക്കപ്പെട്ടത്. ഫെഡറേഷന്റെ തീരുമാനത്തിനെതിരേ സുശീല്‍ ഡല്‍ഹി ഹൈക്കോടതിയെ സമിപിച്ചിട്ടുണ്ട്
യോഗ്യതാ ചാംപ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം നടത്തി നര്‍സിങ് നേരത്തേ തന്നെ റിയോ ഒളിംപിക്‌സിനു ടിക്കറ്റെടുത്തിരുന്നു. എന്നാല്‍ പരിക്കുമൂലം സുശീലിനു യോഗ്യതാ ടൂര്‍ണമെന്റില്‍ പങ്കെടുക്കാനായില്ല. താനും നര്‍സിങുമായി ഒരു മല്‍സരം നടത്തണമെന്നും അതില്‍ വിജയിക്കുന്നവരെ ഒളിംപിക്‌സ് സംഘത്തില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി സുശീല്‍ രംഗത്തുവന്നതാണ് വിവാദത്തിനു വഴിമരുന്നിട്ടത്. വിവാദത്തില്‍ ഇടപെടാന്‍ ദേശീയ റെസ്‌ലിങ് ഫെഡറേഷനും കായിക മന്ത്രാലയവും തയ്യാറല്ലെന്ന് അറിയിച്ചതോടെ തര്‍ക്കം പരിഹരിക്കപ്പെട്ടതുമില്ല.
തന്റെ ആവശ്യമറിയിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിലേക്കും ദേശീയ കായിക മന്ത്രാലയത്തിലേക്കും റെസ്‌ലിങ് ഫെഡറേഷനും താരം കത്ത് നല്‍കിയിട്ടുണ്ട്. ഇതിനു പിറകെയാണ് ഇന്നലെ നര്‍സിങിനെ ഉള്‍പ്പെടുത്തി ഇന്ത്യന്‍ ഗുസ്തി ടീമിനെ ഫെഡറേഷന്‍ തിരഞ്ഞെടുത്തത്. പുരുഷന്‍മാരുടെ 74 കിഗ്രാമിലാണ് നര്‍സിങ് ഒൡപിക്‌സില്‍ മല്‍സരിക്കുന്നത്.
ടീമിലില്ലെങ്കിലും പരിശീലനക്യാംപിലേക്ക് സുശീലിനെ സ്വാഗതം ചെയ്യുന്നതായി റെസ്‌ലിങ് ഫെഡറേഷന്‍ അറിയിച്ചു.
നാളെയാണ് സോനേപട്ടില്‍ ഒളിംപിക്‌സ് ക്യാംപ് ആരംഭിക്കുന്നത്. റിയോ ഒളിംപിക്‌സിനു യോഗ്യത കരസ്ഥമാക്കിയ താരങ്ങളെല്ലാം ക്യാംപില്‍ പങ്കെടുക്കും. സംഘത്തിനൊപ്പം ചേരാന്‍ സുശീലിനു താല്‍പര്യമുണ്ടെങ്കില്‍ തടയില്ല- റെസ്‌ലിങ് ഫെഡറേഷന്‍ വാര്‍ത്താക്കുറിപ്പില്‍ വിശദമാക്കി.
സൊനോവാള്‍ സായ് സെന്ററില്‍ സന്ദര്‍ശനം നടത്തി
പട്യാല: റിയോ ഒളിംപിക്‌സിനുള്ള ഇന്ത്യന്‍ അത്‌ലറ്റിക്‌സ് ടീം പരിശീലനം നടത്തുന്ന സായിയുടെ (സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ) ക്യാംപില്‍ കേന്ദ്ര കായികമന്ത്രി സര്‍ബാനന്ദ സൊനോവാള്‍ സന്ദര്‍ശനം നടത്തി. ക്യാംപിനെക്കുറിച്ചും താരങ്ങളുടെ തയ്യാറെടുപ്പുകളെക്കുറിച്ച് മനസ്സിലാക്കുന്നതിനുവേണ്ടിയാണ് സൊനോവാള്‍ സായി ക്യാംപിലെത്തിയത്.
ഓട്ടക്കാരി ദ്യുതി ചന്ദ്, ഡിസ്‌കസ് ത്രോ താരങ്ങളായ കിര്‍പാല്‍ സിങ്, ബല്‍ജീന്ദര്‍ സിങ് എന്നിവരുമായി മന്ത്രി സംസാരിച്ചു. സായിയില്‍ ഒരുക്കിയ തയ്യാറെടുപ്പുകളില്‍ അത്‌ലറ്റുകള്‍ സംതൃപ്തി രേഖപ്പെടുത്തിയതായി സൊനൊവാള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it