Sports

ഒളിംപിക്‌സില്‍ ജ്വലിക്കും ഇന്ത്യന്‍ ദീപം...

ന്യൂഡല്‍ഹി: ഇനി ഒളിംപിക്‌സ് ജിംനാസ്റ്റിക്‌സിലും ഇന്ത്യന്‍ ദീപം ജ്വലിക്കും. ഇന്ത്യന്‍ വനിതാ താരം ദീപ കര്‍മാക്കര്‍ റിയോ ഒളിംപിക്‌സില്‍ മല്‍സരിക്കാന്‍ യോഗ്യത നേടി. ഇതാദ്യമായാണ് ഒളിംപിക്‌സ് ജിംനാസ്റ്റിക്‌സിന് ഒരു ഇന്ത്യന്‍ വനിതാ താരത്തിനു യോഗ്യത ലഭിക്കുന്നത്. 52 വര്‍ഷത്തെ ഒൡപിക്‌സ് ചരിത്രത്തില്‍ ഇതുവരെ ഇന്ത്യയില്‍ നിന്നൊരു വനിതാ താരം ജിംനാസ്റ്റിക്‌സില്‍ മാറ്റുരച്ചിട്ടില്ല.
അന്താരാഷ്ട്ര ജിംനാസ്റ്റിക്‌സ് ഫെഡറേഷന്‍ പുറത്തിറക്കിയ ഒളിംപിക്‌സ് യോഗ്യതാ താരങ്ങളുടെ പട്ടികയില്‍ 79ാമതായാണ് ദീപയുടെ പേര് കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടുള്ളത്.
റിയോ ഡി ജനയ്‌റോയില്‍ നടന്ന യോഗ്യതാ ടൂര്‍ണമെന്റിലെ മിന്നുന്ന പ്രകടനം 22കാരിയായ ദീപയ്ക്ക് ഒളിംപിക്‌സ് ടിക്കറ്റ് സമ്മാനിക്കുകയായിരുന്നു. യോഗ്യതാ ചാംപ്യന്‍ഷിപ്പില്‍ താരത്തിന് 52.68 പോയിന്റ് ലഭിച്ചു.
രാജ്യത്തിനു സ്വാതന്ത്ര്യം ലഭിച്ച ശേഷം 11 പുരുഷ താരങ്ങ ള്‍ ഒളിംപിക്‌സില്‍ മല്‍സരിച്ചിട്ടുണ്ട്. 1952ലെ ഒളിംപിക്‌സില്‍ രണ്ടും 56ല്‍ മൂന്നും 64ല്‍ ആറും താരങ്ങളാണ് ജിംനാംസ്റ്റിക്‌സി ല്‍ ഭാഗ്യം പരീക്ഷിച്ചത്.
റിയോയില്‍ നടന്ന യോഗ്യതാ ടൂര്‍ണമെന്റില്‍ 14 താരങ്ങളാണ് മല്‍സരിച്ചത്. ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്‌സിലെ ഏറ്റവും കടുപ്പമേറിയ ഇനമെന്നു വിലയിരുത്തപ്പെടുന്ന പ്രഡുനോവയിലാണ് ദീപയ്ക്ക് ഏറ്റവുമധികം പോയിന്റ് ലഭിച്ചത്. 15.06 പോയിന്റ് നേടി ഇന്ത്യന്‍ താരം ഈ വിഭാഗത്തില്‍ ഒന്നാംസ്ഥാനത്തെത്തി. എന്നാല്‍ അണ്‍ഈവന്‍ ബാര്‍സില്‍ ദീപ നിരാശപ്പെടുത്തി. 11.7 പോയിന്റ് മാത്രമേ ത്രിപുര താരത്തിനു നേടാനായുള്ളൂ. 14 മല്‍സരാര്‍ഥികളിലെ ഏറ്റവും കുറഞ്ഞ സ്‌കോ റും ദീപയുടെ പേരിലാണ്.
മൂന്നാമത്തെ ഇനമായ ബീമി ല്‍ 13.66ഉം ഫ്‌ളോര്‍ എക്‌സസൈസില്‍ 12.57ഉം പോയിന്റ് കരസ്ഥമാക്കി ദീപ ഒളിംപിക്‌സിനു യോഗ്യത കൈക്കലാക്കുകയായിരുന്നു. യോഗ്യതാ ടൂര്‍ണമെന്റിലെ മികച്ച പ്രകടനം കണ്ടപ്പോള്‍ തന്നെ ദീപയ്ക്ക് ഒളിംപിക്‌സ് യോഗ്യത ലഭിക്കുമെന്ന് ഉറപ്പിച്ചിരുന്നതായി അന്താരാഷ്ട്ര റഫറിയായ ദീപക് കാഗ്ര പറഞ്ഞു.
''വളരെ മികച്ച സ്‌കോറാണ് യോഗ്യതാ ടൂര്‍ണമെന്റില്‍ ദീപ നേടിയത്. ഈ സ്‌കോര്‍ ഒളിംപിക്‌സ് യോഗ്യത താരത്തിനു നേടിക്കൊടുക്കുമെന്ന് ഞാന്‍ ഉറച്ചു വിശ്വസിച്ചിരുന്നു. ഇപ്പോള്‍ അന്താരാഷ്ട്ര ജിംനാസ്റ്റിക്‌സ് ഫെഡറേഷനും ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. ദീപയുടെ അവിസ്മരണീയ നേട്ടം ജിംനാസ്റ്റിക്‌സ് വിഭാഗത്തിനു മുഴുവന്‍ അഭിമാനം പകരുന്നതാണ്''- കാഗ്ര വിശദമാക്കി.
കഴിഞ്ഞ നവംബറില്‍ ഒളിംപിക്‌സ് യോഗ്യതയ്ക്കായി ദീപയ്ക്ക് ഒരു അവസരം ലഭിച്ചിരുന്നു. എന്നാല്‍ ലോക ജിംനാസ്റ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ അഞ്ചാംസ്ഥാനത്തേക്കു പിന്തള്ളപ്പെട്ടതോടെ താരത്തിന്റെ യോഗ്യത പ്രതീക്ഷകള്‍ക്കു തിരിച്ചടി നേരിട്ടു. എങ്കിലും ആദ്യമായി ജിംനാസ്റ്റിക്‌സ് ലോക ചാംപ്യന്‍ഷിപ്പില്‍ പങ്കെടുത്ത ഇന്ത്യന്‍ വനിതാ താരമെന്ന റെക്കോഡ് ദീപ സ്വന്തം പേരില്‍ കുറിച്ചു.
രണ്ടു വര്‍ഷം മുമ്പ് ഗ്ലാസ്‌ഗോയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലെ വെങ്കല മെഡല്‍ നേട്ടത്തോടെയാണ് ദീപ ശ്രദ്ധേയയാവുന്നത്. ഗെയിംസിന്റെ ചരിത്രത്തില്‍ ഒരു ഇന്ത്യന്‍ വനിതാതാരത്തിനു ജിംനാസ്റ്റിക്‌സില്‍ ലഭിച്ച ആദ്യ മെഡല്‍ കൂടിയായിരുന്നു ഇത്.
Next Story

RELATED STORIES

Share it