World

ഒളിംപിക്‌സിന് 50 ദിവസം മാത്രം; റിയോ ഡി ജനയ്‌റോയില്‍ സാമ്പത്തിക അടിയന്തരാവസ്ഥ 

ബ്രസീലിയ: ഒളിംപിക്‌സ് മല്‍സരങ്ങള്‍ നടക്കാന്‍ 50 ദിവസം ബാക്കിനില്‍ക്കെ ബ്രസീലിലെ റിയോ ഡി ജനയ്‌റോ സംസ്ഥാനത്ത് സാമ്പത്തിക അടിയന്തരാവസ്ഥ. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ഇടക്കാല ഗവര്‍ണര്‍ ഫ്രാന്‍സിസ്‌കോ ഡോര്‍നെല്ലെസ് അറിയിച്ചു. സാമ്പത്തിക സഹായം ലഭ്യമാക്കുമെന്ന് ഇടക്കാല പ്രസിഡന്റ് മിഷേല്‍ തെമര്‍ അറിയിച്ചു.
നികുതിപിരിവില്‍ വന്ന ഇടിവാണ് പ്രതിസന്ധിക്കു കാരണമെന്ന് ഗവര്‍ണര്‍ പറഞ്ഞു. രാജ്യത്താകെ സാമ്പത്തിക പണപ്പെരുപ്പം നേരിടുന്ന സാഹചര്യത്തില്‍ എണ്ണവ്യവസായ മേഖലകളില്‍ നിന്നും മറ്റുമുള്ള നികുതി പിരിവ് കാര്യക്ഷമമായി നടക്കുന്നില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. റിയോ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പെന്‍ഷന്‍കാര്‍ക്കും കുടിശ്ശിക നല്‍കി തീര്‍ക്കാനുണ്ട്. ആശുപത്രികളുടെയും പോലിസ് സ്റ്റേഷനുകളുടെയും പ്രവര്‍ത്തനങ്ങളെയും ഇതു സാരമായി ബാധിച്ചു. ആരോഗ്യം, വിദ്യാഭ്യാസം, സുരക്ഷ തുടങ്ങിയ മേഖലകളില്‍ പ്രതിസന്ധി രൂക്ഷമാ ണ്.
ഒളിംപിക്‌സിനായുള്ള ഭൂരിഭാഗം ചെലവും സ്‌പോണ്‍സര്‍ ചെയ്യുന്നത് റിയോ സിറ്റി സര്‍ക്കാരാണ്. ചില സ്വകാര്യ സ്ഥാപനങ്ങളും ധനസഹായം നല്‍കുന്നുണ്ട്. യാത്രാ-സുരക്ഷാ ചെലവുകളാണ് സംസ്ഥാനസര്‍ക്കാര്‍ നല്‍കേണ്ടത്. ഏതെങ്കിലും തരത്തിലുള്ള അപാകതകളുണ്ടായാല്‍ അത് രാജ്യത്തിന്റെ അഭിമാനത്തെ ബാധിക്കുമെന്ന് ഗവര്‍ണര്‍ പറഞ്ഞു.
അതേസമയം, റിയോ ഡി ജനയ്‌റോയിലെ സംസ്ഥാന ബജറ്റില്‍ ഇത്തവണ 5500 ശതകോടി ഡോളര്‍ കമ്മിയാണ്. സാമ്പത്തിക പ്രതിസന്ധിക്കു പുറമെ സിക്ക വൈറസിന്റെ വ്യാപനവും ഒളിംപിക്‌സ് സംഘാടകരെ കുഴക്കുന്നുണ്ട്. ഒൡപിക്‌സ് വേളയില്‍ അഞ്ചുലക്ഷത്തോളം വിദേശികള്‍ രാജ്യത്തെത്തുമെന്നാണ് കണക്കാക്കുന്നത്.
Next Story

RELATED STORIES

Share it