ഒറ്റ, ഇരട്ട നമ്പര്‍ വാഹനനിയന്ത്രണം: ഒരാഴ്ച പോരെയെന്ന് ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: മലിനീകരണം നിയന്ത്രിക്കുന്നതിനായി ഡല്‍ഹി സര്‍ക്കാര്‍ നടപ്പാക്കിയ നമ്പര്‍ അനുസരിച്ചുള്ള വാഹനനിയന്ത്രണം ഒരാഴ്ച പോരെയെന്ന് ഡല്‍ഹി ഹൈക്കോടതി. പെട്രോള്‍, ഡീസല്‍ കാറുകള്‍ അവയുടെ നമ്പര്‍ അനുസരിച്ച് ഇടവിട്ട ദിവസങ്ങളില്‍ പുറത്തിറങ്ങിയാല്‍ മതിയെന്ന സര്‍ക്കാര്‍ തീരുമാനം ജനുവരി 15 വരെ നടപ്പാക്കാനാണു തീരുമാനിച്ചിരുന്നത്. എന്നാല്‍, ഇതുമൂലമുണ്ടാവുന്ന യാത്രാദുരിതം പരിഹരിക്കാന്‍ ഡല്‍ഹിയിലെ പൊതുയാത്രാ സംവിധാനങ്ങള്‍ അപര്യാപ്തമാണെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. നിയന്ത്രണം ഒരാഴ്ചയില്‍ അധികം നടപ്പാക്കേണ്ടതിന്റെ ആവശ്യമെന്താണെന്നായിരുന്നു സംസ്ഥാനസര്‍ക്കാരിനോട് കോടതിയുടെ ചോദ്യം.

പദ്ധതി ആരംഭിച്ച ജനുവരി ഒന്നുമുതലുള്ള നഗരത്തിന്റെ മലിനീകരണത്തില്‍ വന്ന മാറ്റം സംബന്ധിച്ച റിപോര്‍ട്ട് വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കണം. സര്‍ക്കാരിന്റെ സ്ഥിതിവിവര റിപോര്‍ട്ട് അവ്യക്തമാണെന്നും അതിനി കൂടുതല്‍ അവതരിപ്പിക്കണമെന്നില്ലെന്നും കോടതി പറഞ്ഞു. മതിയായ പൊതുഗതാഗത സൗകര്യം ഇല്ലെന്നിരിക്കെ നിയന്ത്രണം 15 ദിവസം തുടരേണ്ടത് അത്യാവശ്യമാണൊയെന്നും ബെഞ്ച് ചോദിച്ചു. നിയന്ത്രണം ആറുദിവസം മതിയാവില്ലെയെന്നും ചീഫ് ജസ്റ്റിസ് ജി രോഹിണി, ജസ്റ്റിസ് ജയന്ത് നാഥ് എന്നിവരടങ്ങിയ ബെഞ്ച് സര്‍ക്കാരിനോട് ആരാഞ്ഞു. കഴിഞ്ഞ ആറുദിവസംകൊണ്ടു തന്നെ മലിനീകരണം സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടാവുമെന്നാണു കോടതി കരുതുന്നത്. നിയന്ത്രണംമൂലം പൊതുജനങ്ങള്‍ക്കുണ്ടാവുന്ന അസൗകര്യം സര്‍ക്കാര്‍ ചിന്തിക്കണം. നിയന്ത്രണത്തിനു പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും കോടതി വ്യക്തമാക്കി. മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുത്താതെ സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നിയന്ത്രണം ലംഘിക്കുന്നവരില്‍ നിന്നു പിഴ ഈടാക്കുന്നതിനെ ചോദ്യംചെയ്ത് ഡല്‍ഹി ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് നല്‍കിയ ഹരജിയില്‍ കോടതി സര്‍ക്കാരിനോടു വിശദീകരണം തേടി. പിഴ ഈടാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നാണു ഹരജിക്കാരന്റെ വാദം.
Next Story

RELATED STORIES

Share it