ഒറ്റ-ഇരട്ട നമ്പര്‍ വാഹനനിയന്ത്രണം:  രണ്ടാം ഘട്ടത്തിലും വനിതകള്‍ക്ക് ഇളവ്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഏപ്രില്‍ 15ന് തുടങ്ങുന്ന ഒറ്റ-ഇരട്ട നമ്പര്‍ അടിസ്ഥാനത്തിലുള്ള ഗതാഗത പരിഷ്‌കാരത്തിന്റെ രണ്ടാം ഘട്ടത്തിലും വനിതകളെയും വിദ്യാര്‍ഥികളുടെ വാഹനങ്ങളേയും ഒഴിവാക്കും. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിമാരുടേയും പദ്ധതി കോ-ഓഡിനേറ്റര്‍മാരുടേയും യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. ഇരുചക്ര വാഹനങ്ങളേയും സിഎന്‍ജി ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങളേയും കേന്ദ്രമന്ത്രിമാരേയും നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.  ഒന്നാംഘട്ടം നടപ്പിലാക്കിയ ജനുവരി ഒന്നു മുതല്‍ 15 വരെ സ്‌കൂളുകള്‍ക്ക് അവധിയായിരുന്നതിനാല്‍ വിദ്യാര്‍ഥികളുടെ പ്രശ്‌നം പരിഗണിച്ചിരുന്നില്ല.  രണ്ടാം ഘട്ടത്തില്‍ സ്‌കൂള്‍ യൂനിഫോമിലുള്ള വിദ്യാര്‍ഥികള്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്കാണ് ഇളവ് അനുവദിക്കുന്നത്. പരിശോധനാ സമയത്ത് സ്‌കൂളുകള്‍ വിതരണം ചെയ്യുന്ന പാസുകളോ മറ്റു രേഖകളോ വാഹനത്തില്‍ ഉണ്ടായിരിക്കണമെന്നും അധികൃതര്‍ അറിയിച്ചു. പദ്ധതി നടപ്പാക്കുന്നതിന്റെ മുന്നോടിയായി ഏപ്രില്‍ 12നും 13നും വിമുക്ത ഭടന്‍മാരേയും വിദ്യാര്‍ഥികളേയും പങ്കെടുപ്പിച്ച് ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. 15 ദിവസമാണ് പദ്ധതി നടപ്പാക്കുന്നത്.
Next Story

RELATED STORIES

Share it