ഒറ്റ, ഇരട്ട നമ്പര്‍ വാഹനങ്ങള്‍; നിയന്ത്രണം റദ്ദാക്കാനാവില്ലെന്ന് സുപ്രിംകോടതി

ന്യൂഡല്‍ഹി: വായു മലിനീകരണം തടയുന്നതിനായി ഡല്‍ഹി സര്‍ക്കാര്‍ നടപ്പാക്കിയ ഒറ്റ, ഇരട്ട നമ്പറുകളുടെ അടിസ്ഥാനത്തിലുള്ള വാഹന നിയന്ത്രണം റദ്ദാക്കാനാവില്ലെന്ന് സുപ്രിംകോടതി.
ഡല്‍ഹി സര്‍ക്കാര്‍ പ്രശസ്തി ആഗ്രഹിച്ചാണ് വാഹന നിയന്ത്രണം കൊണ്ടുവന്നതെന്നും ഇതു തുടരാന്‍ അനുവദിക്കരുതെന്നും ആവശ്യപ്പെട്ട് ഒരു അഭിഭാഷകന്‍ നല്‍കിയ ഹരജി പരിഗണിച്ച കോടതി വിഷയത്തില്‍ അടിയന്തരമായി വാദം കേള്‍ക്കാനാവില്ലെന്ന് വ്യക്തമാക്കി. ഇതില്‍ അടിയന്തരമായി ഇടപെടേണ്ട ആവശ്യമില്ല. ആദ്യഘട്ട നിയന്ത്രണം പൂര്‍ത്തിയാവട്ടെയെന്നും മാതൃകാപരമായ ഈ നടപടികളുമായി എല്ലാവരും സഹകരിക്കണമെന്നും ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ജനുവരി ഒന്നിന് ആരംഭിച്ച വാഹന നിയന്ത്രണം ഇന്നാണ് അവസാനിക്കുന്നത്.
മലിനീകരണം തടയാന്‍ സര്‍ക്കാര്‍ ചില നടപടികള്‍ എടുത്തു. വായു മലിനീകരണം മൂലം നിരവധി പേരാണ് ഡല്‍ഹിയില്‍ മരണപ്പെടുന്നത്. അതേസമയം, നിങ്ങള്‍ ഇതിനെ സര്‍ക്കാര്‍ പ്രശസ്തി ആഗ്രഹിച്ചാണ് ചെയ്യുന്നതെന്ന് പറയുന്നു. ഇത്തരം ഹരജികള്‍ മൂലം മലിനീകരണം തടയാനുള്ള നല്ല ശ്രമങ്ങള്‍ തടസ്സപ്പെടും. ഇതിനു കനത്ത വില നല്‍കേണ്ടി വരുമെന്നും ബെഞ്ച് കൂട്ടിച്ചേര്‍ത്തു.
ജഡ്ജിമാര്‍ വരെ നിയന്ത്രണത്തിന് വിധേയരായി കാര്‍ പൂളിങ് സംവിധാനമാണ് ഉപയോഗിക്കുന്നതെന്നും എന്നാല്‍, നിങ്ങ ള്‍ക്ക് ഇത് സഹായകരമല്ലേ എന്നും ഹരജിക്കാരനായ ബി ബദരീനാഥിനോട് കോടതി ചോദിച്ചു.
ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ എ കെ സിക്രി, ആര്‍ ബാനുമതി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
Next Story

RELATED STORIES

Share it